മലയാളികൾക്ക് പരസ്പരം മിണ്ടാനും പറഞ്ഞുമിരിക്കാനും ഒരു പുതിയ ഇടമൊരുക്കി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് 'ലൈവ് കേരള' എന്ന 3D മൾട്ടിപ്ലെയർ വെബ് ഗെയിം. ചാറ്റ് ജിപിടിയുടെ പുതിയ മോഡലായ ജിപിടി ആസ്ത്ര (GPT Astra) ഉപയോഗിച്ച് ലളിതമായ പ്രോംപ്റ്റുകളിലൂടെ കോഴിക്കോട് മുക്കം സ്വദേശിയായ എം. ദിൽബറാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. ഗെയിമിന് പിന്നിലെ വിശേഷങ്ങൾ ദിൽബർ മനോരമ ന്യൂസ്.കോമുമായി പങ്കുവയ്ക്കുന്നു.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ ഭൂപ്രകൃതിയിലൂടെ ആളുകൾക്ക് നടന്നു കണ്ടുമുട്ടാനും ആശയവിനിമയം നടത്താനും സാധിക്കുന്ന മൾട്ടിപ്ലെയർ 3D വെബ് ഗെയിമാണ് ദിൽബർ നിർമിച്ചത്. ജിപിടി ആസ്ട്രയുടെ സാധ്യതകള്‍ പരിശോധിക്കുന്നതിലൂടെയാണ് ഗെയിമിന്റെ ആദ്യ രൂപത്തിലേക്ക് എത്തുന്നതെന്ന് ദിൽബർ പറയുന്നു.
3D മോഡലില്‍ നിന്ന് ഗെയിമിലേക്ക്
ജിപിടി ആസ്ത്രയുടെ 3D മോഡലിങ് സാധ്യതകൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഓപ്പൺ സ്ട്രീറ്റ് മാപ്സിൽ (Open Street Maps) നിന്നുള്ള ഡാറ്റ ഉപയോഗിച്ച് കോഴിക്കോട് സിറ്റിയുടെ കൃത്യതയുള്ള 3D മാപ്പാണ് ദിൽബർ ആദ്യം നിർമിച്ചത്. ഇതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ, ഈ മാപ്പിനെ ഒരു ഗെയിം രൂപത്തിലാക്കിയാൽ 1000 ഡോളർ തരാമെന്ന് തമാശരൂപേണ ഒരു ഫോളോവർ കമന്റ് ചെയ്യുകയായിരുന്നു. ഈ കമന്റ് ഒരു വെല്ലുവിളിയായി ഏറ്റെടുത്താണ് ദിൽബർ തൊട്ടടുത്ത ദിവസം തന്നെ ഗെയിം തയാറാക്കിയത്. കമന്റിനെ ഒരു കണ്ടൻറാക്കാം എന്ന ആലോചനയിലാണ് ഗെയിമിലേക്ക് എത്തിയതെന്ന് ദിൽബർ പറയുന്നു.
മിണ്ടിയും പറഞ്ഞും നടക്കാം
ഗെയിമിൽ പ്രവേശിക്കുമ്പോൾ ഉപയോക്താക്കൾക്ക് തങ്ങളുടെ പേരും ജില്ലയും നൽകാം. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ആളുകൾക്ക് ഗെയിമിലൂടെ കണ്ടുമുട്ടാനും ആശയവിനിമയം നടത്താനും സാധിക്കും. ഉപയോക്താക്കളുടെ ആവശ്യപ്രകാരം അടുത്തിടെ ഇതിൽ വോയിസ് ചാറ്റ് സൗകര്യവും ഉൾപ്പെടുത്തി.കാസർഗോഡ് തൊട്ട് തിരുവനന്തപുരം വരെയുള്ള ജില്ലകളെ ഉള്‍പ്പെടുത്തി അതില്‍ പ്രധാനപ്പെട്ട പാതകൾ, ഡാം അങ്ങനെ കുറച്ചു സംഭവങ്ങൾ ചേരുന്ന സിമ്പിൾ ലാൻഡ്‌സ്‌കേപ്പാണ് ഗെയിമിൽ ആദ്യമുണ്ടാക്കിയത്. തുടർന്ന് ഓരോ ചിന്തകളെ ഓരോ അപ്ഡേറ്റുകളാക്കി ഗെയിം വികസിപ്പിക്കുകയായിരുന്നു.
'മൾട്ടിപ്ലെയർ ആകുമ്പോൾ അടിപൊളിയായിരിക്കുമല്ലോ എന്ന് തോന്നി. അപ്പോ ഞാൻ അത് മൾട്ടിപ്ലെയർ ആക്കി നോക്കി. അപ്പോ നല്ല രസമുണ്ട്, വേറെ ആൾക്കാരെ കാണാം. ജില്ല വെച്ച് നോക്കുമ്പോൾ ആൾക്കാർക്ക് കുറച്ചുകൂടെ താൽപര്യം വരാം എന്ന് തോന്നി. ജോയിൻ ചെയ്യുമ്പോൾ ജില്ലയും അവരുടെ പേരും കൊടുക്കാം എന്ന് അപ്ഡേറ്റ് വരുന്നത് അങ്ങനെയാണ്' ദില്‍ബര്‍ പറയുന്നു.
ഗെയിമിലെ പുതിയ അപ്ഡേറ്റാണ് വോയിസ് ചാറ്റ്. ഗെയിമിൽ വരുത്തേണ്ട അപ്ഡേറ്റുകളെ പറ്റി ചോദിച്ച് വിഡിയോ ചെയ്തിരുന്നു. അതിൽ വന്ന ആവശ്യമായിരുന്നു വോയിസ് ചാറ്റ് വേണമെന്നത്. സുരക്ഷ കണക്കിലെടുത്ത് വോയിസ് ചാറ്റ് ഉപയോഗിക്കാൻ ജിമെയിൽ (Gmail) ലോഗിൻ നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, അപകീർത്തികരമായ രീതിയിൽ സംസാരിക്കുന്നവരെ ഉപയോക്താക്കൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്താൽ അവരെ ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദില്‍ബര്‍ കൂട്ടിച്ചേര്‍ത്തു.
ട്രെന്‍ഡായി, വെബ്സൈറ്റ് ക്രാഷായി
ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ദില്‍ബര്‍ ട്രിച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഗെയിമിന്റെ നിർമിക്കുന്നത്. മണിക്കൂറുകള്‍ കൊണ്ട് ലളിതമായ പ്രോംപ്റ്റുകള്‍ വഴി ഗെയിം നിര്‍മിക്കാന്‍ ആസ്ട്രയിലൂടെ സാധിക്കുമെന്ന് ദില്‍ബര്‍ പറയുന്നു. ചെറിയൊരു സെർവറിൽ ഹോസ്റ്റ് ചെയ്തിരുന്ന ഗെയിം വൈറലായതോടെ വലിയ തിരക്ക് അനുഭവപ്പെടുകയും സൈറ്റ് ക്രാഷാകുകയും ചെയ്തു. ഇതോടെ പുതിയൊരു വലിയ സെര്‍വറിലേക്ക് ഗെയിമിനെ മാറ്റി. 24 മണിക്കൂറിനുള്ളിൽ ഒൻപത് ലക്ഷത്തിലധികം (1 മില്യൺ) റിക്വസ്റ്റുകളാണ് ലഭിച്ചത്. ഒരു ലക്ഷത്തോളം വ്യത്യസ്ത ഉപയോക്താക്കളാണ് വെബ്സൈറ്റിലെത്തിയത്.
എങ്ങനെ ഗെയിം കളിക്കാം
എപ്പോഴും അഞ്ഞൂറിലധികം ആളുകൾ ഗെയിമിൽ സജീവമാണ്. kerala.dhilber.com എന്ന വെബ്സൈറ്റിൽ കയറി ഗെയിം കളിക്കാം. പേരും ജില്ലയും നൽകി ഗെയിമിലേക്ക് പ്രവേശിക്കാം. വോയിസ് ചാറ്റ് സൌകര്യം വേണമെങ്കിൽ ജിമെയിൽ വഴി സൈൻ ഇൻ ചെയ്യണം . ഗെയിമിനുള്ളിൽ ഓരോരുത്തരെ ഓരോ കാരക്ടറായി കാണാം. വിവിദ ജില്ലകളിൽ നിന്നുഴ്ഴ ആളുകളുമായി ഒന്നിച്ച് കൂടാനും സംസാരിക്കാനും ചാറ്റ് ചെയ്യാനും സാധിക്കും. മാപ്പിൽ ആളുടെ അരികിലെത്തുമ്പോള് ചാറ്റിനുള്ള സൌകര്യം ലഭിക്കും.
ഗെയിമിൽ നടക്കുന്നതിനൊപ്പം ബൈക്ക്, കാർ, ബസ് തുടങ്ങിയ വാഹനങ്ങൾ ഓടിക്കാനും, പഴങ്ങൾ, തേങ്ങ, കുട തുടങ്ങിയവ ശേഖരിച്ച് പോയിന്റുകൾ നേടാനും ചൂണ്ടയിടാനുമുള്ള സൗകര്യങ്ങളുണ്ട്. വരുംദിവസങ്ങളിൽ മികച്ച ഗ്രാഫിക്സും കൂടുതൽ ആക്ടിവിറ്റികളും ഉൾപ്പെടുത്തി ഗെയിം വിപുലീകരിക്കാനാണ് ദിൽബറിന്റെ തീരുമാനം.