Hyderabad: Rajasthan Royals' captain Riyan Parag attempts a catch during the Indian Premier League (IPL) 2026 T20 cricket match between Sunrisers Hyderabad and Rajasthan Royals, at Rajiv Gandhi International Stadium in Hyderabad, Telangana, Monday, April 13, 2026. (PTI Photo/Shahbaz Khan)(PTI04_13_2026_000484B)

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഇത്തവണ പ്രായശ്ചിത്തം ചെയ്യുകയാണ് രാജസ്ഥാന്‍ റോയല്‍സ്. അഞ്ചു കളിയിലെ നാലും ജയിച്ച് എട്ടുപോയിന്‍റുമായി പോയിന്‍റ് പട്ടികയിലും ഒന്നാമതാണ് രാജസ്ഥാന്‍. പക്ഷേ ക്യാപ്റ്റന്‍ അത്ര പോരെന്നാണ് മുന്‍താരമായ ക്രിസ് ശ്രീകാന്തിന്‍റെ വിമര്‍ശനം. പരാഗിന്‍റെ പ്രകടനത്തിനെതിരെയും പെരുമാറ്റത്തിനെതിരെയും മുന്‍പും ശ്രീകാന്ത് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഇക്കുറി രവീന്ദ്ര ജഡേജയ്ക്ക് ഒരോവര്‍ പോലും നല്‍കാതിരുന്നതിലാണ് ശ്രീകാന്തിന്‍റെ വിമര്‍ശനം. 

തിങ്കളാഴ്ച സണ്‍റൈസേഴ്സിനെതിരെ നടന്ന മല്‍സരത്തിലാണ് ടീമിന്‍റെ നെടുന്തൂണായ ജഡേജയ്ക്ക് പരാഗ് പന്ത് നല്‍കാതിരുന്നത്. വലിയ വിമര്‍ശനം ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നതോടെ ഹൈദരാബാദ് ടീമില്‍ ഇടങ്കയ്യന്‍മാരായ ബാറ്റര്‍മാരുെട ആധിക്യമായതിനാലാണ് താരത്തെ ബോള്‍ ചെയ്യാന്‍ ഇറക്കാതിരുന്നതെന്ന് പരാഗ് വിശദീകരിച്ചു. എന്നാല്‍ ഇത് എന്ത് ന്യായമാണെന്നാണ് ശ്രീകാന്ത് ചോദിക്കുന്നത്.

 'പതിവുപോലെ ഷോ കാണിക്കാന്‍ മാത്രമാണ് പരാഗ് ടീമിലുള്ളത്. ബാറ്റിങില്‍ ഒരു പുരോഗതിയും ഇല്ലെങ്കിലും പോസ്റ്റ് മാച്ചിലെ വാചകത്തിന് കുറവില്ല. ജഡേജയ്ക്ക് ഒരോവര്‍ പോലും നല്‍കിയില്ല, അതിന് ന്യായീകരണമായി പറഞ്ഞതോ, ഇടങ്കയ്യന്‍ കളിക്കുന്നുവെന്ന്! ഇടങ്കയ്യന്‍ സ്പിന്നര്‍ ഇടങ്കയ്യന്‍ ബാറ്റര്‍ക്കെതിരെ പന്തെറിയാന്‍ പാടില്ലെന്നുണ്ടോ? അസംബന്ധമാണത്'– ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലെ വിഡിയോയില്‍ പറയുന്നു. 

രാജസ്ഥാന്‍റെ ബോളിങ് ലൈനപ്പ് പോരെന്നും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അത് തിരുത്തിയില്ലെങ്കില്‍ വിനയാകുമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ജഡേജയില്ലാതിരുന്നതാണ് ഹൈദരാബാദിനോട് രാജസ്ഥാന്‍ തോല്‍ക്കാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു. 'തുഷാര്‍ ദേശ്പാണ്ഡെ, സന്ദീര്‍ ശര്‍മ, രവി ബിഷ്ണോയ് എന്നിവരെറിഞ്ഞ 11 ഓവറില്‍ നിന്ന് 142 റണ്‍സാണ് ചോര്‍ന്നത്. കളി അവിടെ കഴിഞ്ഞു. സന്ദീപ് ശര്‍മയെ ഹൈദരാബാദ് ബാറ്റര്‍മാര്‍ അടിച്ചുപറത്തി. ദേശ്പാണ്ഡെ സമ്പൂര്‍ണ പരാജയവുമായി. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ തകര്‍ച്ചയാകും ഫലം'– ശ്രീകാന്ത് വിശദീകരിച്ചു.

ENGLISH SUMMARY:

Former Indian cricketer Krishnamachari Srikkanth has heavily criticized Rajasthan Royals captain Riyan Parag for his decision-making during the match against Sunrisers Hyderabad. Srikkanth questioned the logic of not giving veteran spinner Ravindra Jadeja a single over, dismissing Parag's excuse about left-handed batters as "nonsense." He further slammed the RR bowling lineup, pointing out that Tushar Deshpande, Sandeep Sharma, and Ravi Bishnoi conceded 142 runs in just 11 overs. Srikkanth warned that while RR is currently top of the table, such tactical blunders and poor bowling performances could lead to a downfall in future matches. He also took a swipe at Parag’s attitude, stating that the captain is focused more on "showing off" than improving his game.