• ഞങ്ങള്‍ ആരാധകര്‍ക്ക് ആരായിരുന്നു മെസ്സി? കളിക്കളത്തില്‍ നൃത്തം ചെയ്യുന്ന നക്ഷത്രം. ഞങ്ങളുടെെയാക്കെ ആഗ്രഹത്തിന്‍റെ മനുഷ്യാവതാരം. ചങ്ങാതിക്കൂറുകൊണ്ട് നീ ഞങ്ങളെ ഒരു ചരടില്‍ കോര്‍ത്തു. ഞങ്ങളുടെമേല്‍ വൈകാരിക പരമാധികാരം നേടി. മനസ്സുകളെ...

പ്രിയപ്പെട്ട മെസ്സി, സക്കറിയയുടെ പഴയ കഥയിലേതുപോലെ ഞങ്ങള്‍ ലോലഹൃദയര്‍ക്കുവേണ്ടി സന്തോഷ പര്യവസായിയായ ഒരു പോംവഴി ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇല്ല എന്നറിയുന്നതുകൊണ്ട് നീ ഇടയ്ക്ക് ഇടറിവീണാല്‍ അനുസരണയില്ലാത്ത ആ മത്സരഫലത്തെ തള്ളിപ്പറഞ്ഞും നിന്നോടൊപ്പം നില്‍ക്കാന്‍ തയ്യാറെടുക്കുകയായിരുന്നു ഞങ്ങള്‍ ഇതുവരെ. അതിനുവേണ്ടുന്ന വിശേഷണങ്ങളും ന്യായീകരണങ്ങളും കരുതിവച്ചു. പക്ഷേ നീ അമ്പരപ്പിച്ചുകളഞ്ഞൂ മെസ്സി. രണ്ടാമതും ലോകകിരീടത്തിനടുത്ത്. തുടര്‍ച്ചയായി രണ്ടാം ഫൈനല്‍. ഞങ്ങള്‍ അന്തം അര്‍ജന്‍റീന ഫാന്‍സിന്‍റെ ഉന്മാദം ഉച്ചകോടിയിലാണ്. 

 

നിന്‍റെ വലംകയ്യില്‍ പച്ചകുത്തിയിരിക്കുന്ന രൂപമുണ്ടല്ലോ, മുള്‍ക്കിരീടം അണിഞ്ഞ  മിശിഹായുടേത്. ആ മുള്‍ക്കിരീടം അണിഞ്ഞെന്നോണം മുപ്പത്തൊമ്പതാം വയസ്സില്‍ കളത്തിലിറങ്ങിയ നിന്നെപ്രതി ഉറങ്ങാത്ത ഉത്കണ്ഠയായിരുന്നു ഞങ്ങള്‍ക്ക്. ചില കളികളില്‍ ഞങ്ങളെ ആകാംക്ഷയുടെ മുള്‍ക്കുരിശില്‍ കയറ്റി മൃതപ്രായരാക്കിയില്ലേ. പക്ഷേ എതിരാളികള്‍ വിജയം ഉറപ്പിച്ച് കളി നിര്‍ത്തിയിടത്തുനിന്ന് നീ വീണ്ടും തുടങ്ങി. ഓരോ മത്സരവും നിന്‍റെ അവസാനത്തേതാക്കാന്‍ ശ്രമിച്ചവര്‍ക്കു മുന്നില്‍ ആ അവസാന മത്സരം ഒരിക്കലും വരാതിരിക്കാനായി നിന്നെയോര്‍ത്ത് നിന്‍റെ കൂട്ടുകാര്‍ തേനീച്ചക്കൂട്ടംപോലെ എതിര്‍ഗോള്‍മുഖത്ത് ഇരമ്പിയാര്‍ത്തു. കാബോ വെര്‍ദെയും ഈജിപ്തും സ്വിറ്റ്സര്‍ലന്‍ഡും ഇംഗ്ലണ്ടും വിറപ്പിച്ചപ്പോള്‍  കൃത്യമായ ക്രോസുകളിലൂടെ എതിരാളികളെ കുരിശു ചുമപ്പിച്ചു നീ. നീ ഇപ്പോള്‍ യൗവനത്തിന്‍റെ നട്ടുച്ചയിലൊന്നുമല്ലല്ലോ. എന്നിട്ടും എന്തൊരു അധ്വാനമായിരുന്നു.  കളി കണ്ട് ചാവാറായ ഞങ്ങള്‍ ചാവേറുകളുടെ പ്രാര്‍ത്ഥന കൊണ്ടുകൂടിയാണ് ഇവിടെ‌ വരെ എത്തിയതെന്ന് ഓര്‍ക്കുമോ നീ. അല്ലെങ്കിലും നീ ഞങ്ങള്‍ക്കൊരു പുണ്യാളനാണല്ലോ.  ഇവിടെ പുരാതന പ്രസിദ്ധമായ പാലയൂര്‍ പള്ളിയില്‍ പെരുന്നാള്‍ വൈദ്യുതിപ്രഭയില്‍ പുണ്യാളന്മാര്‍ക്കൊപ്പം നിന്‍റെ രൂപവും കളിയും തെളിഞ്ഞതു വല്ലതും നീ അറിയുന്നുണ്ടോ.

 

ഞങ്ങള്‍ ആരാധകര്‍ക്ക് ആരായിരുന്നു മെസ്സി? കളിക്കളത്തില്‍ നൃത്തം ചെയ്യുന്ന നക്ഷത്രം. ഞങ്ങളുടെെയാക്കെ ആഗ്രഹത്തിന്‍റെ മനുഷ്യാവതാരം. ചങ്ങാതിക്കൂറുകൊണ്ട് നീ ഞങ്ങളെ ഒരു ചരടില്‍ കോര്‍ത്തു. ഞങ്ങളുടെമേല്‍ വൈകാരിക പരമാധികാരം നേടി. മനസ്സുകളെ കോളനിവല്‍ക്കരിച്ചു. നീ നിറംമങ്ങിയപ്പോഴൊക്കെ ഞങ്ങള്‍ക്കതു പൊറുതികെട്ട അല്ലലായി. നിന്‍റെ ചടുലനീക്കങ്ങള്‍ക്കു പിറകെ പാഞ്ഞു ഞങ്ങളുടെ കണ്ണുകള്‍.  ഗ്രൗണ്ടില്‍ നിന്നോടൊപ്പം ഞങ്ങളും അലഞ്ഞു, വേവലാതിക്കിളികളെപ്പോലെ. ഞങ്ങളുടെ കളിഭ്രാന്തിന്‍റെ നിതാന്ത കാമുകനായിരുന്നു നീ.

 

നിന്നെക്കുറിച്ചു പറയുമ്പോള്‍ ‍ഞങ്ങളുടെ വാക്കുകള്‍ക്ക് വൈകാരികഭാരം കൂടുന്നു. എംബപെയോ, ഹാരി കെയ്നോ, ഹാളണ്ടോ, റൊണാള്‍ഡോയോ, ബെലിങ്ങാമോ, മുഹമ്മദ് സലായോ നിന്നെക്കാള്‍ നന്നായി കളിച്ച ദിവസങ്ങളുണ്ടായിരിക്കാം. അതൊന്നും സമ്മതിച്ചുകൊടുക്കാനുള്ള നിര്‍ദ്ദയ നിഷ്പക്ഷത ഞങ്ങള്‍ക്കില്ല. കാരണം ഹൃദയവേഗത്തില്‍ നിന്നെ മാത്രമാണല്ലോ ഞങ്ങള്‍ അനുഗമിച്ചത്.

Soccer Football - FIFA World Cup 2026 - Semi Final - England v Argentina - Atlanta Stadium, Atlanta, Georgia, U.S. - July 15, 2026 Argentina's Lionel Messi reacts REUTERS/Paul Childs

 

ആരുണ്ടെങ്കിലും മെസ്സി  നീ വേണ്ടിയിരുന്നു.അതു ഞങ്ങള്‍ക്കുമാത്രം തോന്നിയതല്ല. ഈ ലോകകപ്പില്‍ ഓസ്ട്രിയയുമായുള്ള മത്സരത്തില്‍ ബോള്‍ പൊസഷന്‍, എന്തിന് കളി നിയന്ത്രണം പോലും ഓസ്ട്രിയയുടെ കയ്യിലായിരുന്നു. പക്ഷേ മത്സരം അര്‍ജന്‍റീന ജയിച്ചപ്പോള്‍ ഓസ്ട്രിയ കോച്ച് റാല്‍ഫ് റാംഗ്‍നിക് പറഞ്ഞത് ഓര്‍ക്കുന്നു. 'ആ മെസ്സിയാണ് കാരണം, അങ്ങേര്‍ക്ക് ഒരു മത്സരഫലം നിശ്ചയിക്കാന്‍ ഒരുപാട് അവസരങ്ങളൊന്നും വേണ്ട.'

 

ദോഷൈകദൃക്കുകള്‍, അസൂയക്കാര്‍ കളിക്കളത്തിലെ നിന്‍റെ കുറഞ്ഞ വേഗത്തെക്കുറിച്ചും നടത്തത്തെക്കുറിച്ചും നില്‍പ്പിനെക്കുറിച്ചും ഗവേഷണം നടത്തുന്നു. വാര്‍ സംവിധാനവും റഫറിമാരും സഹായിക്കുന്നു എന്ന് ആരോപിക്കുന്നു. അവര്‍ക്കൊക്കെയുള്ള മറുപടി നീ കളിക്കളത്തില്‍ തന്നെ നല്‍കി കഴിഞ്ഞു. എട്ടു ഗോളുകള്‍ മാത്രമല്ല, നിര്‍ണായക സമയത്ത്, ഇപ്പറഞ്ഞവരൊക്കെ തീരെ വിചാരിക്കാത്ത വിനാഴികയില്‍ കൃത്യമായ ക്രോസുകളിലൂടെ നല്‍കിയ നാല് അസിസ്റ്റുകള്‍, ഗോള്‍മുഖത്തേക്ക് നീ ഇതുവരെ ഉതിര്‍ത്ത 34ഷോട്ടുകള്‍, സൃഷ്ടിച്ച 25 ഗോള്‍ അവസരങ്ങള്‍.

 

Argentina's Lionel Messi (10) reacts after their win in the World Cup semifinal soccer match between England and Argentina in Atlanta, Wednesday, July 15, 2026. (AP Photo/Jacob Kupferman)

ലിയോ നീ ചാര്‍ജായാല്‍ ടീമിലാകെ ഊര്‍ജം പ്രസരിക്കും. നിന്നെപ്പറ്റി അര്‍ജന്‍റീന സിനിമ സംവിധായക ലുക്രേസിയ മാര്‍ടേല്‍ പറഞ്ഞില്ലേ ചിന്തിക്കുന്ന ശരീരം എന്ന്. അതെ, ചിന്തിക്കുന്ന ശരീരമായതുകൊണ്ടാണ് നിനക്ക് ഒരുപാട് ഓടേണ്ടിവരാത്തത്.

 

മികച്ച കളിക്കാരനും ഫുട്ബോള്‍ ആചാര്യനുമായ യോഹാന്‍ ക്രൈഫ് 'മൈ ടേണ്‍' എന്ന ആത്മകഥയില്‍ പറയുന്നുണ്ട്, ഫുട്ബോളില്‍ തല പന്തു ഹെഡ് ചെയ്യാന്‍ മാത്രമല്ലെന്ന്. കാലിനെക്കൊണ്ടു കൃത്യമായി പണിയെടുപ്പിക്കുന്നതും തലയാണ്. കളിക്കാരന്‍ പന്തിനു പിന്നാലെ ഓടുന്നത് എന്തിന്? ക്രൈഫ് തന്നെ ഉത്തരവും പറയുന്നു, വൈകി പുറപ്പെട്ടതുകൊണ്ട് എന്ന്. നേരത്തേതന്നെ നില്‍ക്കേണ്ടിടത്തു നില്‍ക്കാത്തതുകൊണ്ടാണ് പന്തിനു പിന്നാലെ വെറുതെ ഓടേണ്ടിവരുന്നതെന്നും.

ARLINGTON, TEXAS - JUNE 22: Lionel Messi #10 of Argentina celebrates after scoring his team's first goal during the FIFA World Cup 2026 Group J match between Argentina and Austria at Dallas Stadium on June 22, 2026 in Arlington, Texas. Charlotte Wilson/Getty Images/AFP (Photo by Charlotte Wilson / GETTY IMAGES NORTH AMERICA / Getty Images via AFP)

 

ബാര്‍സിലോണയിലെ പരിശീലകനായിരുന്ന പെപ് ഗ്വാര്‍ഡിയോള നിന്നെ കൃത്യമായി വിലയിരുത്തിയത് ഓര്‍ക്കുന്നു. 'മെസ്സി ശ്രദ്ധിക്കുകയാണ്, അകം പുറം. ഡിഫന്‍ഡര്‍മാരില്‍ ഏറ്റവും ദുര്‍ബലന്‍ ആരെന്നു കണ്ടെത്തും. ആദ്യത്തെ പത്തുമിനിറ്റിനകം എവിടെയാണ് തനിക്കു സ്പേസ് കിട്ടുക എന്നു മനസ്സില്‍ മാര്‍ക്കുചെയ്യും. അതുകഴിഞ്ഞാല്‍ പിന്നെ ചിന്തിക്കുന്ന ആ ശരീരം ആ വഴിക്കു ചലിച്ചുകൊള്ളുമെന്നാണ് ഗ്വാര്‍ഡിയോള പറഞ്ഞത്. കൂടെ ഗോള്‍വലയും ചലിച്ചാല്‍ ഞങ്ങള്‍ ആരാധകരുടെ മിഴികള്‍ക്ക് ഉത്സവം.

 

കളിബുദ്ധിയുടെ സിദ്ധരൂപമാണ് നീ. 'ഗെയിം ഐക്യു' എന്നൊന്നുണ്ടല്ലോ. അത് ഒരുപാട് ഓടിനടക്കലല്ല. എന്നാല്‍ എതിര്‍ഗോള്‍മുഖത്തിന് അടുത്ത് പന്തു കിട്ടിയാല്‍ നി‍ന്‍റെ കാലുകളില്‍ വേഗം എവിടെനിന്നോ കുടിയേറും. ഒരു കിക്കിന്‍റെ സ്ഫോടനവേഗത്തില്‍ വെള്ളിടിയേറ്റതിന്‍റെ മരവിപ്പുപേറി എതിരാളികളുടെ പ്രതിരോധനിര സ്വയം പഴിക്കുമ്പോള്‍ ഞങ്ങളുടെ ആരാധകതൃഷ്ണ സീല്‍ക്കാരം ഉതിര്‍ക്കും. നിനക്കറിയില്ലേ, ഞങ്ങളുടെ ശ്വാസമാണ് ആ പന്തില്‍ നിറച്ചിരിക്കുന്നത്.

 

കുറുക്കുവഴി കണ്ടുപിടിക്കുന്നതില്‍ പണ്ടേ കേമനായിരുന്നല്ലോ നീ. കൂട്ടുകാരനായ വാള്‍ട്ടര്‍ ബരേരയ്ക്കൊപ്പം സ്കൂളിലേക്ക് കുറുക്കുവഴി കണ്ടുപിടിച്ചത് റൊസാരിയോ മിലിട്ടറി ബേസിലെ മുള്ളുകമ്പിവേലി മുറിച്ചുണ്ടാക്കിയ വിടവിലൂടെയാണ്. പിന്നെപ്പിന്നെ പ്രതിരോധത്തിന്‍റെ വിടവുകളിലൂടെ ഗോള്‍വലയിലേക്കു കുറുക്കുവഴി കണ്ടുപിടിക്കലായിരുന്നു നിന്‍റെ വിനോദം. പന്താണെങ്കില്‍ ഒരു ചെള്ളുപോലെ നിന്‍റെ കാലില്‍ അമര്‍ന്നിരിക്കും. ചെള്ള് എന്ന് അര്‍ത്ഥമുള്ള ലാ പൂള്‍ഗ എന്നാണല്ലോ നാട്ടുകാര്‍ നിനക്കിട്ട ഓമനപ്പേര്.

 

എവിടെനിന്നാണ് ഇവിടെ എത്തിയതെന്ന് ഒന്നോര്‍ത്തുനോക്കൂ. രാജ്യത്തിന്‍റെ ജേഴ്സി അണിഞ്ഞാല്‍ കളി വരില്ലെന്നു പറഞ്ഞു മിശിഹായെ ക്രൂശിക്കാന്‍ ഒരുമ്പെട്ടില്ലേ നാട്ടുകാര്‍പോലും. മറഡോണ പോലും കുത്തുവാക്ക് പറഞ്ഞില്ലേ. 2014 ലോകകപ്പ് ഫൈനലിലെ നിരാശകള്‍. കോപ്പ അമേരിക്ക കിരീടവുമില്ല, ലോകകപ്പുമില്ല. തുടര്‍ച്ചയായ മൂന്നു ഫൈനലുകളിലെ തോല്‍വി. കോപ്പ അമേരിക്ക ഫൈനല്‍ ഷൂട്ടൗട്ടില്‍ പെനല്‍റ്റി പാഴാക്കിയപ്പോള്‍ കേട്ട പഴികള്‍ ഓര്‍ക്കൂ. മനംമടുത്ത് കളി ഉപേക്ഷിച്ചുപോയില്ലേ നീ. ഇത്തവണ ലോകകപ്പ് ഫൈനല്‍ നടക്കുന്ന ന്യൂജഴ്സി മെറ്റ്‍ലൈഫ് സ്റ്റേഡിയത്തില്‍ അന്നു വീണ കണ്ണീരില്‍നിന്ന് നിനക്കൊരു പുനര്‍ജന്മം കൊതിച്ചത് ഞങ്ങളാണ്. തിരികെവന്ന് നീ ഞങ്ങളുടെ ആനന്ദക്കോപ്പ ആത്മഹര്‍ഷം കൊണ്ട് നിറച്ചു. രണ്ടു കോപ്പ അമേരിക്ക കിരീടങ്ങള്‍. ഫൈനലിസിമ വിജയം, കുംഭഗോപുരമായി ലോകകപ്പും.... അര്‍ജന്‍റീനയ്ക്കായി ലോകകപ്പില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞയാളും ഏറ്റവും പ്രായം കൂടിയയാളും നീ താനേ മെസ്സീ. രണ്ടു പതിറ്റാണ്ടുകളായി എത്രയോകോടി മനുഷ്യര്‍ക്ക് എന്തൊരു രക്ഷപെടലായിരുന്നു മെസ്സീ നീ.  അതിനൊപ്പം വരുമോ നിന്‍റെ പേരിലുള്ള എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകള്‍.

 

അചഞ്ചല ധീരസ്വരൂപമായി ഫൈനല്‍ കളിക്കൂ മെസ്സീ. ജയിക്കും. ഇനി ജയിച്ചില്ലെങ്കില്‍ എന്ത്. മൂന്നു ലോകകപ്പ് ഫൈനലുകളില്‍ അര്‍ജന്‍റീനയെ എത്തിച്ചത് നീയല്ലേ. കഴിഞ്ഞ തവണ കപ്പ് നേടിയതല്ലേ. രണ്ടാമതൊരു കപ്പ് ഉണ്ടായാലും ഇല്ലെങ്കിലും ഹൃദയങ്ങള്‍ നിനക്കു തന്നെയല്ലേ.

 

ഞങ്ങള്‍ക്കിനി മെസ്സി എന്നത് മാസ്മരികതയുടെ മറ്റൊരു പേര്. അസാധ്യകാര്യങ്ങളുടെ പുണ്യാളന്‍. ഇനിയും GOAT,   Greatest Of All Time നീയല്ലെന്നു പറയുന്നവര്‍ ഉണ്ടാവാം. മരങ്ങള്‍ മൂലമാണ് കാറ്റുണ്ടാകുന്നത് എന്നു വിചാരിക്കുന്ന കുട്ടികളെപ്പോലെയാണവര്‍. അവഗണിക്കാവുന്നതേയുള്ളൂ. കാക്ക കാഷ്ഠിച്ചതുകൊണ്ട് നഷ്ടപ്പെടുന്നതല്ലല്ലോ ഗംഗയുടെ പരിശുദ്ധി.

 

ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ മുഖത്ത് ഉദ്വേഗം അസ്തമിച്ചിട്ടില്ല മെസ്സീ. ഇനി ഞങ്ങള്‍ ആ ഉത്കണ്ഠയ്ക്ക് അവധി കൊടുത്താലും നിന്നെയൊരു നിത്യഭാസുര സൗഭാഗ്യസ്മൃതിയായി കൂടെ കൊണ്ടുനടക്കും, എന്നെന്നും.

ENGLISH SUMMARY:

Lionel Messi's incredible journey to the World Cup finals has captivated fans worldwide, solidifying his status as a football legend. His remarkable skills and unwavering determination have made him an icon, inspiring millions and creating an unparalleled legacy in the sport.