ലോകത്തിലെ ഏറ്റവും ധനികനായ AI സ്റ്റാർട്ടപ്പ് സ്ഥാപകരുടെ പട്ടികയില്‍ ഒന്നാമനായി ഇടംപിടിച്ച് ഡീപ്‌സീക്കിന്റെ സിഇഒയും സഹസ്ഥാപകനുമായ ലിയാങ് വെൻഫെങ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ പ്രമുഖ കമ്പനിയായ ഡീപ്‌സീക്കിന്റെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ട് അവസാനിച്ചതോടെയാണ് ഈ നേട്ടത്തില്‍ ലിയാങ് വെൻഫെങ് എത്തിയത്. അദ്ദേഹത്തിന്റെ നിലവിലെ ആസ്തി 36 ബില്യൺ ഡോളറാണ്. ആന്ത്രോപിക്സിന്റെ ഡാരിയോ അമോഡെയേയും ഓപ്പൺAIയുടെ ഗ്രെഗ് ബ്രോക്ക്മാനേയും പിന്നിലാക്കിയാണ് വെൻഫെങ് പട്ടികയില്‍ മുന്നിലെത്തിയത്. 

ഒരൊറ്റ രാത്രികൊണ്ടാണ് വെൻഫെങ്ങിന്റെ ആസ്തി ഇരട്ടിയിലധികമായി വർദ്ധിച്ചതെന്ന് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു. പുതിയ ഫണ്ടിംഗിന് മുൻപ് ഏകദേശം 1.67 ലക്ഷം കോടി രൂപ ആയിരുന്ന വെൻഫെങ്ങിന്റെ ആസ്തി ഫണ്ടിംഗ് പൂർത്തിയായതോടെ ഏകദേശം 3.6 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു. AI രംഗത്തെ വമ്പൻ സ്രാവുകളായ ഓപ്പൺAI, ആന്ത്രോപിക് തുടങ്ങിയ കമ്പനികളുടെ സ്ഥാപകരെപ്പോലും ബഹുദൂരം പിന്നിലാക്കിയാണ് ലിയാങ് വെൻഫെങ്ങിന്റെ ഈ കുതിപ്പ് എന്നതും ഏറെ ശ്രദ്ധേയമാണ്. 

ലിയാങ് വെൻഫെങ്: ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷാൻജിയാങ്ങിൽ 1985ലാണ് ലിയാങ് വെൻഫെങ് ജനിച്ചത്. ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് ലിയാങ് വെൻഫെങ്ങിന്‍റേത്. ഷെജിയാങ് സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും വെൻഫെങ് നേടി. തുടർന്ന് ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ് മേഖലയിലാണ് അദ്ദേഹം തന്റെ കരിയർ കെട്ടിപ്പടുത്തത്. സാമ്പത്തിക രംഗത്തെ ഈ വലിയ പരിചയസമ്പത്താണ് പിൽക്കാലത്ത് AI സാങ്കേതികവിദ്യയിലേക്ക് തിരിയാനും ഡീപ്സീക് എന്ന വൻവിജയമായി മാറിയ സ്റ്റാർട്ടപ്പിന് തുടക്കമിടാനും അദ്ദേഹത്തിന് കരുത്തായത്.

ENGLISH SUMMARY:

Liang Wenfeng has become the richest AI startup founder, surpassing prominent figures in the artificial intelligence world. This significant achievement comes after the latest funding round for his company, DeepSeek, which has propelled his net worth to an astonishing $36 billion.