സാം ആള്‍ട്ട്മാന്‍ (ഇടത്), ഇലോണ്‍ മസ്ക് (വലത്)
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് കമ്പനിയായ ഓപ്പണ്‍ എഐ വാങ്ങാന്‍ താല്‍പര്യമുണ്ട്, വില്‍ക്കുന്നോയെന്ന് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്ക്. വില്‍ക്കാന്‍ ഒരുദ്ദേശവുമില്ലെന്ന് പറഞ്ഞ സിഇഒ സാം ആള്‍ട്ട്മാന്‍ , മസ്കിനെ പരിഹസിക്കാനും മറന്നില്ല. ആള്‍ട്ട്മാന്‍റെ ഓപ്പണ്‍ എഐക്ക് 97 ബില്യന്‍ ഡോളര്‍ (9700 കോടി ഡോളര്‍) ആണ് മസ്ക് ഇട്ട വില. ഓഫര്‍ കയ്യോടെ നിരസിച്ച ആള്‍ട്ട്മാന്‍ ട്വിറ്റര്‍ വില്‍ക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ 9.74 ബില്യണ്‍ ഡോളറിന് വാങ്ങിക്കോളാമെന്ന ഓഫറും തിരിച്ചുവച്ചു. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിക്ക് ലോകമെങ്ങും ഇന്ന് ആരാധകര്‍ ഏറെയാണെന്നതാണ് മസ്കിനെ കമ്പനി വാങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓപ്പണ്‍ എഐക്കെതിരെ കേസിന് പോയ ശേഷം ഇത് രണ്ടാം തവണയാണ് മസ്ക് കമ്പനി വാങ്ങാമെന്ന വാഗ്ദാനവുമായി രംഗത്തെത്തുന്നത്. 2024 ജൂലൈയിലായിരുന്നു ഓപ്പണ്‍ എഐ വാങ്ങാമെന്ന ആദ്യ ഓഫര്‍ മസ്ക് മന്നോട്ട് വച്ചത്. കമ്പനി അതിന്‍റെ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്താനും മസ്ക് അന്ന് മറന്നില്ല. ഓപ്പണ്‍ എഐയ്ക്ക് ലാഭക്കൊതി മാത്രമാണെന്നും ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്ന ഒന്നിനോടും താല്‍പര്യമില്ലെന്നുമെല്ലാം മസ്ക് അന്ന് കുറ്റപ്പെടുത്തി. ആള്‍ട്ട്മാന്‍ അന്നും മസ്കിനെ ഗൗനിച്ചില്ല. 2024 ല്‍ മസ്ക് വീണ്ടും ഓപ്പണ്‍ എഐക്കെതിരെ കേസ് കൊടുത്തു. ലാഭക്കൊതി നിയന്ത്രിക്കണമെന്നായിരുന്നു ആവശ്യം.
2015 ല്‍ തുടങ്ങിയ സമയത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചുള്ള എന്‍ജിഒ ആയിരുന്നു ഓപ്പണ്‍ എഐ. അക്കാലത്ത് മസ്കും കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്നു. കാലക്രമേണെ ലാഭേച്ഛയില്ലാത്ത സ്ഥാപനത്തില്‍ നിന്നും ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്കുള്ള ഓപ്പണ്‍എഐയുടെ മാറ്റത്തിനെതിരെ മസ്ക് പരസ്യമായി രംഗത്തെത്തുകയായിരുന്നു.