ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ വീണ്ടും ക്യാച്ച് നഷ്ടപ്പെടുത്തി പഞ്ചാബ് കിങ്സ് താരം ശശാങ്ക് സിങ്. കെ.എല്‍ രാഹുലിന്‍റെ അനായാസ ക്യാച്ചാണ് ശശാങ്ക് സിങ് ഇത്തവണ നഷ്ടപ്പെടുത്തിയത്. ഉടനെ തന്നെ മറ്റൊരു അവസരം കൂടി കളഞ്ഞതോടെ ശശാങ്കിനെ പഞ്ചാബ് ഗ്രൗണ്ടില്‍ നിന്നും പിന്‍വലിച്ചു. 

മൂന്നാം ഓവറില്‍  അര്‍ഷദീപിന്‍റെ പന്തിലാണ് കയ്യിലേക്ക് വന്ന ക്യാച്ച് ശശാങ്ക് നഷ്ടപ്പെടുത്തി കളഞ്ഞത്. ലെഗ് സൈഡിലേക്കുള്ള രാഹുലിന്‍റെ ഷോട്ട് കൃത്യം ശശാങ്കിന്‍റെ കയ്യിലേക്കായിരുന്നു. ഓസ്ട്രേലിയൻ റിവേഴ്സ്-കപ്പ് ടെക്നിക് വഴി ക്യാച്ചെടുക്കാന്‍ നോക്കിയ ശശാങ്കിന് പിഴച്ചു. അതേസമയം ക്യാച്ചെന്ന് കരുതി അര്‍ഷദീപ് ആഘോഷം തുടങ്ങിയിരുന്നു. മറ്റൊരു അവസരം കൂടി കളഞ്ഞതോടെ ശശാങ്കിനെ  കളത്തിൽ നിന്ന് പുറത്താക്കി, പകരം യുവതാരം സൂര്യാൻഷ് ഷെഡ്ജ് കളത്തിലിറങ്ങി.

12 റണ്‍സില്‍ നില്‍ക്കെയാണ് ശശാങ്ക് കെ.എല്‍ രാഹുലിന്‍റെ ക്യാച്ച് വിട്ടു കളയുന്നത്. പിന്നീട് മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ച ഇന്നിങ്സായിരുന്നു രാഹുലിന്‍റേത്. 26 പന്തില്‍ അര്‍ധ സെഞ്ചറി തികച്ച രാഹുല്‍ 152 റണ്‍സാണ് ഇന്നിങ്സില്‍ കൂട്ടിച്ചേര്‍ത്തത്. 46 പന്തില്‍ നിന്നായിരുന്നു രാഹുല്‍ 100 കടന്നത്. ഐപിഎല്ലില്‍ രാഹുലിന്‍റെ ആറാമത്തെ സെഞ്ചറിയാണിത്. 

മത്സരത്തില്‍ പുറത്താകാതെയാണ് രാഹുല്‍ 152 റണ്‍സ് നേടിയത്. ഇത് ട്വന്‍റി 20യിലെ മൂന്നാമത്തെ ഏറ്റവും വലിയ വ്യക്തിഗത സ്കോറാണ്. ഇന്ത്യന്‍ താരത്തിന്‍റെ ഐപിഎല്ലിലെയും ട്വന്‍റി 20യിലെയും ഉയര്‍ന്ന സ്കോറും രാഹുലന്‍റെ േപരിലാണ്. ക്രിസ് ഗെയിലിനും ബ്രണ്ടന്‍ മക്കല്ലത്തിനും ശേഷം ഐപിഎലില്‍ 150ന് മുകളില്‍ സ്കോര്‍ നേടുന്ന താരവുമായി രാഹുല്‍. രണ്ടാം വിക്കറ്റില്‍ രാഹുല്‍ – നിഥീഷ് റാണ കൂട്ടുകെട്ട് 220 റണ്‍സാണ് നേടിയത്.

ENGLISH SUMMARY:

Shashank Singh dropped a crucial catch off KL Rahul during the Punjab Kings vs Delhi Capitals match, leading to his replacement. KL Rahul went on to score a magnificent century, influencing the game's outcome.