ഏഷ്യന്‍ ഗെയിംസ് ഗുസ്തി സെലക്ഷന്‍ ട്രയല്‍സില്‍, വനിതകളുടെ 53 കിലോ വിഭാഗത്തില്‍ ഗുസ്തി താരം വിനേഷ് ഫൊഗാട്ട് പുറത്ത്. 4-6ന് ഹരിയാനയുടെ മീനാക്ഷിയോടാണ് വിനേഷ് ഫൊഗാട്ട് തോറ്റത്. അപ്രതീക്ഷിത തോൽവിയോടെ ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് പുറത്തായിരിക്കുകയാണ് താരം.
ഫെഡറേഷന്റെ നിയമക്കുരുക്കുകളെ സുപ്രീം കോടതി വരെ പോരാട്ടം നയിച്ച് തോൽപ്പിച്ച് ഗോദയിലെത്തിയ താരം വാശിയേറിയ മത്സരത്തിനൊടുവിലാണ് പൊരുതിവീണത്. ആദ്യ റൗണ്ടിൽ ജ്യോതിയെ 7-1 ന് തകർത്ത വിനേഷ് ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. തുടർന്ന് നടന്ന ക്വാർട്ടർ ഫൈനലിലും ഹരിയാനയുടെ നിഷുവിനെയും താരം മറികടന്നു.
എന്നാൽ ഫൈനൽ പ്രവേശനത്തിനായുള്ള സെമിഫൈനൽ പോരാട്ടത്തിലാണ് മീനാക്ഷി ഗോയറ്റിനോട് വിനേഷ് ഫോഗട്ട് പരാജയം ഏറ്റുവാങ്ങിയത്. 53 കിലോഗ്രാമിൽ മത്സരിക്കാൻ ശനിയാഴ്ച രാവിലെ വരെ വിനേഷിന് വലിയ പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. ഒടുവിൽ ഫെഡറേഷൻ അനുമതി നൽകിയതോടെയാണ് താരം ഗോദയിലിറങ്ങിയത്.