താമസിക്കാൻ ഒരു വീട് കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അതിന് ശ്രമിച്ചിട്ടുള്ളവർക്ക് നന്നായി അറിയാം. വാടക ഒത്താൽ സൗകര്യങ്ങൾ കുറയും; സൗകര്യങ്ങൾ ഒത്താൽ സ്ഥലമിഷ്ടപ്പെടില്ല. ഇത്തരത്തിൽ ഒട്ടേറെ വെല്ലുവിളികൾക്കിടയിൽ വീട് അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ട് പുതിയൊരു തട്ടിപ്പ് രീതി പ്രചരിക്കുകയാണ്.
എഐ യുടെ സഹായത്തോടെയാണ് തട്ടിപ്പുസംഘങ്ങൾ ഈ തട്ടിപ്പ് നടത്തുന്നത്. ഓൺലൈനിലാണ് ഇവരുടെ പ്രധാന പ്രവർത്തനം. യഥാർഥത്തിൽ ഇല്ലാത്ത വീടുകളുടെയും പ്രോപ്പർട്ടികളുടെയും ചിത്രങ്ങൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ശേഷം അവ ഓൺലൈൻ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോമുകളിൽ പരസ്യമായി നൽകുകയാണ് ഇവർ ചെയ്യുന്നത്. പ്രോപ്പർട്ടിയുടെ രേഖകൾ പോലും എഐയുടെ സഹായത്തോടെ വിശ്വസനീയമായി തയ്യാറാക്കുന്നുണ്ട്.
പരസ്യം കണ്ട് താൽപര്യമുള്ളവർ ബന്ധപ്പെടുമ്പോൾ മറുപടി നൽകുന്നതും പലപ്പോഴും എഐ സംവിധാനങ്ങളാണ്. ചാറ്റ് ചെയ്താൽ ചാറ്റ്ബോട്ടുകളും ഫോൺ വിളിച്ചാൽ എഐ അധിഷ്ഠിത കോൾ സംവിധാനങ്ങളുമാണ് മറുപടി നൽകുക. ഒരേസമയം നിരവധി പേരുമായി ആശയവിനിമയം നടത്താൻ കഴിയുന്ന സംവിധാനങ്ങളാണ് തട്ടിപ്പുകാർ ഇതിനായി ഉപയോഗിക്കുന്നത്.
തുടർന്ന് വീടിന് ആവശ്യക്കാർ ഏറെയാണെന്നും ഉടൻ അഡ്വാൻസോ ടോക്കൺ തുകയോ നൽകിയാൽ മാത്രമേ വീട് ഉറപ്പാക്കാനാകൂ എന്നും വിശ്വസിപ്പിക്കും. എന്നാൽ പണം കൈമാറിയ ഉടൻ തന്നെ ആ വീടിന്റെ വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമാകും. പിന്നീട് നൽകിയ ഫോൺ നമ്പരിൽ ബന്ധപ്പെടാനും സാധിക്കില്ല.
ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ പണം കൈമാറുന്നതിന് മുമ്പ് പ്രോപ്പർട്ടിയുടെ ആധികാരികത ഉറപ്പാക്കുകയും രേഖകൾ വിശദമായി പരിശോധിക്കുകയും ചെയ്യുന്നത് അത്യാവശ്യമാണ്. പണം അയയ്ക്കാൻ ആവശ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടിന്റെ വിശ്വാസ്യതയും മുൻകൂട്ടി പരിശോധിക്കേണ്ടതാണ്.