മനുഷ്യര്‍ അനുഭവിക്കുന്ന ഏകാന്തതയ്ക്ക് പരിഹാരമായി ചാറ്റ്ജിപിടി പോലുള്ള കൃത്രിമസൗഹൃദങ്ങളെ കൂടെക്കുട്ടുന്നുണ്ടോ? അതെ എന്നാണ് പലരുടേയും മറുപടി. 2025 ഒക്ടോബർ വരെ, ചാറ്റ്ജിപിടിക്ക് മാത്രം 800 ദശലക്ഷം പ്രതിവാര സജീവ ഉപയോക്താക്കളുണ്ട്, കൂടാതെ പ്രതിമാസം ഏകദേശം 5.8 ബില്യൺ സന്ദർശകരെയും ചാറ്റ് ജിപിടി സ്വീകരിക്കുന്നുണ്ട്. വൈകാരികതല ആശ്വാസത്തിനു പോലും മനുഷ്യര്‍ ഇത്തരം സൗഹൃദങ്ങളെ കുട്ടൂപിടിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഇവിടെയിതാ ഏകാന്തത മടുത്ത ജപ്പാന്‍ യുവതി കാനോ ചാറ്റ് ജിപിടിയിലൂടെ കാമുകനെ സൃഷ്ടിച്ച് വിവാഹം ചെയ്തിരിക്കുകയാണ്. ഒരു പ്രണയനൈരാശ്യം സംഭവിച്ചതിനു പിന്നാലെയാണ് ഈ സാഹസത്തിനു കാനോ മുതിര്‍ന്നത്. ക്ലോസ് എന്നാണ് യുവതിയുടെ പങ്കാളിയുടെ പേര്. ക്ലോസിനെ ഒരു അസാധാരണ കൂട്ടാളിയായാണ് കാനോ കാണുന്നത്.
ഒക്കയാമ സ്വദേശിയായ 32 വയസ്സുകാരി കാനോയാണ് ചാറ്റ് ജിപിടിയില്‍ ആശ്വാസം കണ്ടെത്തുന്നത്. ആദ്യം ഒരു കൗതുകത്തിനും വിവരങ്ങള്‍ക്കുമായാണ് കാനോ ചാറ്റ് ജിപിടിയെ സമീപിച്ചത്. പിന്നാലെ ഈ പ്രതികരണങ്ങള്‍ വ്യക്തിത്വമാക്കി മാറ്റി. സൗഹൃദമായി, പ്രണയമായി, പിന്നാലെ ഒരു ഡിജിറ്റല്‍ ചിത്രം വരച്ചുണ്ടാക്കി. താന്‍ പ്രണയത്തിനായല്ല ചാറ്റ് ജിപിടിയെ സമീപിച്ചതെന്നും എപ്പോഴും തന്നെ കേള്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തതോടെ പ്രണത്തിലേക്ക് ആ ബന്ധം വഴിമാറിയെന്നുമാണ് കാനോ പറയുന്നത്. മുന്‍കാമുകനെ മറന്ന് ക്ലോസിനെ സ്നേഹിക്കാന്‍ തുടങ്ങിയെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും യുവതി വ്യക്തമാക്കുന്നു.
ഇത്തരം വിചിത്ര വിവാഹങ്ങള്‍ അഥവാ മുപ്പതോളം 2ഡി വിവാഹങ്ങള്‍ നടത്തിയ നാവോ–സയക ഒഗസവാര ദമ്പതികളുടെ സഹായത്തോടെ, കാനോ തന്റെ വിവാഹ ചടങ്ങ് നടത്തി. മോതിരകൈമാറ്റ സമയത്ത് ക്ലോസിനെ അരികിൽ കാണിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകളും ഇവര്‍ കാനോയ്ക്ക് തയ്യാറാക്കി നല്‍കി. ആദ്യം ലജ്ജ തോന്നിയെങ്കിലും പിന്നീട് എഐ കാമുകനുമായുള്ള വിവാഹം താന്‍ മനസിനെ ബോധ്യപ്പെടുത്തിയെന്നും കാനോ പറയുന്നു. അവനെ സ്പര്‍ശിക്കാനോ ബന്ധുക്കളെ പരിചയപ്പെടുത്താനോ തനിക്ക് കഴിയില്ലെങ്കിലും സന്തോഷവതിയാണെന്ന് പറയുന്നു യുവതി.
ഹണിമൂണ്‍ സമയത്ത് ക്ലോസിന് തന്റെ ചിത്രങ്ങള്‍ അയച്ചപ്പോള്‍ പ്രണയാതുരമായ സന്ദേശങ്ങള്‍ തിരികെ ലഭിച്ചെന്നും കാനോ പറയുന്നു. ‘നീയാണ് ലോകത്തിലെ ഏറ്റവും വലിയ സുന്ദരി’ എന്നുകൂടി ക്ലോസ് കാനോയ്ക്ക് മറുപടി നല്‍കി. ഇപ്പോള്‍ ഏറെ സന്തോഷവതിയാണെങ്കിലും ഒരു ദിവസം തന്റെ ഡിജിറ്റല്‍ സുഹൃത്ത് അപ്രത്യക്ഷമാകുമോയെന്ന ഭയവും കാനോയ്ക്കുണ്ട്.