ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പന്താട്ടം റെക്കോര്‍ഡുകളുടെ ഉല്‍സവമാണ്. മൈതാനത്തിനകത്ത് ആ മാന്ത്രിക്കാലുകള്‍ തീര്‍ക്കുന്ന ഫുട്ബോള്‍ അഴക് ആരാധകര്‍ക്ക് ആനന്ദലഹരിയാണ്. ലോകത്ത് രണ്ടുതരം ഫുട്ബോൾ ആരാധകര്‍ മാത്രം. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും.
കാലുകളില്‍ കാവ്യഭാവമില്ല, നോട്ടത്തിലോ ചലനത്തിലോ കാല്‍പനിക ഭാവമില്ല. ഉള്ളത് എതിരാളിയുടെ കഥകഴിക്കുന്ന കണിശതയുള്ള ഷോട്ടുകളും പാസുകളും ടീമിനെ വിജയിപ്പിക്കണമെന്ന തൃഷ്ണയും. മറ്റാരിലും കാണാത്ത തന്‍റേടവും വാശിയും മല്‍സരബുദ്ധിയും അവനിലുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നായകനാണ്, പോരാളിയാണ്, ഗോളടി വീരനാണ്. കളിയുടെ 89 മിനിറ്റും കല്ലേറ് കൊണ്ടാലും 90ാം മിനിറ്റില്‍ നിങ്ങള്‍ക്ക് ആ കല്ലുകളെ പുഷ്പങ്ങളാക്കാം, ഇതാണ് ക്രിസ്റ്റ്യാനോ ലോകത്തിന് പകര്‍ന്നു നല്‍കുന്ന പാഠം.
മെസിയെപ്പോലെ സൗമ്യനോ അഴകളവുകള്‍ തീര്‍ക്കുന്നവനോ അല്ല. ഗോളിനായി ഏതടവും പയറ്റുന്ന പോരാളി. 2003ല്‍ സ്പോര്‍ട്ടിങ് ലിസ്ബണില്‍ തുടങ്ങിയ കരിയര്‍. ആദ്യം റൈറ്റ് വിങ്ങറായിരുന്നു. പന്ത് സാവധാനം തട്ടിനീക്കാനും എതിരാളിയെ വെട്ടിയൊഴിയാനും വേഗം കൂട്ടാനും കുറയ്ക്കാനുമുള്ള കഴിവ് അവനെ വലതുവിങ്ങില്‍ നിന്ന് മുന്നേറ്റനിരയിലേക്ക് എത്തിച്ചു.
മൈതാനത്ത് അയാളുടെ നീക്കങ്ങള്‍ പലപ്പോഴും അമാനുഷികം എന്നുതോന്നിപ്പിക്കും. അതിലൊന്നാണ് കുതിച്ചുയര്‍ന്നുള്ള ഹെഡറുകള്‍. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആ ചാട്ടത്തിന് പിന്നില്‍ ശാരീരികമായ പ്രത്യേകതകൾ മുതൽ കഠിന പരിശീലനം വരെയുണ്ട്.
നിലത്ത് ചെലുത്തുന്ന ബലം, ടേക്ക്ഓഫ്, കാലുകള്‍ പിന്‍ഭാഗത്തേക്ക് മടക്കല്‍ തുടങ്ങിയവ ആ ചാട്ടത്തിന് ശാസ്ത്രീയതയും അഴകും നല്‍കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അന്തരീക്ഷത്തില്‍ തൂങ്ങി നില്‍ക്കുന്നതുപോലെ... നിന്ന നില്‍പ്പിലെ ചാട്ടമെങ്കില്‍ 43 സെന്‍റീമീറ്ററും ഓട്ടത്തിന് ശേഷമെങ്കില്‍ അത് 78 സെന്‍റീമീറ്റര്‍ വരെയും ഉയരത്തിലാവുന്നു. ആറടി ഒരിഞ്ച് പൊക്കത്തില്‍ അയാള്‍ നില്‍ക്കുമ്പോള്‍ ഏരിയല്‍ ഷോട്ടുകളില്‍ കീഴടക്കുക ദുഷ്കരം.
ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമാണ് റൊണാള്‍ഡോ കളത്തില്‍ തീര്‍ക്കുന്നത്. സാങ്കേതികത്തികവുള്ള ഫുട്ബോള്‍ കരുത്തിന്‍റെ മൂര്‍ത്തഭാവം. എതിര്‍ ഗോള്‍മുഖത്ത് എത്തുമ്പോള്‍ കടുവയുടെ ക്രൗര്യം. ഹെഡര്‍ ഗോളുകളിലും ഫ്രീകിക്ക്, പെനല്‍റ്റി ഗോളുകളിലും റൊണാള്‍ഡോയുടെ കണക്കിലെ കൃത്യത കാണാം.
വായുവില്‍ ഉയര്‍ന്നുചാടുമ്പോള്‍ ശരീരം ബാലന്‍സ് ചെയ്യുന്നതിന് റൊണാള്‍ഡോ കാട്ടുന്ന മിടുക്കിന് പകരം വയ്ക്കാനൊന്നുമില്ല. കളി മെല്ലെെമെല്ലെ പടുത്തുയര്‍ത്താനും വേഗം കൂട്ടാനും പ്രതിരോധനിരയിലേക്ക് ഇറങ്ങിച്ചെന്ന് പന്ത് സ്വീകരിക്കാനും അസാമാന്യ വൈഭവം. എതിരാളിയുടെ നീക്കങ്ങള്‍ അതിവേഗം മനസിലാക്കാനും അത് മുന്‍കൂട്ടിക്കണ്ട് പാസ് നല്‍കാനും മിടുക്കന്‍.
മല്‍സരം ജയിക്കണമെന്ന ഒടുങ്ങാത്ത വാശിയും തോല്‍ക്കാന്‍ മനസില്ലാത്ത പോരാട്ടവും ടീം അംഗങ്ങളുടെ ചെറിയ പിഴവുകളില്‍ അവരെ ശാസിക്കുന്ന രീതിയുമെല്ലാം റൊണാള്‍ഡോയ്ക്ക് എതിരാളികള്‍ ധിക്കാരി,അഹങ്കാരി തുടങ്ങിയ വിശേഷണങ്ങള്‍ ചാര്‍ത്തി. ചിട്ടയായ പരിശീലനവും ഭക്ഷണക്രമവും റൊണാള്‍ഡോയെ മറ്റ് ഫുട്ബോള്‍ താരങ്ങളില്‍ നിന്ന് ഊര്‍ജമുള്ളവനും ശാരീരികക്ഷമതയുള്ളവനുമാക്കുന്നു.
പോര്‍ച്ചുഗലില്‍ നിന്ന് പ്രീമിയര്‍ ലീഗിലെത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആദ്യ മുന്ന് സീസണിലും റൈറ്റ് വിങ്ങറായിരുന്നു. പതിയെ സ്ട്രൈക്കറുടെ പൂര്‍ണതയിലേക്കെത്തി. 2007–2008 സീസണില്‍ ചുവന്ന കുപ്പായത്തില്‍ ജ്വലിച്ചു. 2009ല്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് സ്പാനിഷ് ലീഗിലേക്ക്. റയല്‍ മഡ്രിഡിന്റെ ജഴ്സിയില്‍ കരിയര്‍ ഉത്തുംഗശൃംഖത്തിലെത്തി. ലാ ലിഗയില്‍ നിന്നാണ് മെസി–റൊണാള്‍ഡോ പോര് തുടങ്ങുന്നതും ഫുട്ബോള്‍ പ്രേമികള്‍ക്ക് അത് വിരുന്നാകുന്നതും. 2018ല്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസിലെത്തി. പിന്നാലെ യൂറോപ് വിട്ട് സൗദി പ്രോ ലീഗിലേക്ക്. അവിടെയും റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നു.
image: facebook.com/Cristiano
അഞ്ച് ബലോന്‍ ദ് ഓര്‍, യൂറോകപ്പ്, യുവേഫ നേഷന്‍സ് കപ്പ്, അഞ്ച് വ്യത്യസ്ത ലീഗുകള്‍, ആ ലീഗുകളിലെ വിവിധ കിരീടങ്ങള്‍, ആറ് ചാംപ്യന്‍സ് ലീഗ് കീരീടങ്ങള്‍, കൂടുതല്‍ രാജ്യാന്തര ഗോളുകള്‍, കൂടുതല്‍ ഗോളുകള്‍, 700 ക്ലബ്ബ് ജയങ്ങള്‍ ഇതെല്ലാം റൊണാള്‍ഡോ തീര്‍ത്ത റെക്കോര്‍ഡുകളില്‍ ചിലതുമാത്രം. ലോകകപ്പ് കിരീടമില്ല. എങ്കിലും ഫുട്ബോളിന്റെ ഉയരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ജ്വലിച്ചുനില്‍ക്കുന്നു.