Navi Mumbai: India s coach Amol Muzumdar waves the Indian tricolour after the team won the ICC Women's World Cup 2025, at the DY Patil Stadium, in Navi Mumbai, early Monday, Nov. 3, 2025. (PTI Photo/Kunal Patil) (PTI11_03_2025_000086B)
ഏകദിന വനിതാ ലോകകപ്പ് നേടാന്‍ ടീം ഇന്ത്യയെ പ്രാപ്തനാക്കിയ കോച്ച് അമോല്‍ മജുംദാറിന് ആവേശോജ്വല വരവേല്‍പ്പ് നല്‍കി മുംബൈ. റോസാപ്പൂക്കള്‍ വിതറി, വാദ്യഘോഷങ്ങളോടെയാണ് ചാംപ്യന്‍മാരെ സൃഷ്ടിച്ച കോച്ചിന് നാട് ആദരം നല്‍കിയത്. ലോകകപ്പ് ജയം രാജ്യത്തെ വനിതകളുടേതാണെന്നും പുരോഗതിയിലേക്കുള്ള വഴി സ്പോര്‍ട്സാണെന്നും അമോല്‍ നാട്ടുകാരുടെ സ്നേഹത്തിന് മറുപടിയായി പറഞ്ഞു. ക്രിക്കറ്റിന് നല്‍കുന്ന സ്നേഹം മറ്റ് കായികയിനങ്ങള്‍ക്ക് കൂടി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഭയും പ്രയത്നവും ഇന്നല്ലെങ്കില്‍ നാളെ അംഗീകരിക്കപ്പെടുമെന്നാണ് അമോലിനുള്ള വികാരനിര്‍ഭരമായ കുറിപ്പില്‍ നടന്‍ മാധവന്‍ കുറിച്ചത്. ഭാഗ്യംകെട്ടവനെന്ന് തന്നെ നോക്കി ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞവരെ കൊണ്ട് തിരുത്തിപ്പറയിപ്പിക്കുകയാണ് അമോല്‍ അനില്‍ മജുംദാര്‍. തളരാത്ത പോരാട്ടവീര്യമെന്നൊക്കെ കേട്ടിട്ടില്ലേ? അതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് മുംബൈയുടെ മുന്‍ താരം. വെടിക്കെട്ട് ബാറ്ററായും കമന്‍റേറ്ററായും ഐപിഎലില്‍ രാജസ്ഥാന്‍റെ മെന്‍ററായുമെല്ലാം തിളങ്ങിയ ചരിത്രമാണ് അമോലിനുള്ളത്.
സ്വപ്നമായി ശേഷിച്ച ആ ക്യാപ്പ്
ആഭ്യന്തര ക്രിക്കറ്റിലെ ഹീറോയായിരുന്നു അമോല്‍. ശിവജി പാര്‍ക്കില്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങിയ അമോല്‍ രഞ്ജി അരങ്ങേറ്റത്തില്‍ 260 റണ്‍സെന്ന കൂറ്റന്‍ സ്കോറോടെ വരവറിയിച്ചു. അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാണ് ആ വരവെന്ന് മാധ്യമങ്ങളും വിദഗ്ധരും വിലയിരുത്തി. ബാറ്റങിലെ സാങ്കേതികത്തികവിന് പകരം വയ്ക്കാനൊന്നുമില്ലെന്ന് ആ കളി കണ്ടവരെല്ലാം വാഴ്ത്തി. പ്രതിഭകളുടെ ധാരാളിത്തമുള്ള കാലമായതിനാല്‍ പക്ഷേ ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നില്ല. സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്.ലക്ഷ്മണ്‍, ഗാംഗുലി എന്നിവര്‍ സൂപ്പര്‍താരങ്ങളായപ്പോള്‍ അമോല്‍ ആഭ്യന്തര ക്രിക്കറ്റിലൊതുങ്ങി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 30 സെഞ്ചറികളുള്‍പ്പടെ 11,167 റണ്‍സ് നേടിയ അമോലിന് രാജ്യത്തിനായി ഒരിക്കല്‍ പോലും കളിക്കാന്‍ കഴിഞ്ഞില്ല. 21 വര്‍ഷം നീണ്ട കരിയറിനൊടുവില്‍ 2014ല്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ വാഴ്ത്തപ്പെടാത്ത ഹീറോയാണ് അമോലെന്ന് അന്ന് രോഹിത് ശര്‍മ ട്വിറ്ററില്‍ കുറിച്ചു.
Mumbai: Indian women's national cricket team head coach Amol Muzumdar with captain Harmanpreet Kaur during a practice session ahead of the 1st T20I cricket match between India and England, at Wankhede Stadium, in Mumbai, Tuesday, Dec. 5, 2023. (PTI Photo/Kunal Patil)(PTI12_05_2023_000298B)
2023 ഒക്ടോബറിലാണ് അമോല്‍ ഇന്ത്യന്‍ വനിതാ ടീമിന്‍റെ കോച്ചായി ചുമതലയേല്‍ക്കുന്നത്. രമേഷ് പവാറിന്‍റെ വിവാദ വിടവാങ്ങലിന് ശേഷം ടീം ഉലഞ്ഞിരുന്ന കാലംകൂടിയായിരുന്നു അത്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങി മുന്‍നിര ടീമുകള്‍ക്കെതിരെയെല്ലാം പരാജയപ്പെട്ട് ഇന്ത്യന്‍ വനിതകള്‍ കടുത്ത സമ്മര്‍ദത്തിലായ കാലം. അമോല്‍ അവര്‍ക്ക് പ്രചോദനമേകി. തളരാനും തളര്‍ത്താനും അമോല്‍ ഒരുക്കമല്ലായിരുന്നു. അതിന്‍റെ ഫലമാണ് തോല്‍വികളില്‍ നിന്നും കരകരയറി, ഓസ്ട്രേലിയന്‍ വനിതകള്‍ അടിച്ചുകൂട്ടിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് മറികടന്നുള്ള ഇന്ത്യന്‍ ടീമിന്‍റെ ഫൈനല്‍ പ്രവേശവും ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയവും. ഈ ലോകകപ്പ് ഇന്ത്യന്‍ വനിതകളുടേതെന്നത് പോലെ അമോലിന്‍റെയും കൂടിയാണ്.