Brock Lesnar takes his boots off in the ring as he appears to retire following his loss to Oba Femi in their match during WrestleMania 42 at Allegiant Stadium on April 19, 2026 in Las Vegas
സ്പോർട്സ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെയും എംഎംഎയുടെയും ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന കരിയറുകളിലൊന്നിന് റെസിൽമാനിയ 42-ന്‍റെ രണ്ടാം ദിനം തിരശ്ശീല വീണു. ‘ഷോ കേസ് ഓഫ് ദി ഇമ്മോർട്ടൽസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന റെസിൽമാനിയയിലെ ഏറ്റവും ആവേശം നിറഞ്ഞ മല്‍സരമായി ബ്രോക്ക് ലെസ്നറും ഒബ ഫെമിയും തമ്മിലുള്ള പോരാട്ടം. 4 മിനിറ്റും 46 സെക്കൻഡും മാത്രം നീണ്ടുനിന്ന മല്‍സരത്തില്‍ പരിചയസമ്പന്നനായ ലെസ്നറെ ഒബ പരാജയപ്പെടുത്തി.
മല്‍സരത്തേക്കാള്‍ നാടകീയത നിറഞ്ഞതായിരുന്നു മല്‍സരശേഷമുള്ള ബ്രോക്ക് ലെസ്നറുടെ പടിയിറക്കം. ഒബ ഫെമിയോടുള്ള തോൽവിക്ക് ശേഷം, വിരമിക്കലിന്‍റെ അടയാളമായി, റിങ്ങിന്‍റെ മധ്യത്തിലിരുന്ന് ഗ്ലൗസുകളും ബൂട്ടുകളും അഴിച്ചുമാറ്റി. വികാരഭരിതനായി അദ്ദേഹം ആരാധകർക്ക് നേരെ കൈകളുയർത്തി. പിന്നാലെ അദ്ദേഹത്തിന്‍റെ മാനേജർ പോൾ ഹെയ്മൻ റിങ്ങിലെത്തി. തുടർന്ന് ലെസ്നർ ഹെയ്മനെ ആലിംഗനം ചെയ്തു.
ആധുനിക റെസ്‌ലിങ് ചരിത്രത്തിലെ ഏറ്റവും ആധിപത്യം നിറഞ്ഞ ഒരു യുഗം അവസാനിച്ചുവെന്നതിന്‍റെ അടയാളപ്പെടുത്തലായി ബ്രോക്ക് ലെസ്നറിന്‍റെ നീക്കം. ബാക്ക്സ്റ്റേജിലേക്ക് മടങ്ങാനായി റാമ്പിലൂടെ നടന്നുനീങ്ങിയ ലെസ്നറെ, 'താങ്ക് യൂ ബ്രോക്ക്' എന്ന ആരവത്തോടെയാണ് സ്റ്റേഡിയം യാത്രയാക്കിയത്. റിങ്ങിന് നടുവിൽ തന്‍റെ ബൂട്ടുകളും ഗ്ലൗസുകളും ഉപേക്ഷിച്ചതോടെ, ബ്രോക്ക് ലെസ്നർ ഡബ്ല്യുഡബ്ല്യുഇയിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു എന്നതിന്‍റെ സൂചനയായി ആരാധകര്‍ കാണുന്നു.
എന്നാല്‍ ബ്രോക്ക് ലെസ്നര്‍ വിരമിച്ചിട്ടില്ലെന്നും ഒരിക്കല്‍ കൂടി റിങ്ങിലേക്ക് മടങ്ങിവരുമെന്നും പ്രതീക്ഷിക്കുന്ന ആരാധകരുമുണ്ട്. മറ്റൊരു തിരക്കഥയനുസരിച്ച്, റെസിൽമാനിയ 42-ലെ ആദ്യദിനത്തിലെ മല്‍സരത്തില്‍ സെത്ത് റോളിൻസിനെ തോൽപ്പിച്ചാൽ പോൾ ഹെയ്മന്റെ ഒരു സഹായം തനിക്ക് വേണ്ടിവരുമെന്ന് ജര്‍മന്‍ താരമായ ഗന്തർ നേരത്തെ പറഞ്ഞിരുന്നു. ഗന്തർ റോളിൻസിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതിന്‍റെ തുടർച്ചയായി സമ്മർസ്ലാമിൽ ബ്രോക്ക് ലെസ്നറുമായി ഒരു പോരാട്ടം ഗന്തർ ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഗോൾഡ്ബെർഗ്, എജെ സ്റ്റൈൽസ്, ജോൺ സീന തുടങ്ങിയ ഇതിഹാസ താരങ്ങളുടെയെല്ലാം കരിയർ അവസാനിപ്പിച്ച 'കരിയർ കില്ലർ' എന്ന തന്റെ പേര് അന്വർഥമാക്കുന്നതായിരിക്കും ഗന്തറിന് ഈ മല്‍സരം. സമ്മര്‍ സ്ലാം നടക്കുന്നത് ലെസ്നറുടെ ജന്മനാടായ മിനസോട്ടയിലെ മിനിയപൊളിസിൽ വെച്ചാണെന്നതിനാൽ, വിടവാങ്ങൽ മല്‍സരത്തിന് ഏറ്റവും അനുയോജ്യമായ വേദി കൂടിയായിരിക്കും ഇത്.