nano-banana-pro

Image credit : X account/ @HazelMind_1

ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ ടൂൾ നാനോ ബനാന പ്രോ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. ഇമേജ് ജനറേഷൻ മോഡലായ നാനോ ബനാന പ്രോ നിർമ്മിക്കുന്ന ചിത്രങ്ങൾ യഥാർഥ ഫോട്ടോകളെ വെല്ലുന്ന തരത്തിലുള്ളവ ആയതിനാലാണ്  അതിവേഗം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായത്. എന്നാലിപ്പോൾ റിയാലിസ്റ്റിക്ക് ഫോട്ടോ നിർമ്മാണം മാത്രമല്ല, നാനോ ബനാന പ്രോയുടെ മറ്റ് സവിശേഷതകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കൾ. 

മനുഷ്യന്റേതുപോലെ തോന്നുന്ന കൈയെഴുത്ത്, ചരിത്ര സംഭവങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള കഴിവ് എന്നിവയാണ് നാനോ ബനാന പ്രോയുടെ ഇപ്പോൾ ശ്രദ്ധേയമാകുന്ന സവിശേഷതകൾ. ഗൂഗിളിന്റെ തന്നെ ഏറ്റവും പുതിയ ജെമിനി 3 പ്രോ എന്ന ഫൗണ്ടേഷണൽ മോഡലിൻ്റെ കരുത്തിലാണ് നാനോ ബനാന പ്രോ പ്രവർത്തിക്കുന്നത്. മുൻഗാമിയായ നാനോ ബനാനയേക്കാൾ (ജെമിനി 2.5) ബഹുദൂരം മുന്നിലാണ് മൾട്ടിമോഡൽ റീസണിങ് ശേഷിയുള്ള ഈ മോഡലെന്നാണ് ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

വിദ്യാർത്ഥിയുടെ കൃത്യമായ കൈയക്ഷരത്തിൽ ഗൃഹപാഠം പൂർത്തിയാക്കാനുള്ള കഴിവിലൂടെയാണ് ഈ എഐ ടൂൾ ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്നത്. മനുഷ്യന്റേതുപോലെ തോന്നുന്ന കൈയെഴുത്താണ് നാനോ ബനാന പ്രോ നൽകുന്നത്. എഴുത്ത് യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്നതിനായി ഇത് ഡയഗ്രമുകൾ, സ്കെച്ചുകൾ, ചെറിയ ഡൂഡിലുകൾ എന്നിവ പോലും ചേർക്കുന്നു. വാക്കുകൾക്കിടയിൽ സ്പേസ് നൽകിയും ഖണ്ഡിക തിരിച്ചുമൊക്കെയുള്ള കയ്യെഴുത്ത് ഒറിജിനലിനെ വെല്ലുന്നതാണെന്നാണ് ഉപയോക്താക്കൾ പറയുന്നത്. 

പിഡിഎഫ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന തരത്തിൽ റിസൾട്ട് നൽകുന്ന ടൂൾ അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കയാണ്. മാത്രമല്ല, ചരിത്രം പഠിക്കാനും കൂടെ കൂട്ടാവുന്ന ഒരു എഐ ടൂളാണിത്. സ്ഥലവും തീയതിയും നൽകിയാൽ ആ സമയത്ത് ആ സ്ഥലത്ത് ഉണ്ടായ സംഭവം ചിത്രങ്ങളിലൂടെ നാനോ ബനാന പ്രോ സൃഷ്ടിക്കും.

ഏതൊരു ഫോട്ടോയിൽ നിന്നും ബ്ലൂപ്രിന്റ് സൃഷ്ടിക്കാൻ നാനോ ബനാന പ്രോയ്ക്ക് കഴിയും. പ്രശസ്തമായ ഒരു ലാൻഡ്‌മാർക്കോ, വാഹനമോ, നൽകിയാൽ വരകൾ, ലേബലുകൾ, അടയാളങ്ങൾ, ഡയഗ്രമുകൾ എന്നിവയിലൂടെ നാനോ ഒരു ഇൻഫോഗ്രാഫിക് സൃഷ്ട്ടിക്കും. കുറ്റമറ്റ 4K പോർട്രെയ്റ്റുകൾ, വിന്റേജ് വസ്ത്രങ്ങൾ, മിനിയേച്ചർ 3D പോലുള്ള രൂപങ്ങൾ എന്നിവയിലൂടെ കൂടുതൽ ഉപയോക്താക്കളെ കീഴടക്കികൊണ്ടിരിക്കയാണ് നാനോ ബനാന പ്രോ. 

ENGLISH SUMMARY:

Nano Banana Pro is Google's latest AI tool, quickly trending on social media. This AI image generation model is known for creating realistic photos and recreating historical events and handwriting in human-like ways.