iswap-ai-arsenal
  • ചാറ്റ്ജിപിടി, ക്ലോഡ്, ജെമിനി, ഗ്രോക്ക്, മെറ്റാ എഐ, ഡീപ്സീക്ക് തുടങ്ങിയ മുൻനിര എഐ ടൂളുകള്‍ വിവിധ സൈനിക പ്രവർത്തനങ്ങൾക്കായി ഭീകരര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതായി ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്. സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും യുദ്ധസമയത്ത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാമും അതിന്റെ ഉപവിഭാഗങ്ങളും പ്രധാന സാങ്കേതിക കമ്പനികളിൽ നിന്നുള്ള എഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കേംബ്രിഡ്ജ് സർവകലാശാലയുടെ പുതിയ പഠനം പറയുന്നു. ബോക്കോ ഹറാമിന്റെ രണ്ട് വിഭാഗങ്ങളായ ഇസ്ലാമിക് സ്റ്റേറ്റ് അഫിലിയേറ്റായ വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP), ജമാഅത്ത് അഹ്‌ൽ അസ്-സുന്ന ലിദ്-ദഅ്വാ വാൾ-ജിഹാദ് (JAS) എന്നിവയിലെ 27 മുൻ അംഗങ്ങളുമായുള്ള അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകളെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. 

ചാറ്റ്ജിപിടി, ക്ലോഡ്, ജെമിനി, ഗ്രോക്ക്, മെറ്റാ എഐ, ഡീപ്സീക്ക് തുടങ്ങിയ മുൻനിര എഐ ടൂളുകള്‍ വിവിധ സൈനിക പ്രവർത്തനങ്ങൾക്കായി ഭീകരര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി പരിശീലനും നടന്നു. എഐ ടൂളുകളുടെ സുരക്ഷാ ക്രമീകരണങ്ങളെയും നിയന്ത്രണങ്ങളെയും മറികടന്ന് അവ എങ്ങനെ ഉപയോഗിക്കാമെന്ന് ഭീകരർക്കായി പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിച്ച് മുതിർന്ന ഭീകരർക്ക് ഇതിനുള്ള ക്ലാസുകൾ നൽകിയതായി മുൻ അംഗങ്ങൾ വെളിപ്പെടുത്തുന്നു.

കൈവശമുള്ള സാധനസാമഗ്രികൾ ഉപയോഗിച്ച് എങ്ങനെ ബോംബ് നിർമ്മിക്കാമെന്ന് എഐ ചാറ്റ്ബോട്ടുകളോട് ചോദിച്ച് മനസിലാക്കിയതായി മുൻ ബൊക്കോ ഹറാം കമാൻഡർമാർ പറയുന്നു. 'ബോംബ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ചോദിച്ചാൽ അത് കൃത്യമായി പറഞ്ഞുതരും, ഇതൊരു മനുഷ്യ റോബോട്ടിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്' എന്നാണ് മുന്‍ അംഗം വെളിപ്പെടുത്തിയത്. 

പരാജയപ്പെട്ട ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ദൃശ്യങ്ങളും എഐ സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്ത്, എവിടെയാണ് പിഴവ് സംഭവിച്ചതെന്നും ഭാവിയിൽ തന്ത്രങ്ങൾ എങ്ങനെ മാറ്റണമെന്നും ഇവർ വിലയിരുത്തി. കൂടാതെ, സ്ഫോടകവസ്തുക്കൾ വർഷിക്കുന്നതിനായി കൊമേഴ്സ്യൽ ഡ്രോണുകളെ പരിഷ്‌കരിക്കാനും എഐയുടെ സഹായം തേടിയിട്ടുണ്ട്.

എഐ സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയും സുരക്ഷാ സംവിധാനങ്ങളുടെ പഴുതുകളും ഭീകര സംഘടനകൾ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ ഗൗരവകരമായ ചിത്രമാണ് ഈ പഠനം പുറത്തുകൊണ്ടുവരുന്നത്. സാങ്കേതിക ലോകത്ത് ഇത് വലിയ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ENGLISH SUMMARY:

AI tools terrorism is a growing concern, as evidenced by a shocking study from Cambridge University. Terrorist groups like Boko Haram are reportedly using leading AI tools for activities such as making explosives and planning attacks.