ചൈനീസ് ഗ്രാൻഡ് പ്രീ യോഗ്യതാ റൗണ്ടില്‍ മെഴ്സിഡീസിനായി ട്രാക്കിലിറങ്ങിയ ഇറ്റാലിയൻ കൗമാരതാരം കിമി ആന്റൊണെല്ലി ഫോർമുല വൺ ചരിത്രത്തിൽ പുതിയ റെക്കോർഡിട്ടു. ഗ്രാൻഡ് പ്രീയിൽ പോൾ പൊസിഷൻ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് 19-കാരനായ ആന്റൊണെല്ലി സ്വന്തമാക്കിയത്.  2008ൽ ജർമൻ താരം സെബാസ്റ്റ്യൻ വെറ്റൽ 21-ാം വയസ്സിൽ സ്ഥാപിച്ച ഗ്രാൻപ്രി റെക്കോർഡാണ് അന്റോണെല്ലി തകർത്തെറിഞ്ഞത്. കഴിഞ്ഞ വർഷത്തെ മയാമി സ്പ്രിന്റ് റേസിന്റെ യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയതോടെ, ഏതു ഫോർമാറ്റിലും പോൾ പൊസിഷൻ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം, 18ാം വയസില്‍ അന്റോണെല്ലി സ്വന്തമാക്കിയിരുന്നു. 

ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തുള്ള സഹതാരം ജോർജ് റസലിനെക്കാള്‍ 0.222 സെക്കൻഡ് വേഗത്തിലായിരുന്നു ആന്റൊണെല്ലിയുടെ പ്രകടനം. നേരത്തേ കാറിന് സാങ്കേതിക തകരാറുണ്ടായിട്ടും രണ്ടാം സ്ഥാനത്തെത്തിയ റസലിലൂടെ മെഴ്സിഡീസ് മുൻനിര രണ്ടും സ്വന്തമാക്കി. അവസാന ഘട്ടത്തിന്റെ തുടക്കത്തിൽ ട്രാക്കിൽ കാർ നിന്നുപോയതിനെ തുടർന്ന് റസ്സലിന് ഒരു ലാപ്പ് മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ. ബാറ്ററിയില്ലെന്നും ഗിയർ മാറ്റാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം റേഡിയോയിലൂടെ അറിയിച്ചിരുന്നു. കാർ വീണ്ടും സ്റ്റാർട്ട് ചെയ്ത് പിറ്റ്‌സിലേക്ക് മടങ്ങാൻ ബ്രിട്ടിഷ് താരത്തിന് കഴിഞ്ഞു. ചെക്കേഡ് ഫ്ലാഗ് വീശുന്നതിനു മുൻപ് റസലിനെ ട്രാക്കിലേക്ക് തിരിച്ചിറക്കാൻ മെക്കാനിക്കുകൾ അതിവേഗം പ്രവർത്തിച്ചു.

വെര്‍സ്റ്റാപ്പന് വേഗം പോരാ

ഫെറാരിയുടെ ലൂയിസ് ഹാമിൽട്ടൺ നാളെ മൂന്നാം സ്ഥാനനത്ത് മല്‍സരം തുടങ്ങും. ക്വാളിഫയറില്‍ സഹതാരം ഷാല്‍ ലെക്ലയര്‍ നാലാം സ്ഥാനം നേടി. മക്‌ലാരന്റെ ഓസ്കർ പിയാസ്ട്രിയും നിലവിലെ ചാംപ്യൻ ലാൻഡോ നോറിസും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങൾ സ്വന്തമാക്കി. റെനോയുടെ ഉടമസ്ഥതയിലുള്ള ആൽപിൻ ടീമിനുവേണ്ടി പിയറി ഗാസ്‌ലി ഏഴാമതെത്തിയപ്പോൾ, നാലു തവണ ലോക ചാംപ്യനായ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡച്ച് താരത്തിന്റെ പുതിയ സഹതാരം ഇസാക് ഹദ്‌ജാർ ഒൻപതാം സ്ഥാനം നേടി. ഫെറാരി എൻജിൻ ഉപയോഗിക്കുന്ന ഹാസ് ടീമിന്റെ ഒലിവർ ബെയർമാനാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റൊരാൾ. വില്യംസ്, ആസ്റ്റൺ മാർട്ടിൻ, പുതുമുഖങ്ങളായ കാഡിലാക് എന്നീ ടീമുകളിലെ ഡ്രൈവർമാർക്ക് യോഗ്യതാറൗണ്ടിന്റെ ആദ്യ ഘട്ടം കടക്കാനായില്ല. കാഡിലാക്കിന്റെ പരിചയസമ്പന്നനായ ഫിൻലൻഡ് താരം വാൽറ്റേരി ബോട്ടാസ്, ആസ്റ്റൺ മാർട്ടിന്റെ ലാൻസ് സ്ട്രോളിനെ മറികടന്നു. അമിതഭാരമുള്ള കാറുമായി വില്യംസ് ടീം ഇത്തവണയും ബുദ്ധിമുട്ടുകയാണ്. പതിനെട്ടാം സ്ഥാനത്താണ് വില്യംസ് ഡ്രൈവർ അലക്സ് ആൽബൺ ഫിനിഷ് ചെയ്തത്