chat-gpt-file

ഇന്ത്യൻ ഉപയോക്താക്കൾക്കായി ചാറ്റ്ജിപിടി ഗോ എന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പ്രഖ്യാപിച്ച് ഓപ്പൺഎഐ. 399 രൂപയുടേതാണ് പുതിയ പ്ലാന്‍. സൗജന്യ പ്ലാനിനെ അപേക്ഷിച്ച് കൂടുതൽ ചിത്രങ്ങൾ സൃഷ്ടിക്കാനും കൂടുതൽ ഡോക്യുമെന്റുകളും ഫയലുകളും വിശകലനം ചെയ്യാനും പുതിയ പ്ലാനിലൂടെ സാധിക്കും. മെസേജ് പരിധി, ചിത്രങ്ങള്‍ നിര്‍മ്മിക്കല്‍,  ഫയൽ അപ്‌ലോഡ് എന്നീ സേവനങ്ങളെല്ലാം പത്തിരട്ടിയായി ഈ പ്ലാനിലൂടെ ലഭിക്കും. സൗജന്യ പതിപ്പിനെ അപേക്ഷിച്ച് രണ്ടിരട്ടി മെമ്മറിയും പുതിയ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നതായി ചാറ്റ്ജിപിടിയുടെ തലവന്‍ നിക്ക് ടർലി എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്. 

എല്ലാ ഉപയോക്താക്കൾക്കും സുഗമമായ അനുഭവം ഉറപ്പാക്കാനാണ് പുതിയ പ്ലാനിലൂടെ ലക്ഷ്യമിടുന്നതെന്നും നിക്ക് ടർലി പറയുന്നു. താങ്ങാനാവുന്ന വിലയില്‍ പ്ലാനുകള്‍ ലഭ്യമാക്കുക എന്നതായിരുന്നു ഇന്ത്യന്‍ ഉപയോക്താക്കളിൽ നിന്നുള്ള പ്രധാന ആവശ്യം. ഇതാണ് പുതിയ പ്ലാനിലൂടെ സാധ്യമാക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്ന് മുതൽ ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടിയിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് അപ്‌ഗ്രേഡ് പ്ലാൻ തിരഞ്ഞെടുത്ത് പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. യുപിഐ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുകയും ചെയ്യാം. നിരക്കുകള്‍ ഇന്ത്യന്‍ രൂപയില്‍ കാണാന്‍ സാധിക്കും, ഇന്ത്യന്‍ രൂപയില്‍ പണമടയ്ക്കാം എന്നിവയാണ് മറ്റ് പുതിയ മാറ്റങ്ങള്‍.

ഗോ പ്ലാന്‍ ആദ്യം ഇന്ത്യയിലാണ് അവതരിപ്പിക്കുന്നതെന്നും നിക്ക് ടർലി പറയുന്നു. ഇന്ത്യ തങ്ങൾക്ക് ഒരു സുപ്രധാന വിപണിയാണെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ പലതവണ പറഞ്ഞിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ ഇന്ത്യാ പര്യടനത്തിനിടെ, ചാറ്റ്ജിപിടിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഉപയോക്തൃ അടിത്തറ മൂന്നിരട്ടിയായതായും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ചാറ്റ്ജിപിടി  ഗോ സബ്‌സ്‌ക്രിപ്‌ഷൻ വൈകാതെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ഓപ്പൺഎഐ അറിയിക്കുന്നത്.

നിലവില്‍ നാല് ചാറ്റ്ജിപിടി പ്ലാനുകളാണ് ഓപ്പണ്‍ വാഗ്ദാനം ചെയ്യുന്നത്. സൗജന്യ പ്ലാന്‍, 399 രൂപയുടെ ഗോ പ്ലാന്‍, 1,999 രൂപയുടെ പ്ലസ് പ്ലാന്‍, 19,999 രൂപയുടെ പ്രോ പ്ലാന്‍ എന്നിവയാണ് ഈ പ്ലാനുകള്‍.

ENGLISH SUMMARY:

ChatGPT Go is now available in India, offering enhanced features and capabilities. This new subscription plan from OpenAI allows users to access more image generation, file analysis, and increased message limits at an affordable price.

chatgptgo-trending