2006 ഡിസംബറിലെ ഡല്‍ഹിയിലെ തണുപ്പന്‍ വെളുപ്പാന്‍കാലം, മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച അച്ഛന്റെ മൃതദേഹത്തിന്‍റെ ചൂട് വിട്ടുമാറുന്നതിന് മുന്‍പ് 15കാരന്‍ പയ്യന്‍ ഫിറോസ് ഷാ കോട്ലയിലേക്ക് രഞ്ജി ട്രോഫി കളിക്കാനെത്തി. മടങ്ങി വീട്ടിലെത്തി അച്ഛന്‍റെ ചിതയ്ക്ക് തീ കൊളുത്തി. അങ്ങേയറ്റം വികാരനിര്‍ഭരമായ ആ രാത്രിയില്‍ ചേട്ടനോടായി പറഞ്ഞു. 'ഞാന്‍ രാജ്യത്തിനായി കളിക്കാന്‍ പോവുകയാണ്. ഇനിയൊന്നിനും എന്നെ തടയാന്‍ കഴിയില്ല, ഏറ്റവും മികച്ച കളിക്കാരനാകും അതിനായി പരിശ്രമിക്കും'. ഡല്‍ഹിയിലെ സാധാരണ മധ്യവര്‍ഗ കുടുംബത്തില്‍ നിന്ന് വിരാട് കോലിയെന്ന ഡല്‍ഹിക്കാരന്‍ പയ്യന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ കിങ് കോലിയായി മാറിയതിന് പിന്നില്‍ ആ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും, അര്‍പ്പണ മനോഭാവവും മാത്രമായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റ് ജീവിതം പോലെ തന്നെയാണെന്നായിരുന്നു വിരാട് കോലിയുടെ പക്ഷം. അതില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാകുമെന്നും പാതി വഴിയില്‍ ഉപേക്ഷിച്ച് പോകാനാകുന്നതല്ലെന്നും സമയം വരുന്നത് വരെ കഠിനാധ്വാനത്തോടെ സ്ഥിരതയോടെ ആത്മധൈര്യം കൈവിടാതെ കാത്തു നില്‍ക്കണമെന്നും ടെസ്റ്റ് ക്രിക്കറ്റ് കോലിയെ പഠിപ്പിച്ചു.
കിങ്സ്റ്റണില്‍ വിന്‍ഡീസിനെതിരെയായിരുന്നു കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം. 123 മല്‍സരങ്ങളില്‍ നിന്നായി 9230 റണ്‍സ്. അതില്‍ 30 സെഞ്ചറികള്‍ 31 അര്‍ധ സെഞ്ചറികള്‍. ടെസ്റ്റില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയായിരുന്നു വിരാട് കോലി. നയിച്ച 68 ടെസ്റ്റുകളില്‍ 40 ലും വിജയം. സ്‌കൂള്‍ കാലത്ത് 100 ല്‍ മൂന്ന് മാര്‍ക്ക് മാത്രം വാങ്ങിയിരുന്ന കണക്കിന് ജയിക്കാന്‍ വേണ്ടി വന്ന കഠിനാധ്വാനം ക്രിക്കറ്റില്‍ താന്‍ ചെയ്തിട്ടില്ലെന്ന് കോലി പിന്നീടൊരിക്കല്‍ നര്‍മം കലര്‍ത്തി പറഞ്ഞു.
2016 മുതല്‍ 2019 വരെയുള്ള കാലം ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ സുവര്‍ണകാലമായിരുന്നു. 43 ടെസ്റ്റുകളില്‍ നിന്നായ നിന്നായി 4208 റണ്‍സ്, അതും 66.79 ശരാശരിയില്‍. 69 ഇന്നിങുസുകളിലായി 16 സെഞ്ചറികളും പത്ത് അര്‍ധ സെഞ്ചറികളും കോലിയുടെ ബാറ്റില്‍ നിന്നും പിറന്നു. 2020കളിലെത്തിയതോടെ ശരാശരി പകുതിയിലും താഴെയെത്തി 39 ടെസ്റ്റുകളില്‍ നിന്നായി വെറും 2028 റണ്‍സാണ് കോലിക്ക് കൂട്ടിച്ചേര്‍ക്കാനായത്. മൂന്ന് സെഞ്ചറികളും ഒന്‍പത് അര്‍ധ സെഞ്ചറികളുമായി അത് ചുരുങ്ങി. 2023 ല്‍ എട്ട് ടെസ്റ്റുകളില്‍ നിന്നായി 55.91 ശരാശരിയില്‍ 671 റണ്‍സെടുത്ത കോലി ഫോം വീണ്ടെടുക്കുന്നുവെന്ന് തോന്നിച്ചു. 12 ഇന്നിങ്‌സുകളില്‍ നിന്നായി രണ്ട് സെഞ്ചറിയും രണ്ട് അര്‍ധ സെഞ്ചറിയും. തെല്ലും ആശ്വസിക്കാന്‍ വകയില്ലാത്ത കാലമാണ് 2024 കോലിക്ക് സമ്മാനിച്ചത്. 10 ടെസ്റ്റുകളില്‍ നിന്ന് കേവലം 382 റണ്‍സുമാത്രമാണ് കഴിഞ്ഞ വര്‍ഷം നേടാനായത്. ശരാശരി 22.47ലേക്ക് കൂപ്പുകുത്തി. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ പെര്‍ത്തില്‍ സെഞ്ചറി നേടിയെങ്കിലും ഏഴു തവണ ഓഫ് സ്റ്റംപില്‍ കുരുങ്ങി പുറത്തായ കോലിയെ കണ്ട് ആരാധകര്‍ അമ്പരന്നു. പരമ്പരയിലെ നാണംകെട്ട തോല്‍വിക്കൊടുവില്‍ കോലിക്ക് നേരെയും വിമര്‍ശനങ്ങള്‍ നീണ്ടു. വിരമിക്കല്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞു.
ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ 19-ാം സ്ഥാനത്താണ് കോലി. ഏറ്റവുമധികം കാലം ടെസ്റ്റ് ക്യാപ്റ്റനായിരുന്നവരുടെ പട്ടികയില്‍ ആറാമനും. 109 ടെസ്റ്റ് മല്‍സരങ്ങളില്‍ ക്യാപ്റ്റനായിരുന്ന ഗ്രേയം സ്മിത്താണ് ഈ പട്ടികയില്‍ ഒന്നാമന്‍. അലന്‍ ബോര്‍ഡര്‍(93), സ്റ്റീഫന്‍ ഫ്‌ളെമിങ് (80), റിക്കി പോണ്ടിങ് (77), ക്ലൈവ് ലോയിഡ് (74) എന്നിവരാണ് മറ്റു സ്ഥാനക്കാര്‍. 2018 ലെ കലണ്ടര്‍ വര്‍ഷം 1322 റണ്‍സ് കോലിയുടെ ബാറ്റില്‍ നിന്നൊഴുകി. 2006 ല്‍ മുഹമ്മദ് യൂസുഫ് നേടിയ 1788 റണ്‍സാണ് ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടം. 2017 -18 ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഇരട്ട സെഞ്ചറി, ഓസീസിനെതിരായി 2014-15 ല്‍ നേടിയ 4 സെഞ്ചറികള്‍ എന്നിവ ആ കരിയറില്‍ തിളക്കമാര്‍ന്ന് നില്‍ക്കും.
ഇടത്തരം മധ്യവര്‍ഗ കുടുംബത്തിന്റെ എല്ലാ അല്ലലുകളും അറിഞ്ഞായിരുന്നു കോലിയുടെ ബാല്യവും കൗമാരവും. ക്രിക്കറ്റ് മാത്രം തലയിലേറ്റി നടന്ന കോലി ടെലിവിഷനില്‍ പ്രഫഷണല്‍ താരങ്ങള്‍ കളിക്കുന്നത് കണ്ട് അനുകരിച്ച് കളിച്ചിരുന്നു. ഡല്‍ഹിയിലെ ക്രിക്കറ്റ് അക്കാദമിയില്‍ മുതിര്‍ന്നവര്‍ക്കൊപ്പം കളിക്കാനായിരുന്നു തനിക്കിഷ്ടമെന്നും മുതിര്‍ന്നവര്‍ക്കൊപ്പം കളിക്കാനായിരുന്നു താല്‍പര്യം.അതിനായി കോച്ചിനോട് നിരന്തരം കലഹിച്ചിരുന്നെന്നും കോലി ഒരഭിമുഖത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. സംസ്ഥാന-ദേശീയ ടീമുകളിലേക്ക് സിലക്ഷന്‍ കിട്ടാന്‍ കുറുക്കുവഴികളാണ് ഉള്ളതെന്ന് താന്‍ കേട്ടിരുന്നുവെന്നും അങ്ങനെ ഒരു ടീമിലും കയറിപ്പറ്റേണ്ടതില്ലെന്നായിരുന്നു അച്ഛന്‍റെ പക്ഷമെന്നും കോലി വെളിപ്പെടുത്തി.
അനുഭവങ്ങളിലൂടെ മനുഷ്യന്‍ എങ്ങനെ നവീകരിക്കപ്പെടുന്നു എന്നതും, കൂടുതല്‍ നല്ല മനുഷ്യനായി പരുവപ്പെടുന്നുവെന്നതും കോലിയുടെ ജീവിതത്തിലും കാണാം. അതിവേഗം ഈഗോ ഹര്‍ട്ടാവുന്ന, ദേഷ്യം പിടിക്കുന്ന, ഗാലറിയെ നോക്കി അശ്ലീല ആംഗ്യം കാണിക്കുന്ന പാര്‍ട്ടികളില്‍ ജീവിതത്തിന്‍റെ താളം കണ്ടെത്തിയ, ക്രീസിലെ ആങ്ക്രി യങ് മാനില്‍ നിന്നും ദേഷ്യമകന്ന, അച്ചടക്കമുള്ള, ജീവിതത്തെ അനുകമ്പയോടെ നോക്കിക്കാണുന്ന മനുഷ്യനിലേക്ക് കിങ് കോലി പരിണമിച്ചു. കോവിഡ് കാലത്ത്, സൂപ്പര്‍മാന്‍ അല്ലാത്ത, മറ്റൊരു കോലിയെ ലോകം കണ്ടു. ചുറ്റിനുമുള്ള താരപരിവേഷങ്ങള്‍ക്കപ്പുറം മനുഷ്യനെന്ന നിലയില്‍ താന്‍ എവിടെ നില്‍ക്കുന്നുവെന്ന് കോലി ലോകത്തോട് തുറന്ന് പറഞ്ഞു. കോവിഡാനന്തര കാലത്ത് അധികമൊന്നും കളിക്കളത്തില്‍ നേട്ടമുണ്ടാക്കാന്‍ കോലിക്കായില്ല. നാല് ടെസ്റ്റ് സെഞ്ചറികളാണ് അക്കാലത്തിനിടയില്‍ പിറന്നത്. പക്ഷേ കോലി കഠിനാധ്വാനം തുടര്‍ന്നു. വിജയത്തിലേക്ക് മെച്ചപ്പെട്ട പ്രകടനത്തിലേക്ക് കുറുക്കുവഴികള്‍ ഒന്നുമില്ലെന്ന് കോലി എക്കാലവും വിശ്വസിച്ചു.
എ കംപ്ലീറ്റ് ടീം മാന്‍ അതായിരുന്നു വിരാട് കോലി. ടീം അംഗങ്ങളോട് സത്യസന്ധനായിരിക്കണമെന്നും വിശ്വസിക്കാന്‍ കൊള്ളാവുന്നവനാകണമെന്നതുമാണ് തന്‍റെ അടിസ്ഥാന നയമെന്ന് വ്യക്തമാക്കി. ടീമിന്‍റെ ജയമാണ് വലുതെന്നും ഈഗോയ്ക്കും, വ്യക്തി താല്‍പര്യങ്ങള്‍ക്കും സ്ഥാനമില്ലെന്നും വിശ്വസിച്ചു. ആക്രമിച്ച് കളിക്കുകയാണ് തന്‍റെ ശൈലിയെന്ന് കോലി ഉറപ്പിച്ച് പറഞ്ഞു. നയിച്ച കാലമത്രയും ടീമിനെ ആക്രമിച്ച് കളിക്കാന്‍ പഠിപ്പിച്ചു. വിജയങ്ങള്‍ പൊരുതി നേടി. തോല്‍വിയുടെ നിരാശയെ തൂത്തെറിഞ്ഞ് മടങ്ങി വന്നു. ഒടുവിലിതാ നനുത്ത പുഞ്ചിരിച്ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയര്‍ താന്‍ അവസാനിപ്പിക്കുന്നതായി വിരാട് കോലി പ്രഖ്യാപിച്ചിരിക്കുകയാണ്. അതും ഇംഗ്ലണ്ട് പര്യടനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ. ടെസ്റ്റ് തന്നെ പരീക്ഷിക്കുകയും പരുവപ്പെടുത്തുകയും ഓര്‍മയില്‍ താലോലിക്കാന്‍ സുന്ദരമായ നിമിഷങ്ങള്‍ നല്‍കുകയും ചെയ്തുവെന്ന് താരം കുറിക്കുന്നു. തനിക്കാവുന്നതെല്ലാം താന്‍ നല്‍കിയെന്നും പ്രതീക്ഷിക്കാന്‍ കഴിയുന്നതിനുമപ്പുറം ടെസ്റ്റ് ക്രിക്കറ്റ് തനിക്കും നല്‍കിയെന്നും നിറഞ്ഞ മനസോടെ കോലി കുറിക്കുന്നു. അശ്വിന് പിന്നാലെ, രോഹിതിന് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിനോട് ബൈ പറയുമ്പോള്‍ ഒരു കാലം കൂടിയാണ് അവസാനിക്കുന്നത്. ഹോം ഗ്രൗണ്ടിനപ്പുറം വിദേശമണ്ണിലും എതിരാളികളെ കൂസലില്ലാത്ത, ഏത് കരുത്തുറ്റ ബോളറെയും തലങ്ങും വിലങ്ങും അടിച്ചു പറത്തുക മാത്രമാണ് ലക്ഷ്യമെന്ന് പറയുന്ന തോല്‍ക്കാന്‍ മനസില്ലാത്ത കഠിനാധ്വാനിയായാകും കിങ് കോലിയെ ക്രിക്കറ്റ് ലോകം ഓര്‍ക്കുക.