Raipur: Royal Challengers Bengaluru's Virat Kohli during a practice session ahead of an Indian Premier League (IPL) 2026 T20 cricket match between Royal Challengers Bengaluru and Kolkata Knight Riders, in Raipur, Chhattisgarh, Tuesday, May 12, 2026. (PTI Photo/Atul Yadav)(PTI05_12_2026_000224A) *** Local Caption ***
സൂപ്പര്‍താരം വിരാട് കോലി സോഷ്യല്‍ നെറ്റ്വര്ക് സൈറ്റായ ലിങ്ക്ഡ്ഇനില്‍. പൊതുവേ ആളുകള്‍ കൂടുതലായും ജോലി അന്വേഷണത്തിന് ചേരുന്ന സൈറ്റില്‍ കോലിക്ക് ഈ 37–ാം വയസില്‍ എന്താണ് കാര്യമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന ചര്‍ച്ച. ക്രിക്കറ്റിന് പുറത്ത് ബ്രാന്‍ഡുകളുടെയും ഇഷ്ട തോഴനാണ് കോലി. നിലവില്‍ സ്പോര്ട്സ്വെയര് ബ്രാന്‍ഡായ അജിലിറ്റിയാസിന്‍റെ നിക്ഷേപകനും വണ്‍ 8 വേള്‍ഡ് ബ്രാന്‍ഡിന്‍റെ സഹസ്ഥാപകനും കൂടിയാണ് താരം. മാസങ്ങള്‍ക്ക് മുന്‍പാണ് താരനിബിഡമായ ഡല്‍ഹിയിലെ വേദിയില്‍ അജിലിറ്റിയാസ് താരം അവതരിപ്പിച്ചത്.
സാമാന്യം ദൈര്‍ഘ്യമുള്ള പോസ്റ്റോടെയാണ് ലിങ്ക്ഡ്ഇനിലെ കോലിയുടെ പ്രവേശം. 'എല്ലാ തരം സ്പോര്‍ട്സും പിന്തുടരുന്ന, ആഘോഷിക്കുന്ന, കളിക്കുന്ന ഇടമായി ഇന്ത്യ മാറണമെന്ന് ഞാന്‍ എക്കാലവും ആഗ്രഹിച്ചിട്ടുണ്ട്. ഇന്ന് ആ കാഴ്ചപ്പാട് കൂടുതല്‍ കൃത്യവും വ്യക്തവും അടുത്തുമാണ്. ലോകോത്തര അത്ലീറ്റുകളെയും ആഗോളതലത്തില്‍ കിടപിടിക്കാന്‍ പോന്ന ബ്രാന്‍ഡുകളെയും നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നതിന് പുതുതലമുറ സാക്ഷിയാണ്. സ്പോര്‍ട്സിനായി എല്ലാം ലഭ്യമായൊരു പ്ലാറ്റ്ഫോം അതും ഇന്ത്യയില്‍ നിന്ന്, ഉല്‍പാദനം, കണ്‍സ്യൂമര്‍ ബ്രാന്‍ഡ്, സ്പോര്‍ട്സ് ഡിസ്ട്രിബ്യൂഷന്‍ എന്നിങ്ങന എല്ലാം. പങ്കെടുക്കാന്‍ മാത്രമല്ല, ഭാവിയില്‍ കായികരംഗത്തെ പരുവപ്പെടുത്താന്‍ കൂടി ഇന്ത്യയ്ക്ക് കഴിയുമെന്ന വിശ്വാസം കൂടിയാണത്. അതുകൊണ്ടാണ് ഞാന്‍ അജിലിറ്റിയാസില്‍ നിക്ഷേപകനും, വണ്‍ 8 വേള്‍ഡിന്‍റെ സഹസ്ഥാപകനും സഹനിര്‍മാതാവുമായത്. എന്റെ കരിയറിലുടനീളം ഞാന്‍ പുലര്‍ത്തിയ വിശ്വാസത്തിന് മേലാണ് വണ്‍ 8 വേള്‍ഡ് കെട്ടിപ്പടുത്തിരിക്കുന്നത്. അതിര്‍ത്തികളെ കുറേക്കൂടി വിശാലമാക്കുകയും നിലവാരം വര്‍ധിപ്പിക്കുകയും കാര്യങ്ങളെ വ്യത്യസ്തമായും ചെയ്താല്‍ മാത്രമേ പുരോഗതി കൈവരുകയുള്ളൂ.
അങ്ങനെയാണ് ഈ ബ്രാന്‍ഡിനെ ലോകത്തിന് മുന്നില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്ന, എന്‍റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത നിമിഷങ്ങള്‍ എനിക്ക് തന്ന എന്‍റെ നഗരത്തില്‍ വച്ച് ആ സ്വപ്നം യാഥാര്‍ഥ്യമാകുന്നത് ഞാന്‍ കണ്ടു. ലക്ഷ്യം വ്യക്തമാണ്. നമുക്കപ്പുറത്തേക്ക് നിലനില്‍ക്കുന്നതൊന്നിന് രൂപം നല്‍കാന്‍ സമയമായി. ആ യാത്രയിലാണ് ഇപ്പോള്‍'- കോലിയുടെ കുറിപ്പില്‍ പറയുന്നു.
സ്വന്തം ബ്രാന്‍ഡ് വളര്‍ത്തുന്നതിനായി പ്രമുഖ സ്പോര്‍ട്സ് ബ്രാന്‍ഡായ പ്യൂമ വാഗ്ദാനം ചെയ്ത 300 കോടിയുടെ കരാറാണ് കോലി വേണ്ടെന്ന് വച്ചത്. പകരം അജിലിറ്റിയാസില്‍ 40 കോടി നിക്ഷേപിക്കുകയും വണ്‍ 8 വേള്‍ഡിനായി ഇറങ്ങുകയും ചെയ്തു. പ്യൂമ ഇന്ത്യ– സൗത്ത് ഈസ്റ്റ് ഏഷ്യ എംഡിയായിരുന്ന അഭിഷേക് ഗാംഗുലിയും അതുല്‍ ബജാജും അമിത് പ്രഭും ചേര്‍ന്ന് 2023ലാണ് അജിലിറ്റിയാസ് സ്ഥാപിച്ചത്.