ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ MCC മ്യൂസിയത്തിന്റെ തിളക്കംകൂട്ടി സച്ചിന്‍ തെന്‍ഡുല്‍ക്കറിന്‍റെ പോർട്രേയ്‌റ്റും. ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് മുന്നോടിയായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്നെ പോര്‍ട്രേയ്റ്റ് അനാച്ഛാദനം ചെയ്തത്. ‘1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയതാണ് ലോര്‍ഡ്സിനെക്കുറിച്ചുള്ള എന്‍റെആദ്യ ഓര്‍മ... അതേയിടത്ത് തന്‍റെപോര്‍ട്രേയ്റ്റ് അനാച്ഛാദനം ചെയ്യപ്പെട്ട നിമിഷം അമൂല്യമെന്നും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞു’.
2025 സീസണ്‍ അവസാനിക്കും വരെ സച്ചിന്‍റെ ചിത്രം മ്യൂസിയത്തിലുണ്ടാകും. പിന്നീട് പവലിയനിലേക്ക് മാറ്റും.18 വര്‍ഷം മുമ്പ് മുംബൈയില്‍ നിന്നെടുത്ത സച്ചിന്‍റെ ഫോട്ടോഗ്രാഫില്‍ നിന്നാണ് സ്റ്റുവര്‍ട് പിയേഴ്സന്‍ റൈറ്റ് എന്ന ചിത്രകാരന്‍ പോർട്രേയ്‌റ്റ് തയ്യാറാക്കിയത്. MCC മ്യൂസിയത്തിലേക്ക് എത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. കപില്‍ ദേവ്, ബിഷന്‍ സിങ്ങ് ബേദി, ദിലിപ് വെങ്സര്‍ക്കര്‍ എന്നിവരുടെയും പോര്‍ട്രെയ്റ്റുകള്‍ സ്റ്റുവര്‍ട് പിയേഴ്സന്‍ റൈറ്റ് ഒരുക്കിയിട്ടുണ്ട്.
ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ബോളേഴ്സ് ബാറിനു പുറത്തു സ്ഥാപിച്ചിരിക്കുന്ന മണിമുഴങ്ങിയതോടെയാണ് ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് തുടക്കമായത്. പോര്‍ട്രേയ്റ്റ് അനാച്ഛാദനത്തിന് ശേഷമെത്തിയ സച്ചിന്‍ തെന്‍ഡുല്‍ക്കറിനായിരുന്നു ഇക്കുറി ചരിത്ര നിയോഗം. അഞ്ചുമിനിറ്റ് നേരം മണിമുഴക്കം നീണ്ടു. 2007 മുതലാണ് ഓരോ ദിവസത്തെയും മല്‍സരം തുടങ്ങുന്നതിന് മുമ്പ്‍ മണി മുഴക്കുന്ന ചടങ്ങിന് തുടക്കമാകുന്നത്.
ആഷസ് ചെപ്പ് മുതല്‍ സച്ചിന്റെ പോര്‍ട്രേയ്റ്റ് വരെ
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അമൂല്യമായ പല വസ്‌തുക്കളുടെയും സൂക്ഷിപ്പുകാരാണ് MCC മ്യൂസിയം. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മൽസരചരിത്രം പേറുന്ന ആഷസ് ചെപ്പ് ഇവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്. മൂന്നു പതിറ്റാണ്ട് മുമ്പാണ് ക്രിക്കറ്റ് താരങ്ങളുടെ പോര്‍ട്രേയ്റ്റ് ശേഖരിക്കുന്ന ദ് ലോര്‍ഡ്സ് പോര്‍ട്രേയ്റ്റ് പ്രോഗ്രാമിന് MCC മ്യൂസിയത്തില്‍ തുടക്കമാകുന്നത്. 1950ലാണ് സ്പോര്‍ട്സിന് മാത്രമായി ഒരു മ്യൂസിയം തുടങ്ങുന്നത്. ലോകത്തിലെ പഴക്കമേറിയ രണ്ടാമത്തെ സ്പോര്‍ട്ടിങ് മ്യൂസിയമാണ് എംസിസിയിലേത്. മൂവായിരത്തോളം ചിത്രങ്ങള്‍ ഇന്ന് ലോര്‍ഡ്സിലെ ലോങ് റൂം ഗ്യാലറിയിലുണ്ട്. ഇതില്‍ മൂന്നൂറ് എണ്ണം പോര്‍ട്രേയ്റ്റുകളാണ്.