India's Squash Mixed Doubles Pair of Joshna Chinappa and Velavan Senthilkumar clinched bronze medal in Asian Games 2026 (ANI Photo)
സക്വാഷ് എന്ന കളിയെക്കുറിച്ച് ഒരുതലമുറ അറിഞ്ഞുതുടങ്ങിയതുതന്നെ ജോഷ്ന ചിന്നപ്പ എന്ന പേരിനോട് ചേര്‍ത്താണ്. ചെന്നൈയിൽ നിന്ന് ലോക സ്ക്വാഷിന്റെ വേദിയിലേക്കുള്ള ജോഷ്നയുടെ യാത്ര വാസ്തവത്തില്‍ ഇന്ത്യന്‍ സ്ക്വാഷിന്‍റെ ചരിത്രത്തോടൊപ്പമുള്ള സഞ്ചാരമാണ്. 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ കൗമാരക്കാരിയായി അരങ്ങേറിയ ജോഷ്ന, നാല്‍പ്പതാം വയസില്‍ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലും തുടരുമ്പോള്‍ അത് നിശ്ചദാര്‍ഢ്യത്തിന്‍റെയും സ്ഥിരതയുടെയും ഒന്നാന്തരം മാതൃകയാകുന്നു. സി, ആല്‍ഫാ ബീറ്റാ അഥവാ ഇനി വരാന്‍ പോകുന്ന ഏതു ജെനും അറിയേണ്ട മനസിലാക്കേണ്ട മാതൃക!
അധികമാരും നടക്കാത്ത വഴി
റോബര്‍ട്ട് ഫ്രോസ്റ്റിന്‍റെ The Road not taken എന്ന പ്രശസ്തമായ കവിതയില്‍ ഇങ്ങനെ പറയുന്നു.
Two roads diverged in a wood, and I
I took the one less traveled by,
And that has made all the difference
സ്കൂള്‍ കാലത്തുതന്നെ സ്ക്വാഷ് റാക്കറ്റ് കയ്യിലേന്തിയ ജോഷ്ന അന്നേ വേറിട്ട വഴി തിരഞ്ഞെടുത്തു. അത് ചുമ്മാതിരഞ്ഞെടുത്തതല്ലെന്ന് തെളിയിക്കുകയാണ് വീണ്ടും വീണ്ടും. വാസ്തവത്തില്‍ അതാണ് ജോഷ്ന ചിന്നപ്പയെ വേറിട്ട കായികതാരമാക്കുന്നതും. പതിനാലാം വയസ്സിൽ ദേശീയ ചാംപ്യനായ പെൺകുട്ടി പിന്നീട് റാക്കറ്റും പന്തും തമ്മിലുള്ള അതിവേഗ പോരാട്ടത്തിൽ രണ്ടു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യയുടെ പ്രതീക്ഷയായി മാറുന്നതാണ് നാം കണ്ടതും കാണുന്നതും. 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ കൗമാരക്കാരിയായി അരങ്ങേറിയ ജോഷ്ന, 2026ലെ നഗോയ ഏഷ്യൻ ഗെയിംസിനെത്തുമ്പോൾ ചരിത്രത്തിലെ അപൂർവ റെക്കോർഡിന്റെ ഉടമയായി. തുടർച്ചയായ ഏഴാം ഏഷ്യൻ ഗെയിംസ്. ഒരു ഇന്ത്യൻ താരത്തിനും ഇതുവരെ സ്വന്തമാക്കാനാകാത്ത നേട്ടം.
1986 സെപ്റ്റംബർ 15ന് ചെന്നൈയിലാണ് ജോഷ്നയുടെ ജനനം. ഒൻപതാം വയസ്സിൽ പിതാവ് അഞ്ജൻ ചിന്നപ്പയാണ് മകളെ സ്ക്വാഷിലേക്ക് പരിചയപ്പെടുത്തിയത്. പിന്നീട് 15 വർഷത്തോളം പരിശീലകനായും വഴികാട്ടിയായും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. വെറും 14-ാം വയസ്സിൽ ആദ്യ സീനിയർ ദേശീയ കിരീടം. പിന്നീട് ദേശീയ ചാംപ്യൻഷിപ്പിൽ 19 കിരീടങ്ങൾ— ഇന്ത്യൻ സ്ക്വാഷിലെ ദീർഘകാല ആധിപത്യത്തിന്റെ അടയാളം. ജൂനിയർ തലത്തിലും ജോഷ്ന ചരിത്രം കുറിച്ചു. 2003ൽ ഏഷ്യൻ ജൂനിയർ ചാംപ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായി. 2005ൽ ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ വെള്ളി നേടിയ ആദ്യ ഇന്ത്യൻ താരമായി. അതേ വർഷം ബ്രിട്ടിഷ് ജൂനിയർ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി.
പ്രൊഫഷണൽ ടൂറിലേക്കുള്ള ചുവടുമാറ്റവും അതേ മികവോടെ തന്നെ. 2016 ജൂലൈയിൽ ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്ത് എത്തിയത് കരിയറിലെ ഏറ്റവും ഉയർന്ന റാങ്ക്. കരിയറിന്റെ വഴിയിൽ തിരിച്ചടികളും ഉണ്ടായിരുന്നു. 2011ലെ പരുക്ക് ജോഷ്നയെ ഏതാണ്ട് ഒരു വർഷത്തോളം കോർട്ടിൽ നിന്ന് മാറ്റിനിർത്തി. തിരിച്ചെത്തിയ ശേഷം ചെന്നൈ ഓപ്പണും പെനാങ് ഓപ്പണും നേടി. 2012ലെ ഏഷ്യൻ ടീം ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ സ്വർണനേട്ടത്തിലും നിർണായക പങ്കുവഹിച്ചു.
2014 ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും ഓർമിക്കപ്പെടുന്ന അധ്യായങ്ങളിലൊന്നാണ് ദീപിക പള്ളിക്കലിനൊപ്പം ജോഷ്ന നേടിയ സ്വർണം. ദീപികയ്ക്കൊപ്പം വനിതാ ഡബിൾസിൽ സ്വർണം നേടിയപ്പോൾ, കോമൺവെൽത്ത് ഗെയിംസ് സ്ക്വാഷിൽ ഇന്ത്യയുടെ ആദ്യ സ്വർണം പിറന്നു. ഇന്ത്യൻ സ്ക്വാഷിന് പുതിയൊരു വാതിൽ തുറന്ന വിജയമായിരുന്നു അത്. നാല് വർഷത്തിന് ശേഷം ഗോൾഡ് കോസ്റ്റിലും ജോഷ്ന– ദീപിക സഖ്യം ഫൈനലിലെത്തി വെള്ളി നേടി. ഒരു സ്വർണവും ഒരു വെള്ളിയും— കോമൺവെൽത്ത് വേദിയിലെ അവരുടെ കൂട്ടുകെട്ടിന്റെ മികവിന്റെ തെളിവായി.
ഏഷ്യൻ വേദിയിലെ സ്ഥിരസാന്നിധ്യം
ഏഷ്യൻ ഗെയിംസാണ് ജോഷ്നയുടെ കരിയറിലെ മറ്റൊരു പ്രത്യേക അധ്യായം. 2002 ബുസാനിൽ തുടങ്ങിയ യാത്ര 2006 ദോഹ, 2010 ഗ്വാങ്ഷു, 2014 ഇഞ്ചിയോൺ, 2018 ജക്കാർത്ത, 2023 ഹാങ്ചോ എന്നിവ കടന്ന് 2026 ഐച്ചി-നഗോയിലേക്കെത്തുന്നു. ഏഷ്യൻ ഗെയിംസിൽ ഇതുവരെ രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ജോഷ്നയുടെ സമ്പാദ്യത്തിലുണ്ട്. 2018 ജക്കാർത്തയിൽ വനിതാ സിംഗിൾസിൽ നേടിയ വെങ്കലമാണ് വ്യക്തിഗത മെഡൽ. മറ്റു മെഡലുകൾ ടീം ഇനത്തിലാണ്. 2023 ഹാങ്ചോയിലും ഇന്ത്യൻ വനിതാ ടീം വെങ്കലം നേടി. 2017ൽ ഏഷ്യൻ സ്ക്വാഷ് ചാംപ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായ ജോഷ്ന 2019ൽ കിരീടം നിലനിർത്തുകയും ചെയ്തു. 2022ൽ ലോക ഡബിൾസ് ചാംപ്യൻഷിപ്പിലും ഇന്ത്യയ്ക്കായി സ്വർണം നേടി.
പ്രായത്തെ തോൽപ്പിക്കുന്ന അനുഭവം
മറ്റേത് മത്സരത്തെപ്പോലെ സ്ക്വാഷും കൂടുതൽ വേഗത്തിലാകുമ്പോൾ ജോഷ്നയുടെ ആയുധം അനുഭവമാണ്. ശരീരത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് പരിശീലനവും മത്സരക്രമവും മാറ്റി മുന്നോട്ടുപോകുന്ന സമീപനം. 2023ലെ ഏഷ്യൻ ഗെയിംസിന് ശേഷം കാൽമുട്ടിൽ ശസ്ത്രക്രിയയും നേരിട്ടു. എന്നിട്ടും കോർട്ടിലേക്കുള്ള തിരിച്ചുവരവ് തുടർന്നു. 2025ലെ ദേശീയ ചാംപ്യൻഷിപ്പിൽ സെമിഫൈനൽ വരെ എത്തിയപ്പോഴും പ്രായത്തേക്കാൾ ശ്രദ്ധ നേടിയതായിരുന്നു ജോഷ്നയുടെ പോരാട്ടവീര്യം. യുവതാരങ്ങൾ നിറഞ്ഞുവരുന്ന ഇന്ത്യൻ സ്ക്വാഷിൽ, പുതിയ തലമുറയ്ക്കൊപ്പം തന്‍റെ അനുഭവം കൂട്ടിച്ചേർക്കുന്ന പോരാളിയായി നാല്‍പ്പതാം വയസിലും അവർ തുടരുന്നു.
ഒരു തലമുറയുടെ പാലം
അനാഹത് സിങ് പോലുള്ള പുതിയ തലമുറ ഇന്ത്യൻ സ്ക്വാഷിന്‍റെ ഭാവി എഴുതുമ്പോൾ, ജോഷ്ന ചിന്നപ്പ ആ ഭാവിയിലേക്കുള്ള ഒരു പാലം കൂടിയാണ്. 2002ൽ ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന പല മുഖങ്ങളും ഇന്ന് കോർട്ടിലില്ല. പക്ഷേ ജോഷ്ന ഇപ്പോഴും റാക്കറ്റുമായി മത്സരവേദിയിലുണ്ട്. ദേശീയ കിരീടങ്ങളുടെ റെക്കോർഡ്, കോമൺവെൽത്ത് സ്വർണം, ഏഷ്യൻ ചാംപ്യൻഷിപ്പ് കിരീടങ്ങൾ, ലോക ഡബിൾസ് സ്വർണം, ലോക റാങ്കിങ്ങിലെ പത്താം സ്ഥാനം— നേട്ടങ്ങളുടെ പട്ടിക നീളുന്നു. എന്നാൽ ജോഷ്ന ചിന്നപ്പയുടെ ഏറ്റവും വലിയ റെക്കോർഡ് ഒരു പക്ഷേ മറ്റൊന്നാണ്: കാലം മാറിയിട്ടും ഇന്ത്യൻ സ്ക്വാഷിന്റെ ദേശീയ ജേഴ്സിയിൽ തുടർന്നുനിന്നത്. 2026 ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഏഴാം തവണ കോർട്ടിലിറങ്ങുമ്പോൾ, അത് ഒരു താരത്തിന്‍റെ മാത്രം തിരിച്ചുവരവല്ല. ഇന്ത്യൻ സ്ക്വാഷിന്‍റെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട യാത്രയുടെ അടുത്ത അധ്യായമാണ്. ഏതുതലമുറയ്ക്കും പ്രചോദനമാണ്, പഠിക്കേണ്ട പാഠമാണ്.