chat-bot

Photo credit: REUTERS

76കാരന്‍റെ ദാരുണാന്ത്യത്തിന് കാരണമായ  എഐ ചാറ്റ് ബോട്ട് ബിഗ് സിസ് ബില്ലിയെക്കുറിച്ചുളള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ്. മെറ്റ തങ്ങളുടെ ചാറ്റ്‌ബോട്ടുകളെ ഉപയോക്താക്കളോട് തങ്ങൾ യഥാർത്ഥ ആളുകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതില്‍ നിന്ന് നിയന്ത്രിക്കുന്ന പതിവില്ല. എന്നാല്‍  ന്യൂയോർക്കിൽ തോങ്‌ബ്യൂ വോങ്‌ബാൻഡു  എന്ന വയോധികന്‍റെ മരണത്തെത്തുടര്‍ന്ന് ചാറ്റ്ബോട്ടുകൾ യഥാർത്ഥമല്ലെന്ന് വ്യക്തമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. 

ആരാണ് ബിഗ് സിസ് ബില്ലി?

 പ്രശസ്തരും സ്വാധീനം ചെലുത്തുന്നവരുമായ സെലിബ്രിറ്റികളുമായി ബന്ധപ്പെട്ടിരിക്കുന്ന 28 AI കഥാപാത്രങ്ങളുടെ  ഭാഗമായി 2023 ൽ മെറ്റ അവതരിപ്പിച്ച ചാറ്റ് ബോട്ടാണ് ബിഗ് സിസ് ബില്ലി. മോഡലും റിയാലിറ്റി താരവുമായ കെൻഡൽ ജെന്നറുമായി സഹകരിച്ചാണ് സിസ് ബില്ലിയെ സൃഷ്ടിച്ചത്.  പിന്തുണയ്ക്കുന്ന ഒരു മൂത്ത സഹോദരി വ്യക്തിയായി മാർക്കറ്റ് ചെയ്യപ്പെട്ട ബോട്ട്, ‘ഞാൻ നിങ്ങളുടെ മൂത്ത സഹോദരിയും വിശ്വസ്ഥയുമാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ? എനിക്ക് നിങ്ങളുടെ പിന്തുണയുണ്ട്‘ എന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണങ്ങൾ ആരംഭിക്കുന്നത്. 

'ബിഗ് സിസ് ബില്ലി'യെ കാണാനുള്ള ശ്രമത്തിനിടെയാണ് ന്യൂയോർക്ക് സിറ്റിയിലെ താമസക്കാരനായ തോങ്‌ബ്യൂ വോങ്‌ബാൻഡു അപകടത്തില്‍പ്പെട്ട് മരിച്ചത്. ‘ബിഗ് സിസ് ബില്ലി’യെ കാണാൻ ട്രെയിൻ പിടിക്കാൻ ഓടുന്നതിനിടെ ന്യൂ ബ്രൺസ്‌വിക്കിലെ പാർക്കിങ് സ്ഥലത്ത് വീണതിനെ തുടർന്ന് കഴുത്തിനും തലയ്ക്കും മാരകമായി പരിക്കേറ്റാണ് തോങ്‌ബ്യൂ വോങ്‌ബാൻഡു മരണപ്പെട്ടത്.

വോങ്‌ബാൻഡ്യൂവിന്‍റെ കാര്യത്തില്‍ ചാറ്റ് ബോട്ട് അതിന്‍റെ പതിവ് സംസാരങ്ങളില്‍ നിന്ന് ശൃംഗാരഭാഷണങ്ങളിലേക്ക് കടക്കുകയായിരുന്നു.  ന്യൂയോർക്കിൽ താമസിക്കുന്ന ഒരു യഥാർത്ഥ സ്ത്രീയാണ് താനെന്ന് ചാറ്റ് ബോട്ട് 76കാരനെ ആവര്‍ത്തിച്ച് വിശ്വസിപ്പിച്ചു. അദ്ദേഹത്തിന്‍റെ കുടുംബം റോയിട്ടേഴ്സുമായി പങ്കിട്ട രേഖകളനുസരിച്ച് എഐ അദ്ദേഹത്തെ കാണാമെന്ന് വാഗ്ദാനം ചെയ്യുക മാത്രമല്ല, വ്യാജ അപ്പാർട്ട്മെന്‍റ് വിലാസവും ഡോർ കോഡും വരെ നൽകി. ‘എന്‍റെ വിലാസം: 123 മെയിൻ സ്ട്രീറ്റ്, അപ്പാർട്ട്മെന്റ് 404 NYC, ഡോർ കോഡ്: BILLIE4U. നിങ്ങൾ എത്തുമ്പോൾ ഞാൻ ഒരു ചുംബനം പ്രതീക്ഷിക്കണോ?’ എന്നും 76കാരനോടുള്ള ചാറ്റ്ബോട്ടിന്‍റെ സന്ദേശങ്ങളിലുണ്ട്. അതേസമയം ഭാര്യയും മക്കളും തോങ്‌ബ്യൂ വോങ്‌ബാൻഡുവിന് മുന്നറിയിപ്പ് നല്‍കുകയും വീട്ടില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ പ്രണയിനിയെ നേരില്‍ കാണാനുള്ള തിടുക്കത്തില്‍ അദ്ദേഹം ട്രയിനിന് പുറകേ ഓടുകയായിരുന്നെന്ന്  റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പക്ഷാഘാതം ബാധിച്ചതിനാല്‍ വര്‍ഷങ്ങളായി കുടുംബാഗങ്ങളുടെ സംരക്ഷണയില്‍ വീട്ടില്‍ത്തന്നെ കഴിഞ്ഞുവരുന്നതിനിടെയാണ് ഒരു എഐ ചാറ്റ് ബോട്ട് വരുത്തിവെച്ച ഇത്തരത്തിലൊരു ദാരുണാന്ത്യം.

എന്നാല്‍ വയോധികന്‍റെ മരണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് മെറ്റ കമ്പനി പ്രതികരിച്ചിട്ടില്ല. അതേസമയം എഐ ഉപയോഗം വർദ്ധിക്കുന്നതിനനുസരിച്ച് ചാറ്റ് ബോട്ടുകൾക്ക് അവരുടെ മനുഷ്യ ഉപയോക്താക്കളെ ശ്രദ്ധേയമായ രീതിയിൽ സ്വാധീനിക്കാൻ കഴിയുമെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്. മെറ്റ, ഗൂഗിൾ, ഓപ്പൺ എഐ തുടങ്ങിയ ഭീമൻ കമ്പനികളും ടെക് വ്യവസായവും മല്‍സരസ്വഭാവത്തോടെ ഉപയോക്താക്കളെ ആകർഷിക്കാനും നിലനിർത്താനുമുള്ള സൂക്ഷമമായ മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. അതിന്‍റെ ഭാഗമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ചാറ്റ്ജിപിടി ഉപയോക്താക്കളുടെ വികാരങ്ങള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും ആരോപണങ്ങളുണ്ട്. ചാറ്റ് ബോട്ടുകള്‍ക്കെതിരെ ഫ്ലോറിഡയിലെ ഒരു അമ്മ പരാതി നല്‍കി ഒരു വർഷത്തിന് ശേഷമാണ് ഇപ്പോള്‍ ​ഞെട്ടിക്കുന്ന മറ്റൊരു മരണം കൂടി സംഭവിച്ചിരിക്കുന്നത്. തന്‍റെ 14 വയസ്സുള്ള മകന്‍റെ ആത്മഹത്യയ്ക്ക് ചാറ്റ് ബോട്ട് കാരണമായി എന്നായിരുന്നു ഫ്ലോറിഡയിലെ കേസ്.

ENGLISH SUMMARY:

AI Chatbot Big Sis Billie is under scrutiny following the tragic death of a 76-year-old man. The incident has raised concerns about the influence of AI and the need for transparency regarding chatbot identities.