അടുത്തിടെയാണ് ഐപിഎല്‍ മല്‍സരത്തിനിടെ ഇ– സിഗരറ്റ് വലിക്കുന്ന (വേപ്പിങ്) രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്ന്. സംഭവം വിവാദമാകുകയും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെയിതാ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടുമൊരു ഇ–സിഗററ്റ് വിവാദം. ഇത്തവണ പഞ്ചാബ് കിങ്സ് സ്പിന്നർ യുസ്​വേന്ദ്ര ചഹലാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. വിമാനത്തിൽ ഇ–സിഗരറ്റ് വലിക്കുന്ന ചഹലിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അഹമ്മദാബാദിൽ നിന്ന് ഹൈദരാബാദിലേക്ക് പഞ്ചാബ് കിങ്സ് ടീമിനൊപ്പം യാത്ര ചെയ്യുമ്പോൾ വിമാനത്തില്‍ വച്ച് ചഹല്‍ വേപ്പ് ഉപയോഗിച്ചു എന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അർഷ്ദീപ് സിങ് വിമാനത്തില്‍ നിന്നെടുത്ത ഒരു വ്ളോഗിലാണ് ചഹല്‍ പെട്ടത്. ഈ ഭാഗം മാത്രം എടുത്തുകാണിച്ചാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയ്ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. വിമാനത്തിലുള്ളവരുടെ മുഴുവന്‍ ജീവന്‍ അപകടത്തിലാക്കുന്നതാണ് ചഹലിന്‍റെ പ്രവൃത്തിയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

അതേസമയം, സംഭവത്തില്‍ ചഹലോ പഞ്ചാബ് കിങ്സോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, വിഡിയോയുടെ ആധികാരികതയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചഹല്‍ വേപ്പ് ഉപയോഗിച്ചിട്ടില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വാദിക്കുന്നവരുമുണ്ട്.

നേരത്തേ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന്റെ ഡ്രസ്സിംഗ് റൂമിനുള്ളിൽ വേപ്പ് ചെയ്തതിന് പിന്നാലെയാണ് റിയാന്‍ പരാഗ് വിവാദത്തിലായത്. തുടര്‍ന്ന് ഐപിഎല്‍ പെരുമാറ്റചട്ടം ലംഘിച്ചതിന് റിയാഗിന് ശിക്ഷയും ലഭിച്ചിരുന്നു. മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെരിറ്റ് പോയിന്‍റുമാണ് ശിക്ഷ വിധിച്ചത്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ആര്‍ട്ടിക്കിള്‍ 2.21 പ്രകാരം, കളിയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുന്ന ലെവല്‍ 1 കുറ്റകൃത്യമായാണ് റിയാന്‍ പരാഗിന്‍റെ പ്രവൃത്തിയെ പരിഗണിച്ചത്. സംഭവത്തില്‍ റിയാന്‍ പരാഗും കുറ്റം സമ്മതിച്ചിരുന്നു.

സംഭവത്തില്‍ അന്ന് പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനും രംഗത്തെത്തിയിരുന്നു. ഐപിഎൽ മത്സരത്തിനിടെ റിയാൻ പരാഗ് വേപ്പിങ് നടത്തിയ സംഭവം ഒഴിവാക്കാമായിരുന്ന ഒന്നാണെന്നാണ് അശ്വിന്‍ പറഞ്ഞത്. പൊതുസ്ഥലങ്ങളിലെ അവരുടെ പ്രവൃത്തികളിൽ യുവതാരങ്ങൾ ശ്രദ്ധാലുവായിരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇത്തരം പ്രവൃത്തികള്‍ താരങ്ങളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പായിരിക്കും പക്ഷേ, വ്യക്തിപരമായ തിരഞ്ഞെടുപ്പ് സ്വകാര്യ ഇടത്തിലായിരിക്കണമെന്നും അശ്വിന്‍ പറഞ്ഞു.

മുന്‍പും പുകവലിക്കുന്നതിന്‍റെ പേരില്‍ ചഹല്‍ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. കാറോടിക്കുന്നതിനിടെ സിഗരറ്റ് വലിക്കുകയും ശേഷം അതിന്‍റെ കുറ്റി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ചഹലിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇ–സിഗററ്റ് എന്ന് അപകടം

ആഗോളതലത്തില്‍ ഒന്നരക്കോടി കുട്ടികളടക്കം പത്ത് കോടിയിലധികം പേര്‍ ഇ–സിഗരറ്റ് ഉപയോഗിക്കുന്നതായാണ് ലോകാരോഗ്യ സംഘനടനയുടെ കഴിഞ്ഞ വര്‍ഷത്തെ കണ്ടെത്തല്‍. ഇ–സിഗരറ്റ് അഥവാ വേപ്പിങ് ഉപയോഗത്തിലൂടെ പതിയെ പതിയെ നിക്കോട്ടിന് അടിമപ്പെടുകയാണ് ചെയ്യുക. ഹാനികരമായ പുകയില ഉല്‍പന്നങ്ങളെപ്പോലെയല്ലെന്നും, ആരോഗ്യത്തിന് അത്ര ദോഷകരമല്ലയെന്ന പേരിലാണ് ഇവ വിപണിയിലെത്തുന്നത്. എന്നാല്‍ വേപ്പിങ് സ്ലോ പോയിസനിങ് ഇഫക്ടാണ് ഉണ്ടാക്കുന്നത്. 2019 ലെ നിയമപ്രകാരം ഇന്ത്യയിൽ ഇ-സിഗരറ്റുകൾ നിരോധിച്ചിട്ടുണ്ട്. ഉത്പാദനം, വിൽപ്പന, ഉപയോഗം എന്നിവയ്ക്ക ഇന്ത്യയില്‍ നിരോധനമുണ്ട്.

Yuzvendra Chahal Vaping Controversy:

After the recent controversy involving Rajasthan Royals captain Riyan Parag, Indian spinner Yuzvendra Chahal has now landed in trouble over alleged e-cigarette use. A video clip, reportedly from a vlog recorded by Arshdeep Singh during a Punjab Kings team flight, appears to show Chahal vaping while traveling from Ahmedabad to Hyderabad. While the authenticity of the video is yet to be confirmed, it has sparked a massive debate on social media regarding the conduct of senior players. Previously, Riyan Parag was fined 25% of his match fee for a similar offense in the dressing room, which was deemed a breach of the IPL Code of Conduct. The incident has also brought renewed focus on the health risks of vaping and its legal ban in India since 2019.