Image courtesy: facebook.com/SachinTendulkar

  • എന്തിനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍ സ്വന്തം കാര്‍പ്പെന്‍ററി കിറ്റ് ഉപയോഗിച്ച് ബാറ്റുകള്‍ സ്വയം മാറ്റിയെടുത്തത്? ആ രഹസ്യം പങ്കുവച്ച് സച്ചിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്!

ബാറ്റിങ്ങിന്‍റെ പെരുന്തച്ചന്‍ എന്നറിയപ്പെടാന്‍ ഒരേയൊരു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമേയുള്ളു. സച്ചിന്‍റെ ബാറ്റ് കാണാത്ത വേദികളില്ല, അതില്‍ നിന്ന് ഉതിരാത്ത ഷോട്ടുകളില്ല, അത് പടുത്തുയര്‍ത്താത്ത റെക്കോര്‍ഡുകളില്ല. എന്നാല്‍ ബാറ്റ് തനിക്ക് ഒരു ഉപകരണം മാത്രമായിരുന്നില്ലെന്ന് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെ പറയുന്നു. അത് കയ്യിലെടുക്കുന്ന നിമിഷം മുതല്‍ തനിക്കുണ്ടാകുന്ന അനുഭൂതി അവാച്യമാണെന്ന് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സച്ചിന്‍ വ്യക്തമാക്കി.

Image courtesy: facebook.com/SachinTendulkar

കാര്‍പ്പെന്‍ററി ഉപകരണങ്ങള്‍ വച്ച് ബാറ്റില്‍ സ്വയം മിനുക്കുപണികള്‍ നടത്തുന്ന പഴയ ചിത്രം പങ്കുവച്ചാണ് സച്ചിന്‍റെ കുറിപ്പ്. ‘ബാറ്റ് കയ്യിലെടുക്കുമ്പോള്‍, അത് ഉപയോഗിക്കുമ്പോള്‍ മനസിലുണ്ടാകുന്ന ഫീല്‍ അതിന്‍റെ സൂക്ഷ്മ തലത്തില്‍ത്തന്നെ ഞാന്‍ അനുഭവിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അതിന്‍റെ ഏറ്റവും ചെറിയ അംശങ്ങളില്‍പ്പോലും ശ്രദ്ധിക്കും. പലപ്പോഴും ഞാൻ എന്റെ കാര്‍പ്പെന്‍ററി കിറ്റ് (മരപ്പണി ഉപകരണങ്ങൾ) ഉപയോഗിച്ച് സ്വന്തമായിത്തന്നെ അതിൽ മാറ്റങ്ങൾ വരുത്തുമായിരുന്നു.’

‘എനിക്ക് തൃപ്തികരമായ പാകം വരുന്നത് വരെ അതിനെ ചെത്തിമിനുക്കുകയും ക്രമീകരിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാവാം, ആ കൊച്ചു കൊച്ചു നിമിഷങ്ങളെ ഞാൻ ഇത്രയേറെ മൂല്യത്തോടെ ഓർക്കുന്നത്. അവ യഥാർത്ഥത്തിൽ ബാറ്റിനെക്കുറിച്ച് മാത്രമുള്ളതായിരുന്നില്ല, മറിച്ച് അതിനെ പൂർണ്ണമായും എന്റേത് മാത്രമാക്കി മാറ്റിയെടുക്കുന്നതിനെക്കുറിച്ചുള്ളതായിരുന്നു.’ – സച്ചിന്‍ പറയുന്നു.

Image courtesy: facebook.com/SachinTendulkar

‘ലിറ്റില്‍ മാസ്റ്റര്‍’, ‘മാസ്റ്റര്‍ ബ്ലാസ്റ്റര്‍’, ‘ഗോഡ് ഓഫ് ക്രിക്കറ്റ്’ തുടങ്ങിയ പേരുകള്‍ക്കെല്ലാം സച്ചിനെ അര്‍ഹനാക്കിയതും ആ പേരുകള്‍ അന്വര്‍ഥമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചതും ഭാരം കൂടിയ ആ ബാറ്റ് തന്നെയാണ്. അതിന്‍റെ പ്രത്യേകതകളും പറഞ്ഞാല്‍ തീരില്ല. ക്രിക്കറ്റ് ചരിത്രത്തില്‍ത്തന്നെ അതിന് സവിശേഷമായ സ്ഥാനമുണ്ട്. 

അസാധാരണമായ ഭാരം

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും ഭാരമേറിയ ബാറ്റ് ഉപയോഗിച്ചിരുന്ന താരങ്ങളിൽ ഒരാളാണ് സച്ചിൻ. അദ്ദേഹത്തിന്റെ ബാറ്റിന് ഏകദേശം 1.35 മുതൽ 1.47 കിലോ വരെ ഭാരമുണ്ടായിരുന്നു. ബാറ്റര്‍മാര്‍ സാധാരണ 1.1 മുതൽ 1.2 കിലോ വരെയുള്ള ബാറ്റുകളാണ് ഉപയോഗിക്കാറുള്ളത്.

Image courtesy: facebook.com/SachinTendulkar

കുട്ടിക്കാലത്തെ ശീലം

സച്ചിന്‍ പിച്ചവച്ചുതുടങ്ങിയത് തന്നെ ക്രിക്കറ്റിനൊപ്പമായിരുന്നു. അക്കാലത്ത് ചെറിയ ബാറ്റ് ഇല്ലാതിരുന്നതിനാൽ ജ്യേഷ്ഠൻ അജിത് തെണ്ടുൽക്കർ നൽകിയ വലിയ, ഭാരമുള്ള ബാറ്റ് വെച്ചാണ് സച്ചിൻ പരിശീലനം തുടങ്ങിയത്. പിന്നീട് കരിയറിലുടനീളം ആ ഭാരം സച്ചിന്റെ ശൈലിയുടെ ഭാഗമായി മാറി.

കട്ടിയേറിയ അടിഭാഗവും താഴ്ന്ന സ്വീറ്റ് സ്പോട്ടും

സച്ചിന്റെ ബാറ്റിന്റെ അടിഭാഗം വളരെ കട്ടിയുള്ളതായിരുന്നു. ബാറ്റിന്റെ 'സ്വീറ്റ് സ്പോട്ട്' (പന്ത് കൊള്ളുമ്പോൾ ഏറ്റവും കൂടുതൽ ശക്തി ലഭിക്കുന്ന ഭാഗം) താഴെയായതിനാൽ, സച്ചിന്റെ ട്രേഡ്മാർക്ക് ഷോട്ടുകളായ സ്ട്രെയിറ്റ് ഡ്രൈവ്, ഓൺ ഡ്രൈവ്, ഫ്ലിക്ക് എന്നിവ കളിക്കാൻ ഇത് അപാരമായ പവർ നൽകിയിരുന്നു.

Image courtesy: facebook.com/SachinTendulkar

സ്വന്തമായി വരുത്തുന്ന മാറ്റങ്ങൾ

കമ്പനികൾ നൽകുന്ന അതേപടി ബാറ്റ് ഉപയോഗിക്കാൻ സച്ചിന്‍ തയ്യാറായിരുന്നില്ല. ഒരു ചെറിയ കാര്‍പ്പെന്‍ററി കിറ്റ് സച്ചിൻ എപ്പോഴും കയ്യിൽ കരുതുമായിരുന്നു. ബാറ്റിന്റെ ആകൃതി, ബാലൻസ്, വശങ്ങൾ, ഗ്രിപ്പിന്റെ കട്ടി എന്നിവ തനിക്ക് തൃപ്തിയാകുന്നതുവരെ സ്വയം ചെത്തിമിനുക്കി പാകപ്പെടുത്തിയാണ് അദ്ദേഹം കളത്തിലിറങ്ങിയിരുന്നത്.

ഇംഗ്ലീഷ് വില്ലോയും പരമ്പരാഗത രൂപവും

ആധുനിക ബാറ്റുകളിൽ ഭാരം കുറയ്ക്കാനായി പിൻഭാഗത്തെ തടി തുരന്നെടുക്കാറുണ്ട് (concaving). എന്നാൽ സച്ചിൻ മുഴുവന്‍ തടിയും അതേപടി വച്ചുള്ള പരമ്പരാഗത ബാറ്റ് തന്നെയാണ് ഇഷ്ടപ്പെട്ടത്. 150 കി.മീ വേഗത്തിൽ വരുന്ന പന്തുകളെ നേരിടുമ്പോഴും ഇത് സച്ചിന്‍റെ ബാറ്റിന് മികച്ച സ്ഥിരത നൽകി.

ടെന്നീസ് എൽബോ

കരിയറിന്റെ മധ്യത്തിൽ കഠിനമായ ടെന്നീസ് എൽബോ വന്നപ്പോൾ ഭാരം കുറഞ്ഞ ബാറ്റ് ഉപയോഗിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ബാറ്റിന്റെ ഭാരം സാരമായി കുറച്ചാൽ തന്റെ ടൈമിംഗും മസിൽ മെമ്മറിയും നഷ്ടപ്പെടുമെന്ന് സച്ചിൻ കരുതി. അതുകൊണ്ട് വളരെ ചെറിയ അളവിൽ മാത്രമാണ് ഭാരം കുറച്ചത്. പകരം ബാറ്റിന്റെ ബാലൻസിൽ മാറ്റങ്ങൾ വരുത്തി പരിക്കിനെ അതിജീവിച്ചു.

Image courtesy: facebook.com/SachinTendulkar

ഐക്കണിക് ബ്രാന്‍ഡിങ്

ബി.എ.എസ് (BAS), എസ്.ജി (SG) തുടങ്ങിയ പ്രമുഖ നിർമ്മാതാക്കളാണ് സച്ചിന് വേണ്ടി ബാറ്റുകൾ തയ്യാറാക്കിയിരുന്നതെങ്കിലും, 1999 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ ബാറ്റിന് മുകളിൽ പതിപ്പിച്ച MRF സ്റ്റിക്കർ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഒരു വികാരമായി മാറി. കരിയറിന്റെ അവസാന ഘട്ടത്തിൽ അഡിഡാസിന്റെ (Adidas) സ്റ്റിക്കറുള്ള ബാറ്റുകളാണ് അദ്ദേഹം ഉപയോഗിച്ചത്.

ഇതിഹാസം, ചരിത്രം

റെക്കോര്‍ഡുകളുടെ കാര്യത്തില്‍ റെക്കോര്‍ഡാണ് സച്ചിന്‍റെ കരിയര്‍. ടെസ്റ്റിലും ഏകദിനത്തിലും ആ ബാറ്റിന്‍റെ തിളക്കം ഒന്നിനൊന്ന് മികവോടെ നാം കണ്ടു. ഏറ്റവും കൂടുതല്‍ റണ്‍സും മല്‍സരങ്ങളും മുതല്‍ ഏറ്റവും നീണ്ട കരിയര്‍ വരെ റെക്കോര്‍ഡുകളില്‍പ്പെടും. 200 ടെസ്റ്റ് കളിച്ച സച്ചിന്‍ 329 ഇന്നിങ്സുകളിലായി 15921 റണ്‍സ് നേടി. ശരാശരി 53.78. പുറത്താകാതെ 248 ആണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. 51 സെഞ്ചറികളും 69 അര്‍ധശതകങ്ങളും 115 ക്യാച്ചുകളും 46 വിക്കറ്റും സച്ചിന്‍റെ പേരിലുണ്ട്.

ടെസ്റ്റ് ‘സച്ചിന്‍’ ചരിത്രം

ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം – 15921

ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച താരം – 200

ഏറ്റവും കൂടുതല്‍ സെഞ്ചറികള്‍ നേടിയ താരം – 51

ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചറികള്‍ നേടിയ താരം – 119

ഏറ്റവും കൂടുതല്‍ 90കള്‍ നേടിയ താരം – 10

ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ താരം – 2058+

വേഗത്തില്‍ 10000 റണ്‍സ് നേടിയ താരം – 195 ഇന്നിങ്സ്

5000 റണ്‍സും 50 ഫീല്‍ഡിങ് ഡിസ്മിസലുകളും

ഒരേ മല്‍സരത്തില്‍ പുറത്താകാതെ രണ്ട് അര്‍ധസെഞ്ചറികള്‍

ഒരേ മല്‍സരത്തില്‍ അര്‍ധസെഞ്ചറിയും ഡക്കും

ഏകദിനത്തിലും മുടിചൂടാമന്നനായിരുന്നു സച്ചിന്‍. 463 മല്‍സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ താരം 452 ഇന്നിങ്സുകളിലായി 44.83 ശരാശരിയില്‍ 18,426 റണ്‍സ് അടിച്ചൂകൂട്ടി. ഒരു ഡബിള്‍ സെഞ്ചറി (200*) ഉള്‍പ്പെടെ 49 ശതകങ്ങള്‍. 95 ഹാഫ് സെഞ്ചറികള്‍. മികച്ച സ്പിന്നര്‍ കൂടിയായിരുന്ന ടെന്‍ഡുല്‍ക്കര്‍ 270 കളികളില്‍ പന്തെറിഞ്ഞു. 154 വിക്കറ്റും സ്വന്തമാക്കി. നാലുവട്ടം നാലുവിക്കറ്റും രണ്ടുവട്ടം ഇന്നിങ്സില്‍ അഞ്ചുവിക്കറ്റും നേടി. ട്വന്‍റി ട്വന്‍റിയില്‍ ഒരേയൊരു രാജ്യാന്തര മല്‍സരം മാത്രമേ സച്ചിന്‍ കളിച്ചിട്ടുള്ളു. 12 പന്തില്‍ 10 റണ്‍സാണ് സമ്പാദ്യം.

ഏകദിനത്തിലെ റെക്കോര്‍ഡുകള്‍

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് – 18,426

ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചറികള്‍ നേടിയ താരം – 145

ഏകദിന സെഞ്ചറികളുടെ എണ്ണത്തില്‍ രണ്ടാമന്‍ – 49

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് – 1894

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി – 9

ഏറ്റവും കൂടുതല്‍ തവണ 90s നേടിയ താരം – 18

ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരം – 2016

ഒരിന്നിങ്സില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ രണ്ടാമത്തെ താരം – 25

ഏറ്റവും വേഗത്തില്‍ 15000 റണ്‍സ് നേടിയ താരം – 377 ഇന്നിങ്സ്

ഒരേ ടീമിനുവേണ്ടി തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ – 185

ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്കാരങ്ങള്‍ – 62

ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദ് സീരീസ് പുരസ്കാരങ്ങള്‍ – 15

ഏറ്റവും ദൈര്‍ഘ്യമേറിയ ഏകദിന കരിയര്‍ – 22 വര്‍ഷം, 91 ദിവസം

1989 നവംബര്‍ 15ന് പാക്കിസ്ഥാനെതിരെ കറാച്ചിയിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 2013 നവംബര്‍ 16ന് മുംബൈ വാംഖഡെയില്‍ വെസ്റ്റിന്‍ഡീസിനെതിരായ മല്‍സരത്തോടെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചു. 1989 ഡിസംബര്‍ 18ന് പാക്കിസ്ഥാനിലെ ഗുര്‍ജന്‍വാലയിലായിരുന്നു ഏകദിന അരങ്ങേറ്റം. അവസാനമല്‍സരവും പാക്കിസ്ഥാനെതിരെ ആയിരുന്നു. 2012 മാര്‍ച്ച് 18ന് മിര്‍പുരില്‍. 2006 ഡിസംബര്‍ ഒന്നിന് ജൊഹാന്നസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു സച്ചിന്‍റെ കരിയറിലെ ഏക ട്വന്‍റി ട്വന്‍റി മല്‍സരം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമായിരുന്ന സച്ചിന്‍ 2008 മുതല്‍ 2013 വരെ ലീഗില്‍ കളിച്ചു. 78 ഇന്നിങ്സുകളില്‍ നിന്ന് 2334 റണ്‍സ് നേടി. ഒരു ഐപിഎല്‍ സെഞ്ചറിയും 13 അര്‍ധസെഞ്ചറികളും സച്ചിന്‍റെ പേരിലുണ്ട്.

Sachin Tendulkar Shares Emotional Memories of Handcrafting His Iconic Cricket Bats:

Indian cricket icon Sachin Tendulkar took to social media to reflect on his deep, emotional connection with his cricket bat throughout his legendary career. He explained that a bat was never merely a playing tool, emphasizing how keenly he focused on the exact feel and balance in his hands. To get the perfect grip and shape, Tendulkar revealed that he frequently used his own carpentry kit to handcraft and fine-tune his bats. Concluding his heartfelt post, the Master Blaster shared that these cherished memories were truly about the personal craft and labor of making each bat entirely his own.