ഐപിഎല്‍ ഈ സീസണില്‍ നാലു മല്‍സരങ്ങളില്‍ തോറ്റതോടെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക്​വാദിനെ മാറ്റാന്‍ മുറവിളി. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം താരത്തിന് താങ്ങാന്‍ കഴിയുന്നില്ലെന്നും അത് വ്യക്തിഗത പ്രകടനത്തെ ബാധിക്കുന്നുവെന്നും എത്രയും വേഗം താരത്തെ സ്വതന്ത്രനാക്കുകയാണ് വേണ്ടതെന്നുമാണ് മുന്‍ ചെന്നൈ താരം ബദ്രിനാഥ് പറയുന്നത്. സഞ്ജുവിന്‍റെ വരവോടെയാണ് ഋതുരാജിന് മേല്‍ സമ്മര്‍ദം ശക്തമായതെന്നും അതാണ് ഓപ്പണിങില്‍ പാളുന്നതെന്നും ബദ്രിനാഥ് വിലയിരുത്തുന്നു. സഞ്ജുവിനെ പോലെയൊരു സ്റ്റാര്‍ ബാറ്റര്‍ക്കൊപ്പമാണ് താന്‍ ഓപ്പണ്‍ ചെയ്യുന്നതെന്ന ചിന്തയും സമ്മര്‍ദവും സ്വാഭാവിക കളി പുറത്തെടുക്കുന്നതില്‍ നിന്നും ഗെയ്​ക്ക്​വാദിനെ തടയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഋതുരാജ് ഗെയ്ക്ക്​വാദിനെ സൂപ്പര്‍കിങ്സ് എത്രയും വേഗം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുകയാണ് വേണ്ടത്.  പകരം സഞ്ജു സാംസണെ ആ ചുമതലയേല്‍പ്പിക്കണം. ക്യാപ്റ്റനെന്ന നിലയില്‍ ഋതുരാജ് പരാജയപ്പെട്ടത് കൊണ്ടുമാത്രമല്ല, വ്യക്തിഗത ബാറ്റിങും നോക്കൂ, കടുത്ത സമ്മര്‍ദത്തിലാണ് താരമെന്ന് മുഖത്ത് നിന്നും വ്യക്തമാണ്. ആ സമ്മര്‍ദം അകറ്റുന്നതിനാണ് സഞ്ജുവിനെ പകരം ക്യാപ്റ്റനാക്കേണ്ടത്'- ബദ്രിനാഥ് തന്‍റെ യൂട്യൂബ് വിഡിയോയില്‍ പറയുന്നു. തീപ്പൊരി ബാറ്റിങിലേക്ക് മടങ്ങിയെത്താന്‍ ഋതുരാജിന് കഴിയണം. ഓപ്പണറായി ഇറങ്ങിയിട്ടും ആറുകളിയിലും തിളങ്ങാനാവാത്തത് ഗൗരവത്തിലെടുക്കേണ്ടതാണ്. റണ്‍ചേസിലടക്കം ശ്രദ്ധ വേണമെന്നും ബദ്രിനാഥ് അഭിപ്രായപ്പെട്ടു. രാജസ്ഥാനെ നയിച്ച് പരിചയം സഞ്ജുവിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 മുതല്‍ ചെന്നൈയുടെ ഭാഗമാണ് ഋതുരാജ് ഗെയ്ക്ക്​വാദ്. ആദ്യത്തെ അഞ്ചുവര്‍ഷവും ടോപ് ഓര്‍ഡറില്‍ താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2021 ല്‍ സീസണിലെ ഏറ്റവും മികച്ച സ്കോറും ഓറഞ്ച് ക്യാപും എമര്‍ജിങ് പ്ലേയര്‍ക്കുള്ള പുരസ്കാരവും ഗെയ്​ക്ക്​വാദിനായിരുന്നു. 2024ലാണ് താരം ക്യാപ്റ്റനായത്. 583 റണ്‍സായിരുന്നു ആദ്യ സീസണിലെ സ്കോര്‍. രണ്ടാം സീസണില്‍ താരം അ‍ഞ്ച് മല്‍സരങ്ങളില്‍ മാത്രമാണ് കളിച്ചത്. പിന്നാലെ തോളിന് പരുക്കേറ്റ് പുറത്താകുകയും ചെയ്തു. ഈ സീസണില്‍ ഇതുവരെ 6,28,7,15,7,19 എന്നിങ്ങനെയാണ് ഗെയ്​ക്ക്​വാദിന്‍റെ സ്കോര്‍.

ENGLISH SUMMARY:

Former CSK player Subramaniam Badrinath has stirred controversy by suggesting that Ruturaj Gaikwad should be stripped of Chennai Super Kings' captaincy. Badrinath argued that the pressure of leadership is severely affecting Gaikwad's batting performance, as evidenced by his poor scores in the ongoing IPL 2026 season. He proposed that Rajasthan Royals' star Sanju Samson should take over the reins of CSK to liberate Gaikwad and allow him to play his natural game. With CSK facing six losses this season, Badrinath highlighted that Gaikwad's struggle at the top order, combined with the presence of high-profile players like Sanju, is creating mental pressure. The demand comes amidst Gaikwad's disappointing run of scores including 6, 28, 7, and 15 in recent matches.