എന്തിനും ഏതിനും എഐയെ സമീപിക്കുന്ന കാലമാണിത്. എ.ഐ യുദ്ധം അവസാനിക്കുന്നില്ല. ചാറ്റ് ജി.പി.ടിക്കും, ചൈനയുടെ ഡീപ്സീക്കിനും പിന്നാലെ ശതകോടീശ്വരനായ മസ്‌കിന്റെ അഡാറ് ഐറ്റം ഇന്നെത്തി. പേര് ഗ്രോക് 3!. ജനറേറ്റീവ് എഐ രംഗത്തെ പ്രധാന പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിക്ക്, ഗ്രോക് 3 വെല്ലുവിളി ഉയര്‍ത്തുമോ എന്നതാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം. അതെ എന്ന ഉത്തരമാണ് ഇതിന് മസ്ക് നല്‍കുന്നത്.
ഇലോൺ മസ്‌കിന്റെ എഐ കമ്പനിയായ എക്സ് എ.ഐയാണ് എ.ഐ ചാറ്റ്‌ബോട്ടായ 'ഗ്രോക് 3" പുറത്തിറക്കിയത്. ചാറ്റ്‌ബോട്ടിന്റെ പ്രത്യേകത വിവരിക്കുന്ന ലൈവ് ഡെമോയും നടന്നു. ‘ഭൂമിയിലെ ഏറ്റവും സ്മാർട്ട് എഐ’ എന്നതാണ് ഇതിനെക്കുറിച്ചുള്ള മസ്കിന്‍റെ വിശേഷണം. ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന എഐ മോഡലുകളെ ഞെട്ടിക്കുന്ന തരത്തിലാണ് ഗ്രോക് 3 കൊണ്ടുവന്നിരിക്കുന്നതെന്ന് ചാറ്റ്ബോട്ട് പുറത്തിറക്കുന്ന ചടങ്ങിൽ മസ്ക് അവകാശപ്പെട്ടു.
ആദ്യഘട്ടത്തില്‍, എക്സിലെ ഉപഭോക്താക്കൾക്കാണ് ഗ്രോക് 3യുടെ സേവനം ലഭ്യമാകുനന്നത്. പല അക്കൗണ്ടുകളിലെ പോസ്റ്റുകൾക്കും വലതുഭാഗത്ത് ഗ്രോക് എഐ ചിഹ്നം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താൽ ആ പോസ്റ്റിനെക്കുറിച്ചു ഗ്രോക് എഐയുടെ വിശദീകരണം കാണാനാകും. ആദ്യഘട്ടത്തിൽ ഗ്രോക് 3ന്റെ കൂടുതൽ ഫീച്ചറുകൾ ലഭ്യമാകുന്നത് എക്സിലെ പ്രീമിയം പ്ലസ് വരിക്കാർക്കാണ്.
എഐ പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നത് ഡിജിറ്റൽ ഡേറ്റ ഉപയോഗിച്ചാണ്. ചുറ്റുമുള്ള കാര്യങ്ങൾ ഒരു കുട്ടി എങ്ങനെയാണോ മനസ്സിലാക്കി വളരുന്നത്. അതുപോലെ ഡേറ്റ പഠിച്ചും വിലയിരുത്തിയുമാണ് എഐയും വികാസം തേടുന്നത്. വരുത്തുന്ന തെറ്റുകൾ ഡേറ്റ നോക്കി വീണ്ടും പരിഹരിക്കുന്ന പ്രത്യേകത ഗ്രോക് 3ക്ക് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഡേറ്റയിൽ തെറ്റുണ്ടെങ്കിൽ അതു കണ്ടെത്തി തിരുത്താനും ഇതിനു കഴിയും. സ്ഥിരതയും കൃത്യതയും ഉണ്ടാവും എന്ന ഉറപ്പാണ് പ്രധാനമായും മസ്ക് നല്‍കുന്നത്.
ഇലോൺ മസ്ക് ആയിരുന്നു ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐയുടെ സ്ഥാപകരിലൊരാൾ. എന്നാൽ പിന്നീട് ഓപ്പൺ എഐയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു മസ്ക്. ലാഭരഹിത രീതിയിൽ വിഭാവനം ചെയ്യപ്പെട്ട കമ്പനി ലാഭക്കണ്ണുകളോടെ പ്രവർത്തിച്ചുവെന്നാണ് സ്കിന്റെ വാദം. ഈയിടെ മസ്ക് ഓപ്പൺ എഐ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും, ഓപ്പൺ എഐ സിഇഒ സാം ആൾട്മാൻ ആ ഓഫർ തുടക്കത്തിലേ തള്ളിയിരുന്നു.