അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങിന്‍റെ കരുത്ത് കൂറ്റന്‍ ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചപ്പോള്‍ പിറന്നത് ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ്. രാജ്യാന്തര ട്വന്‍റി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ അഭിഷേക് സ്വന്തം പേരിലെഴുതി. 54 പന്തില്‍ 13 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. തലങ്ങും വിലങ്ങും ഇംഗ്ലീഷ് ബോളര്‍മാരെ അടിച്ചുപറത്തിയ അഭിഷേക് ട്വന്‍റി20യിലെ ഇന്ത്യയുടെ രണ്ടാം അതിവേഗ സെഞ്ചറിയാണ് കുറിച്ചത്. ശുഭ്മന്‍ ഗില്‍ ന്യൂസീലാന്‍ഡിനെതിരെ കുറിച്ച 126 റണ്‍സിന്‍റെ റെക്കോര്‍ഡും പഴങ്കഥയായി. ട്വന്‍റി20 ഇന്നിങ്സില്‍ ഏറ്റവുമധികം സിക്സുകള്‍ നേടിയ ഇന്ത്യന്‍ ബാറ്റ്സ്മാനും അഭിഷേക് തന്നെ.
India's Abhishek Sharma celebrates his century during the fifth Twenty-20 cricket match between India and England at the Wankhede Stadium, in Mumbai, Sunday, Feb. 2, 2025. (PTI Photo/Kunal Patil)
തന്‍റെ നേട്ടത്തില്‍ യുവരാജ് സിങിന് അതിയായ സന്തോഷമുണ്ടാകുമെന്നും അദ്ദേഹം എപ്പോഴും ഇത് ആഗ്രഹിച്ചിരുന്നുവെന്നും അഭിഷേക് വെളിപ്പെടുത്തി. 15–ാം ഓവര്‍ വരെ നിന്ന് ബാറ്റ് ചെയ്യുകയെന്നത് അദ്ദേഹവും ആഗ്രഹിച്ചിരുന്നു. അദ്ദേഹം മാത്രമല്ല, ഗൗതി ഭായും അതേ കാര്യം ആഗ്രഹിച്ചു, ടീമും പിന്തുണച്ചു'വെന്ന് കളിക്ക് േശഷം താരം പറഞ്ഞു. ഉപദേശകനും വഴികാട്ടിയുമായ യുവ്രാജ് സിങിനോടും കുടുംബത്തോടും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
ആദില്‍ റഷീദിനെ സിക്സ് പായിച്ചതാണ് ഏറ്റവും മനോഹരമായ നിമിഷമെന്നും അത് താന്‍ ആസ്വദിച്ചുവെന്നും താരം പറയുന്നു. അത്രയും പ്രതിഭാസമ്പന്നനെതിരെ മികച്ച കളി പുറത്തെടുക്കാനാകുന്നത് സന്തോഷമാണ്. ആദിലിനെ സിക്സ് പറത്തിയ ഷോട്ടുകളെ കുറിച്ച് യുവി ഭായും പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തിനും സന്തോഷമായിട്ടുണ്ടാകുമെന്നും ഇടങ്കയ്യനായ ഇരുപത്തിരണ്ടുകാരന്‍ പറയുന്നു. വെറും 37 പന്തിലാണ് അഭിഷേക് സെഞ്ചറി തികച്ചത്. 35 പന്തില്‍ സെഞ്ചറി നേടിയ രോഹിത് ശര്‍മയാണ് അഭിഷേകിന്‍റെ മുന്നിലുള്ളത്. പേസ് ബോളര്‍മാരെ ലോഫ്റ്റഡ് ഷോട്ടുകളിലൂടെ ബൗണ്ടറി കടത്തിയ താരം സ്പിന്നര്‍മാര്‍ക്കെതിരെ സ്പെറ്റ് ഔട്ട് ഷോട്ടുകളിലൂടെയും റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. ഒടുവില്‍ ആദില്‍ റഷീദിനെ സിക്സര്‍ പറത്താനുള്ള ശ്രമത്തിനിടെയാണ് അഭിഷേക് പുറത്തായതും.
India's Abhishek Sharma plays a shot during the fifth Twenty-20 cricket match between India and England at the Wankhede Stadium, in Mumbai, Sunday, Feb. 2, 2025. (PTI Photo/Kunal Patil)
'വളരെ അപൂര്‍വമായി മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. പരിശീലനം, കഠിനാധ്വാനം, മോശം ഫോമിലുള്ളപ്പോഴും ക്യാപ്റ്റനും കോച്ചും നല്‍കുന്ന പിന്തുണ ഇതെല്ലാമാണ് ഇങ്ങനെയൊരു ദിവസത്തിലേക്ക് നയിച്ചത്. എന്‍റെ ദിവസം വരുമെന്ന് ഞാനെന്നും വിശ്വസിച്ചിരുന്നു, അന്ന് ഇതുപോലെ അടിച്ച് തകര്‍ത്ത് കളിക്കുമെന്നും ഉറപ്പായിരുന്നു'- അഭിഷേക് സന്തോഷം മറച്ചുവച്ചില്ല. അടിച്ചു പറത്തിയ 13 സിക്സുകളില്‍ പകുതിയും ഓര്‍മയില്ലെന്നും പക്ഷേ ആസ്വദിച്ചാണ് കളിച്ചത്. കളികാണാന്‍ അമ്മയും സഹോജരിയും എത്തിയിരുന്നുവെന്നും അവര്‍ക്ക് മുന്നില്‍ കളിക്കുന്നത് സന്തോഷവും അഭിമാനവും പകരുന്ന നിമിഷമാണെന്നും അഭിഷേക് പറഞ്ഞു. രാജ്യത്തിന് വേണ്ടി കളിക്കാന്‍ കഴിയുന്നതിലും വലിയ സന്തോഷം മറ്റൊരുന്നുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.