'പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരംകൂടി തരൂ...’ കർണാടക ടീമില്‍ ഇടം ലഭിക്കാത്തില്‍ നിരാശനായ കരുണ്‍ നായര്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍. വീരേന്ദർ സേവാഗിനു ശേഷം ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചറി നേടിയ ഏകതാരത്തിന്റെ ട്വീറ്റ് ക്രിക്കറ്റ് ആരാധകരുടെ വേദനയായി. പിന്നെകണ്ടത് തോറ്റുപിന്‍മാറി ശീലമില്ലാത്തവന്‍ ഒന്ന് അപ്ഡേറ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്. എട്ടുവര്‍ഷം നീണ്ട കഠിനാധ്വാനത്തിന് ഒടുവില്‍ ക്രിക്കറ്റ് കരുണിന് അര്‍ഹമായത് തിരിച്ചുതന്നിരിക്കുന്നു. 33ാം വയസില്‍ വീണ്ടും ഇന്ത്യയുടെ നീല തൊപ്പിയും വെള്ളജേഴ്സിയുമണിഞ്ഞ് കരുണ്‍ നായര്‍ ഒരിക്കല്‍ കൂടി കളത്തിലിറങ്ങും. ഇത് കരുണ്‍ 3.0.
ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ, ടെസ്റ്റില്‍ ആദ്യ സെഞ്ചുറിതന്നെ ഡബിളും ട്രിപ്പിളുമാക്കി ആരാധകമനസ്സിലേക്കു കയറിയ കരുണ്‍ നായരുടെ ക്രിക്കറ്റ് ഗ്രാഫ് കുതിച്ചുകയറിയത് അതിവേഗമായിരുന്നു. ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിളാക്കി മാറ്റിയ ലോകത്തെതന്നെ മൂന്നാമത്തെ താരമായ കരുണ്‍ ആ റെക്കോര്‍ഡ് പങ്കിടുന്നത് ഗാരി സോബേഴ്‌സിനും ബോബ് സിംപ്‌സണുമൊപ്പം. എന്നാല്‍ ട്രിപ്പിള്‍ സെഞ്ചുറിക്ക് ശേഷം കരുണ്‍ ഇന്ത്യയ്ക്കായി കളിച്ചത് മൂന്ന് മല്‍സരങ്ങള്‍ മാത്രം. കുതിച്ചുയര്‍ന്ന കരിയര്‍ ഗ്രാഫും റണ്‍നിരക്കും അതിവേഗം താഴേക്ക്. പതിയെ കരുണ്‍ നായര്‍, പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടാലന്റ് പൂളില്‍ നിന്ന് അപ്രത്യക്ഷനായി.
കരുണ്‍ 2.0 വേര്‍ഷന്‍ കണ്ടത് ആഭ്യന്തര ക്രിക്കറ്റിലും ഇംഗ്ലീഷ് കൗണ്ടിയിലും. ഐപിഎല്‍ താരലേലത്തില്‍ ആരും സ്വന്തമാക്കാതിരുന്ന കരുണ്‍ പോയത് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക്. പിന്നെ കരുണ്‍ നായര്‍ എന്ന പേര് തലക്കെട്ടുകളില്‍ തെളിഞ്ഞത് ഒരു ഇരട്ടസെഞ്ചുറിയുടെ പേരില്‍. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ നോർത്താംപ്ടൻഷറിനായി കളത്തിലിറങ്ങി. ഗ്ലമോർഗനെതിരെ 253 പന്തിൽ 202 റൺസ് നേടി താന്‍ എവിടെയും പോയിട്ടില്ലെന്ന സൂചന നല്‍കി. മുഹമ്മദ് അസ്ഹറുദ്ദീൻ, ചേതേശ്വർ പൂജാര എന്നിവര്‍ക്ക് ശേഷം ഇംഗ്ലിഷ് കൗണ്ടിയിൽ ഇരട്ടസെഞ്ചറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ബെംഗളൂരു മലയാളിയായ കരുൺ നായർ. ഒഴിവാക്കിയിടത്തുനിന്നൊക്കെ അധികം കാത്തുനില്‍ക്കാതെ കരുണ്‍ പുതിയ ഇടം തേടിയിറങ്ങി. കര്‍ണാടക രഞ്ജി ട്രോഫി ടീമില്‍ അവസരം ലഭിക്കാതിരുന്ന കരുണ്‍ നായര്‍ എത്തിയത് വിദര്‍ഭയില്‍. ആദ്യ സീസണില്‍ നേട്ടം പത്തുമല്‍സരങ്ങളില്‍ 690 റണ്‍സ്. 2024 –25 സീസണില്‍ ഒന്‍പത് മല്‍സരങ്ങളില്‍ നിന്ന് 863 റണ്‍സുമായി വിദര്‍ഭയെ കിരീടത്തിലേക്ക് നയിച്ചു. ഫൈനലില്‍ കേരളത്തെ തോല്‍പിച്ചുകളഞ്ഞത് കരുണിന്റെ നിര്‍ണായക ഇന്നിങ്സായിരുന്നു.
ലിസ്റ്റ് എ മല്‍സരങ്ഹളില്‍ പുറത്താകാതെ കൂടുതൽ റൺസ് എന്ന റെക്കോർഡാണ് തീപ്പൊരി ഫോമിലുള്ള കരുണ്‍ നായര്‍ ഇക്കുറി പേരിലാക്കിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഒരു ബോളര്‍ക്കുമുന്നിലും കീഴടങ്ങാതെ കരുണ്‍ കുറിച്ചത് 542 റണ്‍സ്. ഇതോടെ കരുണിനെ കണ്ടില്ലെന്ന് നടിക്കാന്‍ ഐപിഎല്‍ ടീമുകള്‍ക്ക് കഴിയാതെപോയി. താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക്. മുംൈബ ഇന്ത്യന്‍സിനെതിരായ ആദ്യമല്‍സരത്തില്‍ 40 പന്തില്‍ 89 റണ്‍സുമായി കരുണ്‍ ക്ലാസ് ഈസ് പെര്‍മനന്റ് എന്ന് തെളിയിച്ചു. ടെസ്റ്റ് ടീമിലെത്താന്‍ ആഭ്യന്തര ക്രിക്കറ്റിലും മികവുകാട്ടണമെന്ന പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാടും കരുണ്‍ നായര്‍ക്ക് അനുകൂലമായി. ഒപ്പം കൗണ്ടി ക്രിക്കറ്റ് കളിച്ചുള്ള ഇംഗ്ലീഷ് സാഹചര്യങ്ങളെക്കുറിച്ചുള്ള പരിചയവും ടീമിലേക്കുള്ള തിരിച്ചുവരവില്‍ നിര്‍ണായകമായി