മെസിയെയും നെയ്മറെയും എംബാപ്പയെയും ടീമിലെത്തിച്ച പിഎസ്ജി കോടികള്‍ വാരിയെറിയുന്ന ശീലം ഉപേക്ഷിക്കുന്നു. 3300 കോടി രൂപ മുടക്കി നിർമിച്ച പുതിയ പരിശീലന കേന്ദ്രത്തിൽനിന്നാണ് ഭാവി താരങ്ങളെ വാർത്തെടുക്കാൻ ലക്ഷ്യമിടുന്നത് .  

ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇന്‍റർ മിലാനെതിരെ പിഎസ്ജിയുടെ അക്കാദമി താരം സെന്നി മയൂലു അടിച്ച ഗോള്‍,  വലിയൊരു മാറ്റത്തിന്‍റെ സൂചന കൂടിയായി. സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച് വാര്‍ത്തകളില്‍ നിറഞ്ഞവര്‍ സ്വന്തം അക്കാദമിക്ക് കരുത്തുകൂട്ടിയെന്ന പ്രഖ്യാപനംകൂടിയായി മയൂലുവിന്‍റെ ഗോള്‍. പിഎസ്ജിയുടെ പുരുഷ, വനിതാ, യുവനിര ടീമുകളെ ഒരേ കുടക്കീഴിൽ കൊണ്ടുവരുന്നതാണ് പദ്ധതി.  

ഈ സീസണിൽ  5 അക്കാദമി താരങ്ങള്‍ ടീമിന്‍റെ ഭാഗമായി. ഫ്രഞ്ച് ലീഗ് വണ്ണില്‍, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ ഇലവനെയാണ് പിഎസ്‌ജി കളത്തിലിറക്കിയത്. 21 വയസ്സും 251 ദിവസവുമായിരുന്നു ടീമിന്‍റെ ശരാശരി പ്രായം. ചാംപ്യൻസ് ലീഗ് കിരീടം നേടിയ ടീം, അയാക്സിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ  ടീമുമായി. 

ആഭ്യന്തര സംപ്രേഷണ വരുമാനത്തിലുണ്ടായ ഇടിവിനെത്തുടർന്ന് ഫ്രഞ്ച് ഫുട്ബോൾ സാമ്പത്തിക സമ്മർദം നേരിടുന്ന സമയത്താണ് ഈ മാറ്റം. പിഎസ്ജിയെ സംബന്ധിച്ചിടത്തോളം, സ്വന്തമായി കളിക്കാരെ വളർത്തിയെടുക്കുന്നത് കായികപരമായും സാമ്പത്തികമായും ഒരു ആവശ്യമായി മാറുകയാണ്. 

ENGLISH SUMMARY:

PSG Academy is focusing on developing young talent through its academy. The shift comes as French football faces economic pressures, making homegrown players a sporting and financial necessity for PSG.