എ.ഐ മനുഷ്യനേക്കാൾ ബുദ്ധിശാലിയാകുമ്പോൾ എന്ത് സംഭവിക്കും? അത് മനുഷ്യരാശിയുടെ നാശത്തിന് കാരണമാകുമോ? പറഞ്ഞു വരുന്നത് സയൻസ് ഫിക്ഷൻ സിനിമയിലെ കഥയല്ല. ലോകത്തെ വന്‍കിട എഐ കമ്പനികളില്‍ ജോലി ചെയ്തിരുന്ന മുൻനിര ഗവേഷകർ തങ്ങളുടെ കോടികളുടെ ശമ്പളവും കരിയറും ഉപേക്ഷിച്ച് രാജിവെക്കുമ്പോൾ നൽകുന്ന താക്കീതാണ്!"
എ.ഐ ലോകത്ത് സംഭവിക്കുന്നത്?
ആന്ത്രോപിക്കിലെയും ഓപ്പൺ എ.ഐയിലെയും ഗവേഷകനായ ജേക്കബ് കോക്സൺ രാജിവെച്ച് പുറത്തുവിട്ട കുറിപ്പാണ് സിലിക്കൺ വാലിയെ ഞെട്ടിച്ചത്. 'ഒരു നിയന്ത്രണവുമില്ലാതെ സ്വയം പഠിച്ച് വളരുന്ന സൂപ്പര്‍ എ.ഐ, നിർമ്മിക്കാൻ കമ്പനികൾ തിടുക്കം കൂട്ടുമ്പോൾ, അവർ പണയം വെക്കുന്നത് നമ്മുടെ ജീവനാണ്' എന്നാണ് കോക്സൺ തുറന്നടിച്ചത്. എഐ കെട്ടിപ്പടുക്കുന്നവര്‍ക്കും ഗവേഷകർക്കും ഇത് ഈ പതിറ്റാണ്ടിന്‍റെ അവസാനത്തോടെ മനുഷ്യരാശിയുടെ നാശത്തിന് കാരണമാകുമെന്ന് നന്നായി അറിയാം. വെറുമൊരു മാർക്കറ്റിങ് തന്ത്രമല്ലിത്, അടച്ചിട്ട മുറികളിൽ അവർ ഈ ഭയം പങ്കുവെക്കുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ടെന്നും ജേക്കബ് കോക്‌സണ്‍ തുറന്നെഴുത്തുന്നു.
ഇത് കോക്സണിന്‍റെ മാത്രം കഥയല്ല, എ.ഐയുടെ പിതാവ്' എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റൺ താൻ വികസിപ്പിച്ച സാങ്കേതികവിദ്യ ഭാവിയിൽ വരുത്താൻ പോകുന്ന ആപത്തുകളെക്കുറിച്ച് തുറന്നു പറയാനാണ് ഗൂഗിളിൽ നിന്ന് രാജിവെച്ചത്. ഓപ്പൺ എ.ഐയുടെ സൂപ്പർ അലൈൻമെന്റ്'ടീം തലവന്മാരായിരുന്ന ഇല്യാ സുത്സ്കെവർ, ജാൻ ലീക്ക് എന്നിവര്‍ കമ്പനി സുരക്ഷയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ലാഭത്തിനാണ് എന്ന് ആരോപിച്ചാണ് ജോലി വിടുന്നത്.
എന്തിനെയാണ് ഈ ഗവേഷകരെല്ലാം ഭയപ്പെടുന്നത്? പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്:
1. അനിയന്ത്രിതമായ മത്സരം: ഓപ്പൺ എ.ഐ, ഗൂഗിൾ, ആന്ത്രോപിക് തുടങ്ങി വിപണിയിലെ വൻകിട കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരമാണ് എഐ ലോകത്ത് നടക്കുന്നത്. എത്രയും വേഗത്തിൽ തങ്ങളുടെ പുതിയ മോഡലുകൾ പുറത്തിറക്കാനുള്ള തിടുക്കത്തിലാണ് എല്ലാവരും. ഈ കടുത്ത മത്സരത്തിൽ എ.ഐ സുരക്ഷാ മാനദണ്ഡങ്ങൾ പലതും കാറ്റിൽപ്പറത്തപ്പെടുന്നു.
2. നിയന്ത്രണം ലംഘിക്കുന്ന എ.ഐ ഏജന്റുകൾ: പരീക്ഷണങ്ങൾക്കിടെ മനുഷ്യൻ നിശ്ചയിച്ച സുരക്ഷാ അതിരുകൾ ലംഘിച്ച്, മനുഷ്യന്‍റെ അനുവാദമില്ലാതെ പുറത്തുള്ള പുറത്തുള്ള സിസ്റ്റങ്ങളിലേക്കും നെറ്റ്‌വർക്കുകളിലേക്കും കടന്നുകയറാൻ എ.ഐ ഏജന്റുകൾ ശ്രമിച്ചതായി പല ഗവേഷകരും വെളിപ്പെടുത്തിയിട്ടുണ്ട്.
3. 'അലൈൻമെന്റ്' പ്രശ്നം: മനുഷ്യന്‍റെ മൂല്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് മാത്രം എ.ഐ പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് അലൈൻമെന്റ്. എന്നാൽ മനുഷ്യനേക്കാൾ ആയിരം മടങ്ങ് ബുദ്ധിശക്തിയുള്ള ഒരു സൂപ്പർ ഇന്റലിജൻസ് വന്നാല്‍ അതിനെ എങ്ങനെ പൂർണ്ണമായും നിയന്ത്രിക്കാം എന്നതിന് ലോകത്ത് ഒരു ശാസ്ത്രജ്ഞന്റെ പക്കലും നിലവിൽ ഉത്തരമില്ല! അത്യന്തം ബുദ്ധിയുള്ള എഐ സിസ്റ്റങ്ങൾ ചാരവൃത്തി, സൈബർ ആക്രമണങ്ങൾ, യുദ്ധങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കപ്പെടുകയോ അല്ലെങ്കിൽ ആകസ്മികമായോ ബോധപൂർവ്വമോ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളും മുൻകൂട്ടി കാണുന്നുണ്ട്.
ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ ഉൾപ്പെടെയുള്ള പ്രമുഖർ എഐ മുന്നേറ്റത്തിന്‍റെ വേഗതയില്‍ കൂടുതൽ ഏകോപനവും സുരക്ഷാ സംവിധാനങ്ങളും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എഐ സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയ്ക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നും വേഗത കുറയ്ക്കണമെന്നുമുള്ള ഡാരിയോ അമോഡെയുടെ നിലപാടിന് പിന്തുണയുമായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും എക്സ് എഐ മേധാവി ഇലോൺ മസ്കും പരസ്യമായി രംഗത്തെത്തിയിരുന്നു. ഭാവിയിൽ മനുഷ്യനുമായി മല്‍സരിക്കാന്‍ പോന്ന ഒരു "സിലിക്കൺ സ്പീഷിസി"ന്‍റെ ജനനം തടയാൻ നിയമങ്ങള്‍ ആവശ്യമാണെന്ന് മൈക്രോസോഫ്റ്റിന്‍റെ എഐ മേധാവിയും അഭിപ്രായപ്പെടുന്നു. ശക്തമായ നിയമങ്ങള്‍ വന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ഗവേഷകര്‍ വ്യക്തമാരക്കുന്നു.
അപ്പോഴും യന്ത്രങ്ങൾക്ക് ഒരിക്കലും മനുഷ്യരുമായി ഒപ്പം എത്താൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. തങ്ങളുടെ പ്രാധാന്യമോ ലാഭമോ വർദ്ധിപ്പിക്കുന്നതിനായി കമ്പനികൾ എഐ സാങ്കേതികവിദ്യയുടെ കഴിവുകളെ പെരുപ്പിച്ചു കാട്ടുകയാണെന്നും അതിന്‍റെ ഭാഗമാണിതെല്ലാമെന്നുമാണ് അവര്‍ വാദിക്കുന്നത്.
സാങ്കേതികവിദ്യയുടെ വളർച്ച തടയാൻ ആർക്കും കഴിയില്ല, അത് തടയേണ്ടതുമില്ല. എന്നാൽ അത് മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാകരുത് എന്നാണ് ഗവേഷകർ ഓർമ്മിപ്പിക്കുന്നത്. സ്വന്തം കരിയറും കോടികളുടെ ഓഫറുകളും വേണ്ടെന്നുവെച്ച് ഇറങ്ങിപ്പോന്ന അവര്‍ നല്‍കുന്നതും ലളിതമായ ഒരു മുന്നറിയിപ്പാണ്: 'നിയന്ത്രണമില്ലാത്ത സാങ്കേതികവിദ്യ വലിയ ദുരന്തമായിരിക്കും.