‘‘പതിനാല് വര്‍ഷം മുന്‍പ് ഞാൻ ആദ്യമായി ബാഗി നീല ക്യാപ് ധരിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു, ഈ യാത്ര ഇങ്ങനെ മാറുമെന്നു ഞാൻ സ്വപ്നം കണ്ടിട്ടില്ല. ഈ ഫോർമാറ്റ് എന്നെ പരീക്ഷിച്ചു, എന്നെ പരുവപ്പെടുത്തി, ജീവിതം മുഴുവൻ കൊണ്ടുപോകാനുള്ള പാഠങ്ങൾ പഠിപ്പിച്ചു....
വൈറ്റ്സിൽ കളിക്കുന്നത് ഏറെ തിളക്കമുള്ള അനുഭവമാണ്. നിശബ്ദമായ പരിശ്രമം, നീണ്ട ദിനങ്ങൾ, മുന്നില്‍ എല്ലാം ഇരുട്ടായിപ്പോയ നിമിഷങ്ങള്‍... അതിനിടയിലും ഹൃദയത്തിൽ ദീപമായി നിലനിൽക്കുന്ന ഓർമ്മകൾ....
ഇപ്പോൾ ഞാൻ ഈ ഫോർമാറ്റിനോട് വിട പറയുന്നു. ഇത് എളുപ്പമല്ല, പക്ഷേ ശരിയായ തീരുമാനമാണെന്ന് തോന്നുന്നു. എനിക്ക് കഴിയുന്നതെല്ലാം ഞാൻ നൽകിയിരിക്കുന്നു, എനിക്ക് തിരിച്ചുകിട്ടിയത് ഞാൻ പ്രതീക്ഷിച്ചതിലുമേറെ....
ഞാൻ നന്ദിയോടെ പിന്നോട്ട് നടക്കുന്നു. എന്നോടൊപ്പം കളിച്ച കൂട്ടുകാര്‍ക്കായി...എന്നെ ഒരിക്കലും ഒറ്റപ്പെടാൻ അനുവദിക്കാതെ ഒപ്പം നിര്‍ത്തുകയും വിലമതിക്കുകയും ചെയ്തവര്‍ക്കായി... ഓരോ വ്യക്തിയോടുമുള്ള ഒത്തിരി സ്നേഹത്തോടെ.
എന്റെ ടെസ്റ്റ് യാത്രയെ ഞാൻ എല്ലായ്പ്പോഴും ഒരു മന്ദഹാസത്തോടെ ഓർക്കും...’’
വണ്ടര്‍ ബോയ് ടു കിങ് കോലി
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ആധുനിക മുഖമാണ് വിരാട് കോലി. അണ്ടര്‍ 19 ലോകകിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച യുവതാരത്തില്‍ നിന്ന് സൂപ്പര്‍ സോണിക് വേഗത്തിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകസേരയിലേക്കുള്ള കോലിയുടെ വളര്‍ച്ച . 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം. 2011–12ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറടക്കം പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ച് ഓസ്ട്രേലിയയ്ക്കെതിരെ പരമ്പരയ്ക്കിറങ്ങിയ ഇന്ത്യ 4–0ന് തോറ്റമ്പി. എന്നാല്‍ പരമ്പരയിലെ ഏക ഇന്ത്യന്‍ സെഞ്ചുറിക്കാരനായി കോലി. പിന്നങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏകദിനത്തിലെ അഗ്രസീവ് ബാറ്റിങ് ടെസ്റ്റിലും പുറത്തെടുത്തു. കളത്തില്‍ കോലിയുണ്ടെങ്കില്‍ ആ ഊര്‍ജം സഹതാരങ്ങളിലേക്കുമെത്തും. എത്ര വലിയ വിജയലക്ഷ്യത്തിലേക്കും മല്‍സരിക്കും. ചേസിങ്ങില്‍ തിരിഞ്ഞുനോട്ടമില്ല. സമനിലയ്ക്കല്ല ജയിക്കാനായി കളിക്കണം, അതായിരുന്നു കോലിയുടെ മതം. തുടര്‍ച്ചയായി നാല് പരമ്പരകളില്‍ ഇരട്ടസെഞ്ചുറിയെന്ന നേട്ടം. ഇതിഹാസ താരം സച്ചിനൊഴിച്ചിട്ട നാലാം നമ്പര്‍ കസേരയില്‍ സച്ചിനൊത്ത പിന്‍ഗാമിയായി. എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകള്‍ തീര്‍ത്ത് കളം വിട്ട സച്ചിനോട് ഒരിക്കല്‍ ചോദിച്ചു, ഈ റെക്കോര്‍ഡുകളൊക്കെ ആരെങ്കിലും മറികടക്കുമോയെന്ന്. പുഞ്ചിരിയോടെ സച്ചിന്‍ പറഞ്ഞത് ഒറ്റപ്പേര്. വിരാട് കോലി. ഗാവസ്കറിനും, സച്ചിനും ദ്രാവിഡിനും ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നാഴികക്കല്ലിലേക്ക് വെറും 730 റണ്‍സ് മാത്രം ബാക്കിയാണ് രാജാവ് സിംഹാസനം ഒഴിയുന്നത്...
ടെസ്റ്റ് കരിയര്‍
2011 മുതല്‍ 2025 വരെ 14 സീസണുകള്‍. 123 ടെസ്റ്റ്. 46.85 റണ്‍സ് ശരാരിയില്‍ 9.230 റണ്‍സ്. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും. 2019ല്‍ പുണെയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ നേടിയ 254 റണ്‍സ് ഉയര്‍ന്ന സ്കോര്‍. കരുത്തരായ എതിരാളികള്‍ക്കെതിരെ വീര്യം കൂടുമെന്നതാണ് വിരാടിന്റെ ശൈലി. ക്രിക്കറ്റ് ലോകത്തെ പ്രഫണലിസ്റ്റുകളായ ഓസ്ട്രേലിയയ്ക്കെതിരെയാണ് കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയത്. 53 ഇന്നിങ്സുകളില്‍ നിന്നായി 43.76 ശരാശരിയില്‍ 2,232 റണ്‍സ്. 9 സെഞ്ചുറികളും 5 അര്‍ധസെഞ്ചുറികളും. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ ആയിരത്തിലധികം റണ്‍സ്. ഇംഗ്ലണ്ടിനെതിരെ 9 റണ്‍സ് കൂടി നേടിയാല്‍ രണ്ടായിരം റണ്‍സ് പിന്നിടാമായിരുന്നു. ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകള്‍ക്കെതിരെ ഇരട്ട സെഞ്ചുറിയും സ്വന്തം. ഇന്ത്യന്‍ മണ്ണില്‍ 55.58ഉം വിദേശത്ത് 41.51 ഉം ശരാശരി. 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വിരാട് കോലിയുടെ വെള്ളക്കുപ്പായത്തിലെ സൂപ്പര്‍ കാലം 2016 മുതല്‍ 2018 വരെയായിരുന്നു. തുടര്‍ച്ചയായി മൂന്ന് കലണ്ടര്‍ വര്‍ഷം ആയിരത്തിലധികം റണ്‍സ്. തുടര്‍ച്ചയായ രണ്ട് വര്‍ഷം 75ശതമാനത്തിനടുത്ത് ശരാശരി...
പെട്ടെന്നുള്ള വിരമിക്കലിന് പിന്നിലെന്ത്?
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ മുന്നിലാണെങ്കിലും അവസാന രണ്ട് ടെസ്റ്റ് പരമ്പരകള്‍ വിരാട് കോലിയെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്. നാട്ടിലെ ന്യൂസീലന്‍ഡ് പരമ്പരയും ഓസ്ട്രേലിയന്‍ പരമ്പരയും. ന്യൂസീലന്‍ഡ് പരമ്പരയില്‍ ആറ് ഇന്നിങ്സുകളിലായി നേടിയത് 15.50 റണ്‍സ് ശരാശരിയില്‍ 93 റണ്‍സ്. ഓസ്ട്രേലിയന്‍ പരമ്പരയില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്നായി 23.75 ശരാശരിയില്‍ 190 റണ്‍സ്. പെര്‍ത്തില്‍ ടെസ്റ്റ് കരിയറിലെ മുപ്പതാമത്തേയും ഓസ്ട്രേലിയയ്ക്കെതിരെ ഒന്‍പതാമത്തേയും സെഞ്ചുറി നേടിയതൊഴിച്ചാല്‍ പരമ്പരയിലെയാകെ പ്രകടനം നിരാശയായി. അവസാനം കളിച്ച സിഡ്നി ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ 17ഉം രണ്ടാമിന്നിങ്സില്‍ ആറും റണ്‍സ് മാത്രം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 37 ടെസ്റ്റുകളില്‍ നിന്ന് നേടിയത് 1,990 റണ്‍സും മൂന്ന് സെഞ്ചുറികളും മാത്രം...
തുടര്‍ച്ചയായി ഒരേ രീതിയിലുള്ള പുറത്താകലില്‍ വലിയ വിമര്‍ശനമാണ് സമീപകാലത്ത് വിരാട് കോലിക്കെതിരെ ഉയര്‍ന്നത്. ഓഫ് സ്റ്റംപിന് പുറത്തേക്ക് സ്വിങ് ചെയ്ത് പോകുന്ന പന്തുകളില്‍ വിക്കറ്റിന് പിന്നില്‍ ക്യാച്ച് നല്‍കിയുള്ള പുറത്താകല്‍. കഴിഞ്ഞവര്‍ഷം അവസാനം നടന്ന ബോര്‍ഡര്‍ – ഗാവസ്കര്‍ പരമ്പരയില്‍ ഓസ്ട്രേലിയയ്‌ക്കെതിരെ തുടര്‍ച്ചയായ മല്‍സരങ്ങളില്‍ കോലി പുറത്തായത് ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തുകള്‍ കളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടാണ്. ഏഴ് തവണ ഇങ്ങനെ പുറത്തായി. ഫോര്‍ത്ത് സ്റ്റംപിലെ വീക്്നെസും ഓസീസ് പരമ്പരയില്‍ തെളിഞ്ഞുകണ്ടു. ഉയര്‍ന്ന മാനസിക സമ്മര്‍ദത്തില്‍ കളിക്കേണ്ടി വരുന്നതിന്‍റെ പ്രയാസം മുന്‍പ് പലപ്പോഴും കോലി പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെതിരെയാണ്. ഈ സാഹചര്യത്തില്‍ അവിടത്തെ വേഗമേറിയ പിച്ചില്‍ ഇംഗ്ലീഷ് പേസര്‍മാരെ നേരിടുക വലിയ സമ്മര്‍ദം തന്നെയാണ്. ഇംഗ്ലണ്ടില്‍ പ്രകടനം തീര്‍ത്തും മോശമായാല്‍ നേരിട്ടേക്കാവുന്ന വിമര്‍ശനങ്ങളും ബിസിസിഐ വിരമിക്കല്‍ സമയമായെന്ന സൂചന നല്‍കി കളം വിടേണ്ടി വരുന്ന സാഹചര്യവും ഒഴിവാക്കാനാകണം പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം.
നാലാം നമ്പറില്‍ പകരം ആര്?
കോലി ഒഴിച്ചിടുന്ന നാലാം നമ്പറിലേക്ക് ആരെത്തും. സച്ചിനും കോലിയും വിസ്മയം തീര്‍ത്ത നാലാം നമ്പര്‍ സ്വപ്നം കാണുന്ന ഒരുപിടി താരങ്ങളുണ്ട്. ശ്രേയസ് അയ്യര്‍ക്കാണ് കൂടുതല്‍ സാധ്യത. 2021ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ക്ലാസിക് ശൈലിയും ആക്രമണോത്സുകതയും പ്രത്യേകത. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് സാധ്യത പറയുന്നവരുമുണ്ട്. ഇടംകയ്യന്‍ ബാറ്ററെന്ന മുന്‍തൂക്കമുണ്ട്. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനായിട്ടുള്ള ചരിത്രവും സ്വന്തം. രഞ്ജി സീസണില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച മലയാളി താരം കരുണ്‍ നായരുടെ തിരിച്ചുവരവും സംഭവിച്ചേക്കാം. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്. 2016ല്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ നേടിയ 303 റണ്‍സ് മതി കരുണിന്റെ ക്ലാസിന്. തന്റെ മൂന്നാം രാജ്യാന്തര ഇന്നിങ്സിലായിരുന്നു കരുണിന്റെ നേട്ടം. 33 വയസുണ്ട്. പ്രായം തടസമായേക്കാം. രഞ്ജി ട്രോഫിയിലെ പ്രകടനമാണ് യുവതാരം സര്‍ഫറാസ് ഖാന് സാധ്യത നല്‍കുന്നത്. പ്രതിരോധവും ആക്രമണവും ഒരുപോലെ എന്നത് കരുത്താണ്.
കോലിയുടെ ചില പ്രധാന ടെസ്റ്റ് റെക്കോര്‍ഡുകള്‍
∙ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ 19ാം സ്ഥാനം. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നാലാം സ്ഥാനം.
∙ ക്യാപ്റ്റനായി കൂടുതല്‍ സെഞ്ചുറികള്‍ നേടിയവരില്‍ രണ്ടാമന്‍. 20 സെഞ്ചുറികള്‍. 25 സെഞ്ചുറികള്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രയിം സ്മിത്ത് ഒന്നാമത്.
∙ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 254*
∙ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍. 68 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച് 40 വിജയം സ്വന്തമാക്കി. 60 ടെസ്റ്റുകളില്‍ 27 വിജയം നേടിയ മഹേന്ദ്രസിങ് ധോണിയാണ് കോലിക്ക് പിന്നില്‍.
∙ കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനം. 109 ടെസ്റ്റുകളില്‍ 53 വിജയം നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയിം സ്മിത്താണ് ഒന്നാം സ്ഥാനത്ത്..
. കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദ് സീരീസ് പുരസ്കാരം നേടിയവരില്‍ ശ്രീലങ്കന്‍ മുന്‍ താരം സനത് ജയസൂര്യയ്ക്കൊപ്പം രണ്ടാം സ്ഥാനത്ത്. 74 പരമ്പരകളില്‍ നിന്ന് 11 തവണ നേട്ടം സ്വന്തമാക്കി. ജയസൂര്യ 11 തവണ നേട്ടത്തിനുടമയായത് 111 പരമ്പരകളില്‍ നിന്ന്. 108 പരമ്പരകളില്‍ നിന്ന് 15 തവണ പ്ലെയര്‍ ഓഫ് ദ് സീരീസ് പുരസ്കാരം നേടിയ സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
∙ വേഗത്തില്‍ ഏഴായിരം റണ്‍സ് തികച്ചവരുടെ പട്ടികയില്‍ ഏഴാം സ്ഥാനം.
∙ കൂടുതല്‍ ഇരട്ട സെഞ്ചുറി നേടി ബാറ്റര്‍മാരില്‍ അഞ്ചാം സ്ഥാനം. ഏഴ് ഇരട്ട സെഞ്ചുറികള്‍. 12 ഇരട്ട സെഞ്ചുറി നേടിയ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമത്. ശ്രീലങ്കന്‍ താരങ്ങളായ കുമാര്‍ സംഗക്കാര 11ഉം സനത് ജയസൂര്യ 9ഉം ഇരട്ടസെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
∙ 2018 ല്‍ ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരം.