chat-gpt-file

TOPICS COVERED

മുതിർന്ന ഉപയോക്താക്കൾക്ക് ലൈംഗിക ഉള്ളടക്കം അനുവദിക്കുന്നത് ഉൾപ്പെടെ, ചാറ്റ്ജിപിടിയുടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ഓപ്പണ്‍ എഐ സിഇഒ സാം ആൾട്ട്മാൻ. എന്നാല്‍ കൃത്യമായ പ്രായ പരിശോധന (Age Verification) ഉപയോഗിച്ചുകൊണ്ടായിരിക്കും അഡള്‍ട്ട് ഉള്ളടക്കങ്ങള്‍ ചാറ്റ് ജിപിടി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക. ഡിസംബറോടെ പുതിയ വേര്‍ഷന്‍ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടിയെ ഇഷ്ടാനുസരണം വ്യക്തിഗതമാക്കാന്‍ (Personalisation) അനുവദിക്കുന്നതിന്‍റെ ഭാഗമാണിത്.

ചാറ്റ് ജിപിടിയില്‍ വളരെകാലമായി അഡള്‍ട്ട് ഉള്ളടക്കങ്ങള്‍ക്ക് കർശന നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതില്‍ നിന്നും ഇതെ ഉള്ളടക്കങ്ങള്‍ അനുയോജ്യരായ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നത് വലിയ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. പ്രായപരിധി കര്‍ശനമായി നടപ്പിലാക്കുക മുതിർന്ന ഉപയോക്താക്കളെ മുതിർന്നവരെപ്പോലെ പരിഗണിക്കുക എന്ന തത്വത്തിന്റെ ഭാഗമായാണ് അഡള്‍ട്ട് കണ്ടന്‍റ് അനുവദിക്കുന്നതെന്ന്  സാം ആൾട്ട്മാൻ എക്സില്‍ കുറിച്ചു. സുരക്ഷാ സംവിധാനങ്ങളും പ്രായ പരിശോധന നിയന്ത്രണങ്ങളും കൃത്യമായി പാലിക്കപ്പെടുന്നിടത്തോളം അഡള്‍ട്ട് കണ്ടന്‍റുകള്‍ അനുവദിച്ചേക്കുമെന്ന് ഈ മാസം ആദ്യം ഓപ്പണ്‍ എഐ സൂചന നൽകിയിരുന്നു.

കൃത്യമായ പ്രായ പരിശോധനയെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഈ പ്രായ പരിശോധനാ രീതികളെക്കുറിച്ചോ അ‍ഡള്‍ട്ട് കണ്ടന്‍റ് പ്രായപൂര്‍ത്തിയാകാത്തവരിലേക്ക് എത്തുന്നത് തടയുന്നതിനായുള്ള അധിക സുരക്ഷാ നടപടികളെക്കുറിച്ചോ ഓപ്പൺഎഐ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ചാറ്റ്ജിപിടിയുമായി ഉപയോക്താവ് എങ്ങനെ ഇടപഴകുന്നു എന്നതിനെ അടിസ്ഥാനമാക്കി ഉപയോക്താവിന്‍റെ പ്രായം 18 വയസ്സിന് മുകളിലോ താഴെയോ ആണോ എന്ന് കണക്കാക്കുന്ന പ്രായം പ്രവചിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സൂചനയുണ്ട്.

അതേസമയം, അഡള്‍ട്ട് കണ്ടന്‍റുകള്‍ ലഭ്യമാക്കിക്കൊണ്ടുള്ള ചാറ്റ് ജിപിടിയുടെ ഈ മാറ്റത്തെ അപകടകരമായി കണക്കാക്കുന്നവരുമുണ്ട്. ഇത്രയും കാലം ഉപയോക്തൃ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയ, അതില്‍ അഭിമാനിച്ചിരുന്ന കമ്പനിയെ സംബന്ധിച്ചിടത്തോളം പുതിയ നിലപാട് എഐ ലോകം ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ ഇത് ആദ്യമായല്ല ഒരു എഐ അസിസ്റ്റന്‍റ് അഡള്‍ട്ട് കണ്ടന്‍റുകള്‍ ലഭ്യമാക്കുന്നത്. ഇലോൺ മസ്‌കിന്റെ എക്സ് എഐ ഇതിനകം തന്നെ ഇത്തരത്തിലുള്ള എഐ കമ്പാനിയനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കളുമായി ചാറ്റ് ചെയ്യാനും ഫ്ലർട്ട് ചെയ്യാനും കഴിയുന്ന ത്രീ ഡി ആനിമേഷൻ-സ്റ്റൈൽ അവതാറുകളായി ഗ്രോക്ക് ആപ്പില്‍ ഇവ ലഭ്യമാണ്. ചാറ്റ് ജിപിടിയും ഈ ലിസ്റ്റിലേക്ക് വരുന്നതോടെ എല്ലാ തരത്തിലും മറ്റ് എഐ അസിസ്റ്റന്‍റുകളുമായുള്ള മല്‍സരത്തിലേക്ക് കടക്കുകയാണ് ഓപ്പണ്‍ എഐ.

വരാനിരിക്കുന്ന ‘ഇറോട്ടിക്’ ഫീച്ചറിന് പുറമേ ആളുകളുടെ താല്‍പര്യത്തിനനുസരിച്ച് പെരുമാറുന്ന ചാറ്റ് ജിപിടിയുടെ ഒരു പുതിയ പതിപ്പ് പുറത്തിറക്കാനും ഓപ്പണ്‍ എഐ പദ്ധതിയിടുന്നുണ്ട്. ചാറ്റ്ജിപിടിയിൽ ഓപ്പണ്‍ എഐ ജിപിടി 5 നെ ഡിഫോൾട്ട് മോഡലാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. പുതിയ മോഡൽ അത്ര സൗഹൃദപരമല്ലെന്നും കൂടുതൽ റോബോട്ടിക് ആണെന്നും ഉപയോക്താക്കളില്‍ നിന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഓപ്പണ്‍ എഐ GPT-4o ഒരു ഓപ്ഷണൽ മോഡലായി വീണ്ടും അവതരിപ്പിച്ചിരുന്നു.

നേരത്തെ മാനസിക പ്രശ്നങ്ങളോ, ബുദ്ധിമുട്ടുകളോ നേരിടുന്ന ഉപയോക്താക്കള്‍ക്ക് ആരോഗ്യകരമായി ഉപയോഗിക്കാനായി ചാറ്റ് ജിപിടിയില്‍ കർശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ വർഷം ആദ്യം കലിഫോർണിയയിലില്‍ നിന്നുള്ള ആദം റെയ്ൻ എന്ന കുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്നായിരുന്നു ഇത്തരത്തിലുള്ള കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ വന്നത്. ചാറ്റ്ജിപിടി കുട്ടിക്ക് എങ്ങനെ ആത്മഹത്യ ചെയ്യണമെന്ന് ഉപദേശം നൽകിയതായി ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ മറ്റ് നിരവധി ഉപയോക്താക്കള്‍ക്ക് ചാറ്റ് ജിപിടിയെ ഉപയോഗപ്രദമല്ലാതാക്കുകയോ ആസ്വാദ്യകരമല്ലാതാക്കുകയോ ചെയ്തതായി സാം ആൾട്ട്മാൻ എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചിരുന്നു. ഒരു ഉപയോക്താവ് മാനസികമായി ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അത് തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ ഓപ്പണ്‍ എഐയില്‍ വിന്യസിച്ചിട്ടുണ്ട്. അതുവഴി അത്തരത്തിലുള്ളവര്‍ക്ക് അവരുടെ സുരക്ഷയ്ക്കായുള്ള നിയന്ത്രണങ്ങള്‍ ലഭ്യമാക്കുന്നതിനും മറ്റുള്ളവര്‍ക്കായി നിയന്ത്രണങ്ങളിൽ സുരക്ഷിതമായി ഇളവ് വരുത്താൻ കഴിയുമെന്നും ആൾട്ട്മാൻ വിശദീകരിച്ചു.

ഈ മാറ്റങ്ങളോടൊപ്പം എഐ വെല്‍നെസ്സ് കൗണ്‍സിലും ഓപ്പൺഎഐ ആരംഭിച്ചിട്ടുണ്ട്. എഐ മാനസികാരോഗ്യത്തെയും ഉപയോക്തൃ സുരക്ഷയെയും എങ്ങനെ ബാധിക്കുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിയമിച്ച എട്ട് ഗവേഷകരുടെയും വിദഗ്ധരുടെയും ഒരു സംഘമാണിത്. എഐ ഇടപെടലുകളുണ്ടാകുന്ന സെൻസിറ്റീവ് അല്ലെങ്കിൽ സങ്കീർണ്ണമായ സാഹചര്യങ്ങളോടുള്ള സമീപനത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ കമ്പനിയെ കൗണ്‍സില്‍ നയിക്കും. എന്നിരുന്നാലും ഈ കൗണ്‍സിലില്‍ ആത്മഹത്യാ പ്രതിരോധ വിദഗ്ധരെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ENGLISH SUMMARY:

OpenAI CEO Sam Altman has announced plans to relax ChatGPT’s strict adult content restrictions for verified adult users. The upcoming update, expected by December, will introduce age verification to ensure only users above 18 can access mature or erotic content. This move marks a major shift in OpenAI’s long-standing safety policy. Altman explained that the change reflects a belief in treating adults like adults, provided robust safeguards and privacy systems are in place. While the company has not revealed exact verification methods, reports suggest it is developing AI-based age prediction tools. The update will also allow greater personalization in ChatGPT, making it behave more like a user’s preferred companion. Critics, however, warn that enabling adult content may risk user safety and mental health, even as OpenAI forms a new AI Wellness Council to address ethical concerns.