ഇന്ത്യ – പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 8 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗ്രാമത്തില്‍ നിന്ന് എട്ടുവയസുകാരന്‍ മകനെയും കൂട്ടി ലഖ്വിന്ദര്‍ സിങ് ഗില്‍ മൊഹാലിയിലേക്ക് വണ്ടികയറുമ്പോള്‍ സ്വപ്നം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാത്രമായിരുന്നു. 16 വര്‍ഷങ്ങള്‍ക്കിപ്പുറം ലഖ്വിന്ദറിന്റെ കൈപിടിച്ച് നടന്ന മകന്‍, ഇന്ത്യന്‍ ടീമിനെ നയിച്ച് ബാഗി ബ്ലൂ തൊപ്പിയണിഞ്ഞ്, ഹെഡിങ്്ലിയില്‍ ഇറങ്ങും. ഒരച്ഛന്‍ മനസിലിട്ട് താലോലിച്ച സ്വപ്നത്തിന്റെ പൂര്‍ത്തീകരണം.
എഴുപതുകളിൽ കപിൽദേവിനൊപ്പം ഇന്ത്യൻ ബോളിങ് ഓപ്പൺ ചെയ്തിട്ടുള്ള കഴ്‌സൺ ഗാവ്‌റിയുടെ കണ്ണില്‍പെട്ടതാണ് ശുഭ്മന്‍ ഗില്ലിന്റെ ജൂനിയര്‍ കരിയറിലെ അതിവേഗ വളര്‍ച്ചയ്ക്ക് കാരണമായത്. 2011ല്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മൊഹാലിയിലെ അണ്ടര്‍ 19 പേസ് ബോളിങ് ക്യാംപിലെത്തിയതായിരുന്നു ഗാവ്്റി.
ക്യാംപിലെ പേസ് ബോളര്‍മാരെ വെല്ലുവിളിക്കാന്‍ പോന്ന ഒരു ബാറ്ററെയും ഗാവ്്റി കണ്ടില്ല. നല്ലൊരു ബാറ്ററെ അന്വേഷിച്ച് മൈതാനം ചുറ്റിയിറങ്ങിയ ഗാവ്്റി ശ്രദ്ധിച്ചത് അണ്ടര്‍ 14 ടീമിനായി കളിക്കുന്ന ഒരു പയ്യനെ. അവന്റെ ബാറ്റിങ് നോക്കി സമീപത്തെ മരച്ചുവട്ടില്‍ നിന്നയാളോട് പയ്യന്‍ ഏതെന്ന് ഗാവ്്റിയുടെ ചോദ്യം. എന്റെ മകന്‍ ശുഭ്മനാണ്, 12 വയസേയൊള്ളുവെന്ന് മറുപടി. അടുത്തദിവസം മകനുമായി പേസ് ബോളര്‍മാരുടെ ക്യാംപിലെത്താന്‍ ഗാവ്്റി നല്‍കിയ നിര്‍ദേശം, ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ സൂപ്പര്‍ താരത്തെ സമ്മാനിച്ചു. അണ്ടര്‍ 19 പേസര്‍മാരുടെ പന്തുകള്‍ 12 വയസുകാരന്‍ ക്ലാസും സ്കില്ലും സമംചേര്‍ത്ത് നേരിട്ടു. അധികംവൈകാതെ ശുഭ്മന്‍ ഗില്‍ പഞ്ചാബ് അണ്ടര്‍ 14 ടീമിലേക്കെത്തി.
Mumbai: Gujarat Titans' Shubman Gill celebrates the wicket of MI's Tilak Varma during the IPL 2025 cricket match between Mumbai Indians and Gujarat Titans at Wankhede Stadium, in Mumbai, Tuesday, May 6, 2025. (PTI Photo/Kunal Patil) (PTI05_06_2025_000325B)
ഗില്ലിനായി ദ്രാവിഡിന്റെ അഭ്യര്‍ഥന
2018ല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ തിരഞ്ഞെടുക്കാന്‍ യോഗം നടക്കുന്നു. MSK പ്രസാദ് നയിക്കുന്ന അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയിലെ ഒരംഗം അന്‍മോല്‍പ്രീത് സിങ്ങിനായി വാദിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള അമോല്‍ ടീമിലേക്ക് ഇടം അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍ ഇന്ത്യ എ ടീമിന്റെ പരിശീലകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിന്റെ ഒരു അഭ്യര്‍ഥന സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലെത്തുന്നു. ‘ടീമിലേക്ക് ശുഭ്മന്‍ ഗില്ലെന്ന കൗമാരതാരത്തെ തിരഞ്ഞെടുക്കണം. അമോലിന്റെ മറ്റൊരു പര്യടനത്തില്‍ അവസരം നല്‍കാം’.
ഇന്ത്യയ്ക്കായി അണ്ടര്‍ 19 ലോകകിരീടം നേടി മാസങ്ങള്‍ക്കകം ശുഭ്മന്‍ ഗില്‍ ഇന്ത്യ എ ടീമിലെത്തി. അമോല്‍പ്രീതിന് റണ്‍സുണ്ട് എന്നാല്‍ ടെക്നിക്കും ടെംപര്‍മെന്റും ഗില്ലിനാണെന്നതായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ പക്ഷം. ആഭ്യന്തര ക്രിക്കറ്റില്‍ അധികകാലം അലഞ്ഞുനടക്കാതെ ഗില്ലിന്റെ പ്രതിഭയെ അതിവേഗം മിനുക്കിയെടുത്തു ദ്രാവിഡിന്റെ തീരുമാനം. ഒരുവര്‍ഷത്തിനകം വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ ഇരട്ടസെഞ്ചറിയുമായി ഗില്‍ സീനിയര്‍ ടീമിന്റെ പടിവാതില്‍ക്കലെത്തി.
ഇംഗ്ലണ്ട് പര്യടനമെന്ന അഗ്‍നി പരീക്ഷ
20ാം വയസില്‍ ഓസ്ട്രേലിയയ്ക്കെതിെര മെല്‍ബണിലായിരുന്നു ശുഭ്മന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇന്ത്യയ്ക്കായി 32 ടെസ്റ്റ് മല്‍സരം കളിച്ചിട്ടുള്ള ഗില്‍ അഞ്ച് സെഞ്ചറി ഉള്‍പ്പടെ 1893 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ പിച്ചുകളിലെ മികവ് വിദേശപിച്ചുകളില്‍ പുറത്തെടുക്കാനാകുന്നില്ലെന്നതാണ് ശുഭ്മന്‍ ഗില്ലിന് മുന്നിലുള്ള വെല്ലുവിളി. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദത്തിനൊപ്പം നായകനായുള്ള ആദ്യ പര്യടനം ഇതുവരെ മികവ് തെളിയിക്കാന്‍ കഴിയാത്തിടത്തേക്കാണ് എന്നത് ഇംഗ്ലണ്ട് പര്യടനം ഒരു അഗ്നിപരീക്ഷയാക്കി മാറ്റുന്നു.
സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ 25ല്‍ താഴെയാണ് ശുഭ്മന്‍ ഗില്ലിന്റെ ടെസ്റ്റ് ശരാശരി. ഇംഗ്ലണ്ടില്‍ ആറ് ഇന്നിങ്സില്‍ നിന്ന് 88 റണ്‍സാണ് സമ്പാദ്യം. ശരാശരി 14.66. ദക്ഷിണാഫ്രിക്കയില്‍ 18.50, ഓസ്ട്രേലിയയില്‍ 35.20. എങ്കിലും ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു ശുഭാരംഭത്തിനായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്.