മുന്നേറ്റനിരയ്ക്ക് കരുത്തുകൂട്ടി ബ്രസീലിയന്‍ താരം ജാവൊ പെഡ്രോയെ സ്വന്തമാക്കി ചെല്‍സി. പ്രീമിയര്‍ ലീഗ് ക്ലബ് ബ്രൈട്ടനില്‍ നിന്ന് 704 കോടി രൂപയ്ക്കാണ് 23 വയസുകാരന്‍ ഫോര്‍വേഡിനെ ടീമിലെത്തിച്ചത്. 2033 വരെയാണ് കരാര്‍. ക്ലബ് ലോകകപ്പില്‍ ബ്രസീലിയന്‍ ക്ലബ് പാല്‍മീരസിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിന് മുമ്പായി ജാവോ പെഡ്രോ ചെല്‍സിക്കൊപ്പം ചേരും. ന്യൂകാസില്‍ യുണൈറ്റഡിനെ പിന്നിലാക്കിയാണ് ജാവൊ പെഡ്രോയെ ചെല്‍സി സ്റ്റാന്‍ഫോഡ് ബ്രിജിലെത്തിച്ചത്.
ദ് ബോയ് ഫ്രം ബ്രസീല്‍
ചെല്‍സി ജേഴ്സിയില്‍ ബീച്ചില്‍ പന്തുതട്ടിക്കളിക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ് ചെല്‍സി ജാവൊ പെഡ്രോയുടെ വരവറിയിച്ചത്. ദ് ബോയ് ഫ്രം ബ്രസീലെന്ന ക്യാപ്ഷനിലാണ് വിഡിയോ. ബ്രസീലിയന്‍ ക്ലബ് ഫ്ലുമിനെന്‍സെയുടെ അക്കാദമിയിലൂടെയാണ് ജാവൊ പെഡ്രോയുടെ കരിയറിന് തുടക്കം. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി തുടങ്ങിയ ജാവൊ പിന്നീട് സ്ട്രൈക്കറുടെ റോളിലേക്ക് മാറി. റിയോയിലെ ക്ലബിനായി 36 മല്‍സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടിയ കൗമാരക്കാരന് ഇംഗ്ലണ്ടിലേക്കുള്ള വഴിയൊരുക്കിയത് വാട്ഫോഡാണ്. 17ാം വയസില്‍, സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിക്കും മുന്‍പേ വാട്ഫോഡ് പെഡ്രോയുമായി കരാറിലെത്തി. രണ്ടുവര്‍ഷം കാത്തിരുന്ന് യുവതാരത്തെ ടീമിലെത്തിച്ചു. വാട്ഫോഡില്‍ കളിച്ച നാലുസീസണില്‍ നിന്നായി 24 ഗോളുകള്‍ നേടി. 21ാം വയസില്‍ ക്ലബ് ക്യാപ്റ്റന്റെ ആം ബാന്റും പെഡ്രോയുടെ കൈകളിലേക്ക് എത്തി. 2023ലാണ് ക്ലബ് റെക്കോര്‍ഡ് തുകയ്ക്ക് ബ്രൈട്ടന്‍ പെഡ്രോയെ വാങ്ങുന്നത്. ബ്രൈട്ടനിലെത്തിയതോടെ വിശ്വസിക്കാവുന്ന ഫോര്‍വേഡായി പെഡ്രോ മാറി. ആദ്യ സീസണില്‍ തന്നെ 19 ഗോളുമായി ക്ലബിന്റെ സംയുക്ത ടോപ്സ്കോററുമായി ജാവൊ. 70 മല്‍സരങ്ങളില്‍ നിന്ന് 30 ഗോളും പത്ത് അസിസ്റ്റുമായാണ് ജാവൊ പെഡ്രോ ബ്രൈട്ടന്‍ വിടുന്നത്.
ഇക്കുറി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെല്‍സി സ്വന്തമാക്കുന്ന രണ്ടാമത്തെ മുന്നേറ്റനിരത്താരമാണ് പെഡ്രോ. ഇപ്സിച്ച് ടൗണില്‍ നിന്ന് ലിയാം ഡെലപ്പിനെയും ചെല്‍സി വാങ്ങിയിരുന്നു. മുന്നേറ്റനിരയിലെ നാല് പൊസിഷനുകളിലേക്കായി 9 താരങ്ങളാണ് ചെല്‍സി സ്ക്വാഡിലുള്ളത്. ഇതോടെ നോനി മഡുക്കെയെയും ക്രിസ്റ്റഫർ എൻകുൻകുവിനെയും നല്ല ഓഫറുകളെത്തിയാല്‍ ചെല്‍സി കൈവിട്ടേക്കാം. ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് 20 വയസുകാരന്‍ ഇംഗ്ലീഷ് വിങ്ങര്‍ ജേമി ഗിറ്റന്‍സും ചെല്‍സിയിലേക്കുള്ള വഴിയിലാണ്. ലോണ്‍ പരിധി പൂര്‍ത്തിയാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരികെപോയ ജേഡന്‍ സാഞ്ചോയുടെ സ്ഥാനത്തായിരിക്കും ഇംഗ്ലീഷ് യുവതാരം കളത്തിലിറങ്ങുക.