Image Credit: AFP
ഒഴുകിപ്പരന്ന തലമുടിയും മെലിഞ്ഞ ശരീരവും കരുണാര്‍ദ്രമായ പുഞ്ചിരിയുമായാണ് ലൂക്കാ മോഡ്രിച്ചെന്ന ഇടയബാലന്‍ ക്രൊയേഷ്യന്‍ ഫുട്ബോളിലേക്കും അവിടെ നിന്ന് ലോകഫുട്ബോളിലേക്കും പന്തുതട്ടിക്കയറിയത്. ഒടുവില്‍ ടൊറന്‍റോയില്‍ ഫിഫ ലോകകപ്പിലെ നോക്കൗട്ടില്‍ അവസാന വിസില്‍ മുഴങ്ങുവോളം ലൂക്ക മാസ്റ്ററായി തുടര്‍ന്നു. കവിളെല്ലിനു പരുക്കേറ്റു ശസ്ത്രക്രിയയ്ക്കു വിധേയനായ മോഡ്രിച്ച് കിക്കോഫിനു മുൻപാണ് ഫിറ്റ്നസ് വീണ്ടെടുത്തത്.
2006 മുതല്‍ അഞ്ച് ലോകകപ്പുകളില്‍ ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യന്‍ സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്നു. 2018 ല്‍ ഫൈനലിലെത്തിയെങ്കിലും കപ്പ് കൈവിട്ടു. 2022 ല്‍ മൂന്നാം സ്ഥാനക്കാരായി മടക്കം. രണ്ടുവട്ടം വഴുതിപ്പോയ കപ്പുമായി മടങ്ങാനാണ് ലൂക്കയെത്തിയതെങ്കിലും വിധി മറ്റൊന്നായിരുന്നു. 23 ലോകകപ്പ് മല്‍സരങ്ങളില്‍ കളിച്ച പാവ്ലോ മാള്‍ദീനിക്കൊപ്പമാണ് ചരിത്രത്തിലിനി ലൂക്കാ മോഡ്രിച്ചിന്‍റെയും സ്ഥാനം. ഫൈനല്‍ വിസിലിന് പിന്നാലെ മോഡ്രിച്ചിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം ഏറെക്കാലം ആരാധകരുടെ മനസിലും ബാക്കിയാകും.
Croatia's Luka Modric (10) and Portugal's Cristiano Ronaldo (7) greet each other after the World Cup round of 32 soccer match between Portugal and Croatia in Toronto, Thursday, July 2, 2026. (Frank Gunn/The Canadian Press via AP)
യുദ്ധത്തിന്‍റെ നരകയാതനകളേറ്റുവാങ്ങിയ പട്ടിണിക്കാലത്തോട് പോരടിച്ച് ലോകത്തിന്‍റെ മനം കവര്‍ന്ന കഥയാണ് ലൂക്കാ മോഡ്രിച്ചിന് പറയാനുള്ളത്. 1985 സെപ്റ്റംബര്‍ ഒന്‍പതിന് യൂഗോസ്ലാവിയയിലെ സാറ്റോണ്‍ ഒബ്രോവാക്കിയിലെ മോഡ്രിച്ചിലായിരുന്നു ജനനം. അഞ്ചാം വയസുമുതല്‍ ആടുമേയ്ക്കാന്‍ പോകേണ്ടി വന്ന ലൂക്കയ്ക്ക് ഫുട്ബോളായിരുന്നു എല്ലാം. ഉയരക്കുറവുള്ളതിനാല്‍ ലൂക്കയെ പക്ഷേ ക്രൊയേഷ്യയിലെ പ്രമുഖ ക്ലബ്ബായ ഹാജുക് സ്പ്ലിറ്റ് എടുത്തില്ല. തളരാതെ മുന്നോട്ടു പോയ ലൂക്ക 2001 ല്‍ 16–ാം വയസില്‍ ഡൈനാമോ സാഗ്രെബിൽ കയറി. 2006 ൽ ക്രൊയേഷ്യൻ ദേശീയ ടീമിൽ അംഗമായെങ്കിലും രാജ്യാന്തരതലത്തിൽ തിളങ്ങാൻ കളിഞ്ഞില്ല.
2008 ല്‍ ടോട്ടനത്തിലെത്തിയതോടെ ലൂക്കയുടെ തലവര തെളിഞ്ഞു. പിന്നീട് റയല്‍ മഡ്രിഡ്രിന്‍റെ സൂപ്പര്‍ താരമായി. ആറുതവണ ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ 28 ട്രോഫികളുമായി 13 വര്‍ഷങ്ങള്‍ റയൽ മാഡ്രിഡിനൊപ്പം. തീര്‍ത്തും അപ്രസക്തമെന്ന് തോന്നിക്കുന്ന ഒരു ടേൺ, പന്തിനെ കാലുകൊണ്ടു തഴുകിയൊരു ഫസ്റ്റ് ടച്ച്, പുറം കാലുകൊണ്ടൊരു ട്രിവേല,മൈതാന മധ്യത്തിൽ ശാന്തനായി നിലയുറപ്പിക്കുന്ന മാന്ത്രികനായിരുന്നു ലൂക്ക. പന്തടക്കം, കളിയുടെ ഒഴുക്ക് മുൻകൂട്ടി കാണാനുള്ള കഴിവ്, പാസിങ്ങിലെ കൃത്യതയും, കഠിനാധ്വാനവും ലൂക്കയുടെ കളിയെ മനോഹരമാക്കി. ആക്രമണത്തിലും പ്രതിരോധത്തിലും ലൂക്ക ഒരുപോലെ അവതരിച്ചു. സമ്മർദ സാഹചര്യങ്ങളിൽ എതിരാളികളെ ക്ലീനായി ടാക്കിൾ ചെയ്തു. 2018ൽ മെസ്സിയെയും റൊണാൾഡോയെയും കാഴ്ചക്കാരാക്കി മുപ്പത്തിമൂന്നുകാരൻ ലൂക്ക ബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കിയപ്പോൾ ആ വർഷം ചാംപ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെതിരെ ലൂക്ക നടത്തിയ പ്രകടനമോർത്ത് ഫുട്ബോൾ ലോകം നിശ്ശബ്ദമായി ചിരിച്ചു.
മിഡ്ഫീൽഡ് മാസ്ട്രോന്നും കാൽപന്തുകളിയിലെ പാവക്കൂത്തുകാരനെന്നും, ഓർക്കസ്ട്ര മാസ്റ്റർ, മിഡ്ഫീൽഡ് മാന്ത്രികനെന്നുമെല്ലാം വിളിച്ചിട്ടും ആരാധകര്‍ക്ക് മതിവന്നില്ല. കളിക്കളത്തില്‍ അസാധ്യ പ്ലേ മേക്കറായി ലൂക്കാ മോഡ്രിച്ച് തുടര്‍ന്നു. ലോകഫുട്ബോളില്‍ അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ച വയ്ക്കാന്‍ പാകത്തില്‍ അയാള്‍ ക്രൊയേഷ്യയെ വളര്‍ത്തിയെടുത്തു. മൈതാനത്ത് നിശബ്ദ സംഗീതം തീര്‍ക്കാന്‍ ഇനി ലൂക്കാ മോഡ്രിച്ചില്ല. പക്ഷേ ഫുട്ബോള്‍ ആരാധകരുടെ നെഞ്ചില്‍ ലൂക്ക എന്നുമുണ്ടാകും.