Bengaluru: India's Vaibhav Sooryavanshi at pavilion after rain delayed toss for the fifth T2oI cricket match of a series between India and West Indies, in Bengaluru, Saturday, Oct. 17, 2026. (PTI Photo/Shailendra Bhojak)(PTI10_17_2026_000380A)
സഞ്ജുവും അഭിഷേകും ഇഷാനും മികച്ച ഫോമില്‍ ഉള്ളപ്പോള്‍ വൈഭവ് സൂര്യവംശിക്ക് ഇന്ത്യന്‍ ടീമില്‍ ഇടമില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര. വിന്‍ഡീസിനെതിരായ ട്വന്റി 20 ടീമില്‍ വൈഭവ് ഉണ്ടായിരുന്നുവെങ്കിലും അഞ്ചില്‍ ഒരു മല്‍സരത്തില്‍ പോലും പ്ലേയിങ് ഇലവനില്‍ ഇടം കിട്ടിയില്ല. വൈഭവിനെ ഉള്‍പ്പെടുത്താനുള്ള സ്ഥലം ടീമില്‍ ഇല്ലെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നത്. ഒന്നെങ്കില്‍ ഊഴം ഏര്‍പ്പെടുത്തണമെന്നും പക്ഷേ അത് ഗംഭീറിനുള്പ്പടെ സ്വീകാര്യമാകാന്‍ വഴിയില്ലെന്നും ചോപ്ര പറയുന്നു.
'വൈഭവിന് ടീമില്‍ ഇടമില്ലാത്തത്, അങ്ങനെ അവനായി ഒരു സ്ഥലം ഇല്ലാത്ത് കൊണ്ടാണ്. വൈഭവ് ഓപ്പണറാണ്. ആരുടെ സ്ഥാനത്ത് വൈഭവിനെ കളിപ്പിക്കും? സഞ്ജുവിനെയോ, അഭിഷേകിനെയോ, ഇഷാനെയോ പുറത്തിരുത്തിയാല്‍ മാത്രമേ വൈഭവിനെ കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അവര്‍ മൂന്നുപേരും നന്നായി കളിക്കുന്ന സ്ഥിതിക്ക് വൈഭവിന് പെട്ടെന്ന് അവസരം ലഭിക്കില്ല. ഹൃദയഭേദകമാണത്. പക്ഷേ മറ്റ് വഴിയില്ല. ഇല്ലെങ്കില്‍ റൊട്ടേഷന്‍ ഏര്‍പ്പെടുത്തണം. നാലുപേരും മാറി മാറിക്കളിക്കട്ടെ, പക്ഷേ ഈ നിര്‍ദേശം ആര്‍ക്കും സ്വീകാര്യമല്ല'- ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
വൈഭവിനെ ഇനിയും കളിപ്പിക്കുന്നില്ലെങ്കില്‍ സ്ക്വാഡില്‍ നിന്നൊഴിവാക്കണമെന്നും രഞ്ജി കളിക്കാന്‍ വിടണമെന്നുമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിപ്രായപ്പെടുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നായി 246 റണ്‍സാണ് വൈഭവ് ഇതുവരെ നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ചറികളുമുണ്ട്. 186 ആണ് സ്ട്രൈക്ക് റേറ്റ്.
അതേസമയം, തിലക് വര്‍മയെ പുറത്തിരുത്തി വൈഭവിനെ കളിപ്പിച്ചാലോ എന്ന തരം സംസാരങ്ങള്‍ അനാവശ്യമാണെന്നും ആകാശ് ചോപ്ര പറയുന്നു. തിലക് ചില കളികളില്‍ നിറം മങ്ങിയെന്ന് പറഞ്ഞ് വൈഭവിനെ പകരക്കാരനാക്കാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ' തിലക് മോശം ഫോമിലാണെന്ന് പറയുന്നവര്‍ കാര്യമറിയാതെ സംസാരിക്കുകയാണ്. മൂന്നാമനായി കളിച്ച് രണ്ട് സെഞ്ചറി നേടിയ താരമാണ് തിലക്. ലോകകപ്പിന് തൊട്ടുമുന്‍പ് പരുക്കേറ്റതാണ് വിനയായത്. പക്ഷേ ലോകകപ്പിന് ശേഷം നോക്കൂ, ഫിനിഷറെന്ന നിലയില്‍ തിലക് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഏഷ്യന്‍ ഗെയിംസിലും വിന്‍ഡീസിനെതിരെയും അത് കണ്ടു. മധ്യനിരയിലും വാലറ്റത്തും നല്ല പ്രകടനമാണ്. അതുകൊണ്ട് തന്നെ തിലകിനെ പുറത്തിരുത്തുന്നത് അനുയോജ്യമല്ല'- ചോപ്ര വിശദീകരിച്ചു.
വൈഭവ് കാത്തിരിക്കണമെന്നും അക്കാര്യം താന്‍ വൈഭവിനോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും ശ്രേയസ് അയ്യരും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 'നിന്റെ അവസരം വരുമെന്ന് ഞാന്‍ അവനോട് എപ്പോഴും പറയാറുണ്ട്. നോക്കൂ, ലോകകപ്പ് നേടിത്തന്ന രണ്ട് ബാറ്റര്‍മാര്‍, മികച്ച ഫോം ഇപ്പോഴും തുടരുകയാണ്. അതിനിടയില്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത് ശരിയല്ല, അതിനിടയില്‍ അവസരം ലഭിക്കുമെന്ന് കരുതുന്നതും ശരിയല്ല. വൈഭവിന്റെ മനസിലൂടെ പോകുന്നതെന്താണെന്ന് എനിക്ക് മനസിലാകും. അത്രയും ഗംഭീരമായ ഐപിഎല്‍ സീസണിന് ശേഷം കൂടിയാകുമ്പോള്‍ നിരാശയേറും. പക്ഷേ ചിലപ്പോഴൊക്കെ നമ്മള് കാത്തിരിക്കേണ്ടി വരും. അഫ്ഗാന് സീരിസ് മുതല്‍ ഞാന്‍ വൈഭവിനോട് ആവര്‍ത്തിച്ച് പറയുന്ന കാര്യമാണത്'- ശ്രേയസ് അയ്യര്‍ വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു. അതേസമയം, ന്യൂസീലന്‍ഡിനെതിരായ ടീമിലും വൈഭവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കളിക്കുന്ന കാര്യം സംശയമാണെന്ന് മുന്‍താരങ്ങള്‍ പറയുന്നു.