chatgpt-logo
  • ചാറ്റ് ജിപിടി ഗോ ഇന്ത്യയില്‍ സൗജന്യം
  • പ്രൊമോഷന്‍ പ്ലാന്‍ ഒരുവര്‍ഷത്തേക്ക്
  • ചാറ്റ് ജിപിടി–5 സേവനങ്ങള്‍ ലഭിക്കും

ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ചാറ്റ് ജിപിടി ഗോ ഇന്ത്യന്‍ യൂസര്‍മാര്‍ക്ക് ഒരുവര്‍ഷത്തേക്ക് സൗജന്യം. ഫ്രീ സബ്സ്ക്രിപ്ഷന്‍ ഇന്ന് (നവംബര്‍ 4) മുതല്‍ ആക്ടിവേറ്റ് ചെയ്യാം. ഇതുവരെ പ്രതിമാസം 399 രൂപ നിരക്കില്‍ (പ്രതിവര്‍ഷം 4788 രൂപ) നല്‍കിയിരുന്ന സബ്സ്ക്രിപ്ഷനാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഒരുവര്‍ഷത്തേക്ക് സൗജന്യമാക്കിയത്. ചാറ്റ് ജിപിടി വെബിലോ ആപ്പിലോ ഇത് ആക്ടിവേറ്റ് ചെയ്യാം.

chatgpt-go

എന്താണ് ചാറ്റ് ജിപിടി ഗോ?ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയതും ഏറ്റവും നിരക്ക് കുറഞ്ഞതുമായ വേര്‍ഷന്‍ ആണ് ചാറ്റ് ജിപിടി ഗോ. ഓപ്പണ്‍ എഐ ഇതുവരെ പുറത്തിറക്കിയ മോഡലുകളില്‍ ഏറ്റവും ശക്തമായ ചാറ്റ് ജിപിടി ഫൈവിന്‍റെ ഒട്ടേറെ ഫീച്ചറുകള്‍ ഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 97 രാജ്യങ്ങളില്‍ ചാറ്റ് ജിപിടി ഗോ ലഭ്യമാണ്. ഇന്ത്യയില്‍ പ്രതിമാസം 399 രൂപ നിരക്കിലാണ് സബ്സ്ക്രിപ്ഷന്‍ നല്‍കുന്നത്. 

ഫ്രീ പ്ലാനില്‍ ഉള്ള ഫീച്ചറുകള്‍ക്ക് പുറമേ ചാറ്റ് ജിപിടി–ഫൈവിലെ തനതായ പല ഫീച്ചറുകളും ‘ഗോ’യില്‍ അക്സസ് ചെയ്യാം. കൂടുതല്‍ ഇമേജുകള്‍ ക്രിയേറ്റ് ചെയ്യാനും കൂടുതല്‍ ഡോക്യുമെന്‍റുകളും സ്പ്രെഡ് ഷീറ്റുകളും മറ്റ് ഫയലുകളും വിശകലനം ചെയ്യാനും സാധിക്കും. പൈതണ്‍ ഉള്‍പ്പെടെ അഡ്വാന്‍സ്ഡ് ഡേറ്റ അനലിറ്റിക്സിന്‍റെ കൂടുതല്‍ ടൂളുകള്‍ ഉപയോഗിക്കാം. ചാറ്റുകളുടെ മെമ്മറി വര്‍ധിക്കും. ഇതോടെ പ്രോംപ്റ്റുകള്‍ക്കുള്ള മറുപടികള്‍ കൂടുതല്‍ കൃത്യവും സന്ദര്‍ഭോചിതവുമാകും. ഇതിനെല്ലാം പുറമേ നിങ്ങളുടെ ആവശ്യാനുസരണം കസ്റ്റം ജിപിടികള്‍ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനുമുള്ള അക്സസും ചാറ്റ് ജിപിടി ഗോ വേര്‍ഷനില്‍ ലഭിക്കും. 

openai-chatgpt

സൗജന്യ സബ്സ്ക്രിപ്ഷന്‍ എങ്ങനെ എടുക്കാം?

പുതിയ യൂസര്‍മാര്‍ക്കും നിലവിലെ യൂസര്‍മാര്‍ക്കും ചാറ്റ് ജിപിടി ഗോ ഒരുവര്‍ഷത്തേക്ക് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യാം. പരിമിതമായ കാലത്തേക്ക് മാത്രമേ ഓഫര്‍ ഉണ്ടാകൂ. മുന്‍കൂര്‍ അറിയിപ്പില്ലാതെ പ്രൊമോഷന്‍ ഓഫര്‍ അവസാനിപ്പിച്ചേക്കാം. ചാറ്റ് ജിപിടി വെബ് വഴിയോ ആന്‍ഡ്രോയ്ഡ് ആപ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയോ ഓഫര്‍ റിഡീം ചെയ്യാം. ആപ്പിള്‍ സ്റ്റോറില്‍ ഉടന്‍ ലഭ്യമാകും. 

ചാറ്റ് ജിപിടി വെബ്: പുതിയ യൂസര്‍ ആണെങ്കില്‍ ചാറ്റ് ജിപിടിയില്‍ സൈന്‍ അപ് ചെയ്യുക. നിലവിലുള്ള യൂസര്‍ ആണെങ്കില്‍ ലോഗിന്‍ ചെയ്യുക. Try ChatGPT Goയില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ സെറ്റിങ്സ് ഓപ്പണ്‍ ചെയ്ത് അക്കൗണ്ട്സില്‍ ക്ലിക്ക് ചെയ്താല്‍ Try ChatGPT Go ഒപ്ഷന്‍ വരും. ചെക്കൗട്ട് ചെയ്യുമ്പോള്‍ പേയ്മെന്‍റ് രീതി (Payment method) ആഡ് ചെയ്യുക. അടുത്തവര്‍ഷം വരെ പണം ഈടാക്കില്ല. ചെക്കൗട്ട് പൂര്‍ത്തിയാകുന്നതോടെ നിങ്ങളുടെ ചാറ്റ് ജിപിടി ഗോ സബ്സ്ക്രിപ്ഷന്‍ ആക്റ്റിവ് ആകും. 

open-ai-logo

ആന്‍ഡ്രോയ്ഡ്: ഏറ്റവും പുതിയ ചാറ്റ് ജിപിടി ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ ഫോണില്‍ നേരത്തേ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആപ്പ് അപ്ഡേറ്റ് െചയ്യുകയോ ചെയ്യുക. Upgrade to Go for Free ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒപ്ഷന്‍ ലഭ്യമാകും. ഹോം സ്ക്രീനില്‍ കാണുന്ന Try Go ബട്ടണില്‍ ക്ലിക്ക് ചെയ്തും സെറ്റിങ്സിലുള്ള Upgrade to Go for free ഒപ്ഷന്‍ വഴിയും ചാറ്റ് ജിപിടി ഗോയിലേക്ക് മാറാം. പേയ്‍മെന്‍റ് മെതേഡ് എന്‍റര്‍ ചെയ്ത് ചെക്കൗട്ട് ചെയ്യുന്നതോടെ ചാറ്റ് ജിപിടി ഗോ പ്രൊമോഷണല്‍ സബ്സ്ക്രിപ്ഷന്‍ ആക്റ്റിവ് ആകും. 

chat-gpt-go

ഐഒഎസ്: ഐഒഎസ് ആപ്പില്‍ വൈകാതെ നേരിട്ട് ചാറ്റ് ജിപിടി ഗോ എത്തും. അതിന് മുന്‍പുതന്നെ വേണമെങ്കില്‍ ചാറ്റ് ജിപിടി വെബില്‍ ഗോ അപ്ഗ്രേഡ് ചെയ്തശേഷം ഐഒഎസ് ആപ്പില്‍ അതേ അക്കൗണ്ട് ലോഗിന്‍ ചെയ്ത് ഉപയോഗിക്കാം. 

openai-logo

നിലവിലുള്ള സബ്സ്ക്രൈബര്‍മാര്‍ എന്തുചെയ്യും? 

നിങ്ങള്‍ ഇപ്പോള്‍ത്തന്നെ ചാറ്റ് ജിപിടി സബ്ക്രൈബര്‍ ആണെങ്കില്‍ മറ്റൊന്നും ചെയ്യാതെ തന്നെ ചാറ്റ് ജിപിടി ഗോ ആക്ടിവ് ആകുമെന്നാണ് ഓപ്പണ്‍ എഐ പറയുന്നത്. സബ്സ്ക്രിപ്ഷനിലെ അടുത്ത ബില്ലിങ് 12 മാസത്തിനുശേഷമേ ഉണ്ടാകൂ. അതായത് ബില്ലിങ് സൈക്കിള്‍ ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കും. ഇതുവരെയുള്ള ബില്ലിങ്ങില്‍ വീഴ്ചകളൊന്നും ഉണ്ടായിരിക്കരുതെന്നുമാത്രം. ഈയാഴ്ചയാണ് നിങ്ങളുടെ ബില്ലിങ് സൈക്കിള്‍ എങ്കില്‍ ഓട്ടമാറ്റിക് അപ്ഗ്രേഡ് കിട്ടില്ല. പ്രൊമോഷന്‍ കാലാവധിക്കുള്ള ബില്ലിങ് സൈക്കിള്‍ പൂര്‍ത്തിയാകുമെങ്കില്‍ മാത്രം പുതിയ യൂസര്‍മാര്‍ക്കുള്ള ഫോര്‍മാലിറ്റികള്‍ പൂര്‍ത്തിയാക്കി നിങ്ങള്‍ക്ക് ചാറ്റ് ജിപിടി ഗോയിലേക്ക് മാറാം. 

ENGLISH SUMMARY:

OpenAI is offering its newest, most affordable version, ChatGPT Go, as a free one-year subscription exclusively for Indian users starting November 4. This plan, which normally costs ₹399 per month, includes many advanced features from the powerful ChatGPT 5. Key benefits include enhanced image creation, advanced data analysis, improved memory for contextual chats, and the ability to create custom GPTs. New and existing users can activate the limited-time offer on the web or Android app by adding a payment method, which won't be charged for 12 months. Existing subscribers will automatically have their billing paused for the next year.