പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് എന്തും ഏതും ആരാധകര്‍ക്ക് ആഘോഷമാണ് . അപ്പോള്‍ പിന്നെ പ്രിയതാരം ജീവിതസഖി ജോര്‍ജിന റോഡ്രിഗസിനെ മിന്നുകെട്ടുന്നെന്ന വാര്‍ത്ത കൊണ്ടാടാതിരിക്കാന്‍ അവര്‍ക്കാകുമോ? സമൂഹമാധ്യമത്തിലടെ ജോര്‍ജിന തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. 'ഞാനുണ്ട്, ഈ ജൻമത്തിലും വരും ജന്മങ്ങളിലും' എന്ന കുറിപ്പും വിവാഹവാര്‍ത്തയ്ക്കൊപ്പം ജോര്‍ജിന പങ്കുവച്ചു. 2016 മുതല്‍ ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത് .
ക്രിസ്റ്റ്യാനോയുടെ ജീവിതപങ്കാളി എന്നതിനപ്പുറം ജോര്‍ജിന റോഡ്രികസിനെക്കുറിച്ച് എന്തറിയാം? അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ 1994 ജനുവരി 27 ന് ജനിച്ച റോഡ്രികസ് തന്‍റെ കരിയര്‍ ആരംഭിച്ചത് ഒരു നര്‍ത്തകിയായിട്ടായിരുന്നു. 18–ാം വയസ്സില്‍ അവള്‍ മാഡ്രിഡിലേക്ക് താമസം മാറി. മാഡ്രിഡിലെ ഗൂച്ചി റീട്ടെയ്ല്‍ സ്റ്റോറില്‍ സെയില്‍സ് അസിസ്റ്റന്‍റായി ജോലിചെയ്തിരുന്ന റോഡ്രിഗസ് 2016 ല്‍ ക്രിസ്റ്റ്യാനോയെ കണ്ടുമുട്ടിയതായിരുന്നു ജീവിതത്തിലെ ടേണിങ്ങ് പോയിന്‍റ് യാദൃശ്ചികമായി ഉണ്ടായ ആ കൂടിക്കാഴ്ച്ച താമസിയാതെ പ്രണയത്തിലേക്ക് വഴിമാറി. ആ സമയത്ത് റൊണാള്‍ഡോ സാപാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിലെ പ്ലേയറായിരുന്നു. 2017 ല്‍ സൂറിച്ചില്‍ നടന്ന ഫിഫ ഫുഡ്ബോള്‍ അവാര്‍ഡ് ദാനചടങ്ങില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ബന്ധം പരസ്യമായി. പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്ന റോഡ്രിഗസ് മോഡലായി കരിയര്‍ കെട്ടിപ്പടുത്തു.
ബ്യൂട്ടി ബ്രാന്റുകളുമായി സഹകരിച്ചു. ആഡംബര ബ്രാന്‍റുകളുടെ ക്യാംപെയ്‌നുകളില്‍ പ്രത്യക്ഷപ്പെട്ടു. ഗുച്ചി,പ്രാഡ എന്നിവയുടെ പ്രചാരണത്തില്‍ സജീവമായി. വോഗ്,ഹാര്‍പ്പേഴ്സ് ,ബസാര്‍,എല്ലെ എന്നീ അന്താരാഷ്ട്ര പതിപ്പുകളുടെ കവര്‍ ഗേളായും പ്രത്യക്ഷപ്പെട്ടു. റൊണാള്‍ഡോയ്ക്കും റോഡ്രിഗസിനും 5 കുട്ടികളാണ്. റൊണാള്‍ഡോയുടെ മൂത്ത മകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍, സറോഗസി വഴി ജനിച്ച ഇരട്ടകളായ ഇവാമരിയയും,മാറ്റിയോയും,2017ല്‍ ജനിച്ച അലാന,2022 ല്‍ ജനിച്ച ബെല്ല എന്നിവരാണ് ആ പഞ്ചരത്നങ്ങള്‍. 2022 ഏപ്രിലില്‍ റോഡ്രിഗസ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും അതില്‍ ഒരു കുഞ്ഞ് മരിച്ചത് അവരുടെ ജീവിതത്തെ വല്ലാതെ പിടിച്ചുലച്ചു. തന്‍റെ കുഞ്ഞ് ബെല്ലയുടെ ഇരട്ട സഹോദരന്‍ മരിച്ചതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ അവര്‍ വളരെ വിഷമത്തോടെ കുറിച്ചു. 'ഐ ആം ജോര്‍ജിന' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി പരമ്പരയിലൂടെ ജീവിതം,കരിയര്‍,കുടുംബം എന്നിവയെക്കുറിച്ചുള്ള നേര്‍ക്കാഴ്ച്ച ആരാധകര്‍ക്ക് നല്‍കി. കുടുംബം നിലവില്‍ സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലാണ് താമസിക്കുന്നത്.