Image Credit:facebook/wwe

Image Credit:facebook/wwe

TOPICS COVERED

  • പലതവണ വിരമിക്കുകയും തിരിച്ചുവരുകയും ചെയ്തിട്ടുള്ള താരമാണ് റോക്ക്. സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2004ൽ മുഴുവൻ സമയ ഗുസ്തിയിൽ നിന്ന് പിന്‍മാറിയ റോക്ക് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2011ലാണ് WWEയിലേക്ക് തിരിച്ചെത്തിയത്. ജോൺ സീനയുമായുള്ള പോരാട്ടമായിരുന്നു ഈ തിരിച്ചുവരവിലെ ഹൈലൈറ്റ്

മൂന്ന് പതിറ്റാണ്ട് നീണ്ട ഗുസ്തി കരിയറിന്റെ ഓർമകൾ പങ്കുവെച്ചെത്തിയ ദ് റോക്ക് സർവൈവർ സീരീസ് വാര്‍ ഗെയിംസില്‍ നിന്ന് മടങ്ങിയത് തന്റെ സൺഗ്ലാസും മൈക്കും റിങ്ങില്‍ വച്ച്. വിരമിക്കലിന്റെ സൂചനയാണോ റോക്ക് നല്‍കിയതെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. WWE അരങ്ങേറ്റത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് റോക്ക് ഹൂസ്റ്റണിൽ നടന്ന സർവൈവർ സീരീസ് വാര്‍ ഗെയിംസില്‍ എത്തിയത്. തന്റെ റസ്‌ലിങ്ങ് കരിയറിലെ  ഓർമകള്‍ പങ്കുവെച്ച റോക്ക്, കുടുംബം നൽകിയ പിന്തുണയെക്കുറിച്ചും ഏറെനേരം സംസാരിച്ചു.

the-rock-leaves-sunglasses-microphone-wwe-ring-retirement

image credit: facebook/wrestlingheadlines

സ്റ്റോൺ കോൾഡ് സ്റ്റീവ് ഓസ്റ്റിനുമായുള്ള അവിസ്മരണീയ പോരാട്ടങ്ങളും കരിയറിന്റെ തുടക്കത്തിലെ വെല്ലുവിളികളും താരം ഓർത്തെടുത്തു. പ്രഫഷനൽ ഗുസ്തിയിലേക്ക് കടക്കാനുള്ള തന്റെ തീരുമാനത്തെ പിന്തുണച്ച അമ്മ അറ്റ ജോൺസണോട് നന്ദി പറഞ്ഞു. അച്ഛൻ തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചപ്പോഴും അമ്മ നൽകിയ പ്രോല്‍സാഹനമാണ് തന്റെ കരിയറിന് കരുത്തായതെന്നും താരം ഓർമിച്ചു. വികാരനിര്‍ഭരമായ പ്രസംഗത്തിനൊടുവില്‍ സൺഗ്ലാസും മൈക്കും റിങ്ങിൽ വെച്ചശേഷം താരം പുറത്തേക്ക്..... റോക്കിന്റെ ഏറ്റവും പരിചിതമായ രണ്ട് അടയാളങ്ങൾ റിങ്ങിൽ ഉപേക്ഷിച്ചുള്ള ഈ മടക്കം വിരമിക്കലിന്റെ സൂചനയെന്ന് ആരാധകര്‍ കരുതുന്നു. 

പലതവണ വിരമിക്കുകയും തിരിച്ചുവരുകയും ചെയ്തിട്ടുള്ള താരമാണ് റോക്ക്. സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2004ൽ മുഴുവൻ സമയ ഗുസ്തിയിൽ നിന്ന് പിന്‍മാറിയ റോക്ക് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2011ലാണ് WWEയിലേക്ക് തിരിച്ചെത്തിയത്. ജോൺ സീനയുമായുള്ള പോരാട്ടമായിരുന്നു ഈ തിരിച്ചുവരവിലെ ഹൈലൈറ്റ്.  2016ലെ റെസിൽമാനിയ 32ൽ എറിക് റോവനെതിരായ ആറു സെക്കൻഡ് മത്സരത്തിലൂടെ വീണ്ടും പ്രത്യക്ഷപ്പെട്ടു. 2019ൽ ഗുസ്തിയിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചതായി റോക്ക് തന്നെ വെളിപ്പെടുത്തി. എന്നാൽ 2023 സെപ്റ്റംബറിൽ സ്മാക്ക്ഡൗണിലൂടെ വീണ്ടും WWE വേദിയിലെത്തി. 2024ലെ റെസിൽമാനിയ 40ൽ റോമൻ റെയിൻസിനൊപ്പം ചേർന്ന് കോഡി റോഡ്സിനും സെത്ത് റോളിൻസിനുമെതിരെ ടാഗ് ടീം മത്സരത്തിലും പങ്കെടുത്തു. രണ്ടുവര്‍ഷം മുമ്പ് WWEയുടെ മാതൃകമ്പനിയായ TKO ഗ്രൂപ്പ് ഹോൾഡിങ്സിന്റെ ഡയറക്ടർ ബോർഡിൽ ദ റോക്ക് അംഗമായി. അതിന് പിന്നാലെ WWEയുമായി പ്രത്യേക മർച്ചൻഡൈസിങ് കരാറിലും ഒപ്പുവെച്ചു. തന്റെ പേരും ചിത്രവും 'ദ റോക്ക്' എന്ന ട്രേഡ്മാർക്കും മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങളും WWEയ്ക്ക്  ഉപയോഗിക്കാൻ ലൈസൻസ് നൽകിയിട്ടുണ്ട്. ഈ കരാറിന്റെ ഭാഗമായി ഏകദേശം 30 മില്യൺ ഡോളർ മൂല്യമുള്ള TKO ഓഹരികളും റോക്കിന് ലഭിച്ചിട്ടുണ്ട്. 

മൂന്നാം തലമുറ സൂപ്പർതാരം

ഗുസ്തി പാരമ്പര്യമുള്ള കുടുംബത്തിലാണ് ദ റോക്ക് ജനിച്ചത്. പിതാവ് WWE ഹാൾ ഓഫ് ഫെയിം റോക്കി ജോൺസൺ. മുത്തച്ഛൻ ഹൈ ചീഫ് പീറ്റർ മൈവിയ. WWE ചരിത്രത്തിലെ ആദ്യ മൂന്നാം തലമുറ സൂപ്പർതാരമായാണ് റോക്ക് അറിയപ്പെടുന്നത്. 1996ൽ സർവൈവർ സീരീസിലായിരുന്നു റോക്കി മൈവിയ എന്ന പേരിൽ അരങ്ങേറ്റം. തുടക്കത്തിൽ ആരാധകരിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. പിന്നീട് നേഷൻ ഓഫ് ഡൊമിനേഷൻ എന്ന ഗ്രൂപ്പിന്റെ ഭാഗമായതോടെ കഥാപാത്രത്തിൽ മാറ്റം വരുത്തി. അങ്ങനെയാണ് 'ദ റോക്ക്' എന്ന സൂപ്പർതാരം പിറന്നത്.  2000ലെ റോയൽ റംബിൾ മത്സരത്തിൽ വിജയിച്ചതോടെ WWEയിലെ പ്രധാന സൂപ്പർതാരങ്ങളിലൊരാളായി സ്ഥാനം ഉറപ്പിച്ചു. അറ്റിറ്റ്യൂഡ് കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരായിരുന്നു ദ റോക്കും സ്റ്റോൺ കോൾഡ് സ്റ്റീവ് ഓസ്റ്റിനും തമ്മിലുള്ളത്. മൂന്ന് തവണ റെസിൽമാനിയയിൽ ഇരുവരും ഏറ്റുമുട്ടി. റെസ്ലിങ്ങ് റിങ്ങില്‍ കത്തിനില്‍ക്കെയാണ് ഹോളിവുഡില്‍ അവസരമെത്തിയത്. 2001ൽ പുറത്തിറങ്ങിയ The Mummy Returns എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. പിന്നീട് ദ സ്കോര്‍പിയന്‍ കിങ്ങ്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസി, ജുമാന്‍ജി തുടങ്ങിയ ചിത്രങ്ങളിലൂടെ ഗ്ലോബല്‍ സൂപ്പര്‍ സ്റ്റാറായി റോക്ക് മാറി. 

റോക്കിന്റെ മകൾ 18 വയസ്സുകാരി സിമോണി അലക്സാണ്ട്ര ജോൺസും റെസ്‌ലിങ്ങ് താരമാണ്.  റോക്കിന്റെ മുൻ ഭാര്യ ഡാനി ഗാർഷ്യയിലുള്ള മകളാണു സിമോണി. മകൾ തന്റെ പാത പിന്തുടരുന്നതിൽ സന്തോഷമുണ്ടെന്ന് റോക്ക് ഒരു ടിവി ഷോയിൽ പറഞ്ഞിരുന്നു. 

ENGLISH SUMMARY:

WWE superstar Dwayne 'The Rock' Johnson left his sunglasses and microphone inside the ring after an emotional appearance at Survivor Series: WarGames in Houston, sparking speculation about a possible retirement. The appearance marked the 30th anniversary of his WWE debut, during which he reflected on his wrestling career, memorable battles with Stone Cold Steve Austin, and the support of his family. Although The Rock announced his retirement from professional wrestling in 2019, he has made several high-profile WWE comebacks, including appearances at WrestleMania 40. His decision to leave behind two of his signature items has left fans wondering whether this could signal another farewell from the wrestling ring