പ്രീമിയര്‍ ലീഗിന്റെ വലിയ നഷ്ടങ്ങളില്‍ ഒന്നായിരുന്നു ജൂഡ് ബെലിങ്ങാം. പതിനാറാം വയസില്‍ ചാംപ്യന്‍ഷിപ്പ് ക്ലബ് ബിര്‍മിങ്ങമിനായി അരങ്ങേറിയ താരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ നോക്കിനില്‍ക്കെ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ട് റാഞ്ചി. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ജൂഡ് റയല്‍ മഡ്രിഡിലുമെത്തി. ചേട്ടന്‍ ബെലിങ്ങാമിനെ നഷ്ടമായെങ്കിലും പ്രീമിയര്‍ ലീഗിലേക്ക് അടുത്ത സീസണില്‍ അനിയന്‍ ബെലിങ്ങാം കളിക്കാനെത്തും. ജോബ് ബെലിങ്ങാം ഉള്‍പ്പെടുന്ന സണ്ടര്‍ലന്റ്, ചാംപ്യന്‍ഷിപ്പ് പ്ലേ ഓഫില്‍ ഷഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയത്. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സണ്ടര്‍ലന്റ് ഇംഗ്ലീഷ് ഫുട്ബോളിന്റെ ഒന്നാം നിരയിലേക്ക് എത്തുന്നത്.
ഇഞ്ചുറി ടൈം ഗോളിന്റെ വില 2533 കോടി
ഇഞ്ചുറി ടൈം ഗോളിലാണ് സണ്ടര്‍ലന്റ് ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പിച്ചത്. പകരക്കാരനായിറങ്ങിയ കൗമാരതാരം ടോം വാട്സനാണ് വിജയഗോള്‍ നേടിയത്. ഈ സീസണോടെ സണ്ടര്‍ലന്റ് വിടാനൊരുങ്ങുന്ന വാട്സന്റെ വിടവാങ്ങല്‍ സമ്മാനം കൂടിയായി സണ്ടര്‍ലന്റിന്റെ വിജയഗോള്‍. 25ാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ സണ്ടര്‍ലന്റ് രണ്ടാം പകുതിയിലാണ് ഒപ്പമെത്തിയത്. അധികസമയത്തേക്കെന്ന് നീങ്ങുന്നുവെന്ന തോന്നലിനിടെയാണ് ടോം വാട്സന്‍ മാജിക്കില്‍ ഗോള്‍ പിറന്നത്
ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ഫുട്ബോളാണെങ്കിലും കാല്‍പന്തുകളിയിലെ ഏറ്റവും വിലയേറിയ മല്‍സരമായാണ് ചാംപ്യന്‍ഷിപ്പ് പ്ലേ ഓഫ് ഫൈനലിനെ കണക്കാക്കുന്നത്. കലാശപ്പോരാട്ടം ജയിച്ച് പ്രീമിയര്‍ ലീഗിലേക്ക് സ്ഥനക്കയറ്റം നേടുന്ന ടീമിന് ഒറ്റജയംകൊണ്ട് ലഭിക്കുന്നത് 2533 കോടി രൂപയുടെ അധികവരുമാനമാണ്. പ്രീമിയര്‍ ലീഗ് സംപ്രേഷണാവകാശ കരാറില്‍ നിന്നുള്‍പ്പടെയുള്ള വരുമാനമാണിത്. ചാംപ്യന്‍ഷിപ്പ് ഡിവിഷനില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍, നേരിട്ട് പ്രീമിയര്‍ ലീഗിലേക്ക് യോഗ്യത നേടുമ്പോള്‍ മൂന്നുമുതല്‍ ആറുവരെ സ്ഥാനത്ത് ഫിനിഷ് ചെയ്തവരാണ് പ്ലേ ഓഫില്‍ മല്‍സരിക്കുന്നത്.
അനിയന്‍ ബെലിങ്ങമിന് പിന്നാലെയും ഡോര്‍ട്മുണ്ട്
ബിര്‍മിങ്ങാം അക്കാദമിയിലൂടെയാണ് ജോബ് ബെല്ലങ്ങമിന്റെയും വളര്‍ച്ച. ചേട്ടനെപ്പോലെ 16ാം വയസില്‍ ബിര്‍മിങ്ങാമിനായി ചാംപ്യന്‍ഷിപ്പ് ഡിവിഷനില്‍ അരങ്ങേറ്റം. 24 മല്‍സരങ്ങള്‍ കളിച്ചു. 2023ലാണ് ജോബിനെ സണ്ടര്‍ലന്റ് സ്വന്തമാക്കുന്നത്. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ റോളില്‍ ഇറങ്ങുന്ന ജോബ് 85 മല്‍സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ നേടി. ഇക്കുറി ചാംപ്യന്‍ഷിപ്പ് ഡിവിഷനിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം 19കാരന്‍ സ്വന്തമാക്കി. ചേട്ടന്‍ ജൂഡിനെ സ്വന്തമാക്കിയതുപോലെ അനിയന്‍ ജോബിനായും ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ട് രംഗത്തുണ്ട്. ചാംപ്യന്‍ഷിപ്പ് പ്ലേ ഓഫിന് ശേഷം ജോബുമായി ചര്‍ച്ചനടത്തുമെന്ന് ബൊറൂസിയ ഡോര്‍ട്മുണ്ട് അറിയിച്ചിരുന്നു. പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബുകളും ജോബിനെ നോട്ടമിട്ടിട്ടുണ്ട്. 2028 വെരെയാണ് സണ്ടര്‍ലന്റുമായുള്ള ജോബ് ബെലിങ്ങമിന്റെ കരാര്‍.