ലൈംഗികവൽക്കരിക്കപ്പെട്ട എഐ അവതാറിനെക്കുറിച്ചുള്ള വിവാദത്തിന് ശേഷം കുട്ടികൾക്ക് അനുയോജ്യമായ എഐ ആപ്പ് പ്രഖ്യാപനവുമായി xAI കമ്പനി സ്ഥാപകന്‍ ഇലോൺ മസ്‌ക്. കുട്ടികള്‍ക്ക് സുരക്ഷിതവും അനുയോജ്യവുമായ ഉള്ളടക്കം നല്‍കാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ നിര്‍മിതബുദ്ധി (എഐ) ആപ്ലിക്കേഷന്‍ 'ബേബി ഗ്രോക്ക്' പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി എക്സിലൂടെയാണ് മസ്ക് വെളിപ്പെടുത്തിയത്.
മസ്‌കിന്‍റെ കമ്പനിയുടെ എ ഐ കൂട്ടാളികളുടെ പ്രകോപനപരമായ സ്വഭാവം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. അനി എന്ന എഐ കംപാനിയന്‍ ഉപയോക്താക്കള്‍ കൂടുതല്‍ നേരം ഇടപഴകുന്തോറും ശൃംഗാര സംഭാഷണങ്ങളിലേക്കടക്കം കടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടെയാണ് മസ്‌ക് ഇപ്പോള്‍ ഗ്രോക്കിന്‍റെ കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു പതിപ്പ് പുറത്തിറക്കാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതില്‍ കുട്ടികൾക്ക് അനുയോജ്യമായ ഉള്ളടക്കം മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇത് ഗ്രോക്ക് എഐ ചാറ്റ്ബോട്ടിന്‍റെ ലളിതമായ പതിപ്പായിരിക്കുമെന്നും കുട്ടികളുമായുള്ള സുരക്ഷിതവും വിദ്യാഭ്യാസപരവുമായ ഇടപെടലുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതായിരിക്കുമെന്നുമാണ് സൂചന. ബേബി ഗ്രോക്കിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഗ്രോക്കിന്‍റെ മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കത്തെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് അനുയോജ്യമായ ഒരു എഐ ആപ്പ് വികസിപ്പിക്കാനുള്ള ഈ നീക്കമെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതേസമയം മസ്കിന്‍റെ സമൂഹമാധ്യമ പ്രഖ്യാപനത്തോട് അനുകൂലമായും പല ഉപയോക്താക്കളും പ്രതികരിക്കുന്നുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ ഗ്രോക്കിന് നിലവിൽ മൂന്ന് മോഡുകൾ ഉണ്ട്. ഗ്രോക്കിന്‍റെ അനി എന്ന എഐ കംപാനിയനെതിരെയാണ് ശൃംഗാര സംഭാഷണങ്ങളിലേക്ക് കടക്കുന്നുവെന്ന പരാതിയടക്കം ഉയര്‍ന്നിട്ടുള്ളത്. എഐ കംപാനിയന്‍ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിലേക്ക് മാറുന്നതായും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റൊന്നായ റൂഡി എന്ന ചുവന്ന പാണ്ട ഒരു ഭാഗത്ത് രസികനായ ഒരു സഹായിയും മറുഭാഗത്ത് അസഭ്യം പറയുന്ന യന്ത്രവുമാണെന്നും പരാതികളുണ്ട്. പുരുഷ കംപാനിയനായ വാലന്‍റെനെതിരെയും വിമര്‍ശനങ്ങളുണ്ട്.
പ്രായപൂർത്തിയാകാത്തവർക്കിടയിൽ അപകടകരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് അനിക്ക് കഴിയുമെന്ന് സോഷ്യൽ മീഡിയയിലെ നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. അവതാർ വ്യക്തമായ ഭാഷ ഉപയോഗിക്കുന്നില്ലെങ്കിലും, സംഭാഷണങ്ങൾക്ക് മറുപടിയായി അത് പ്രതികരിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രോക്ക് ആപ്പിന്‍റെ കിഡ്‌സ് മോഡ് പ്രവർത്തനക്ഷമമാകുമ്പോഴും അനി ഈ പ്രവർത്തനങ്ങൾ നടത്തുമോയെന്നതാണ് ഏറ്റവും വലിയ ആശങ്ക.