Image Credit: AFP
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തിനിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോച്ച് ഗംഭീറിനും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ക്കുമെതിരെ തുറന്നടിച്ച് രവി ശാസ്ത്രി. ബുംറയെ വേണ്ടതു പോലെ ഉപയോഗിക്കാന്‍ അറിയാത്തതാണ് പ്രശ്നമെന്നും അതിന് കുറച്ചെങ്കിലും ബുദ്ധി വേണമെന്നും അദ്ദേഹം തുറന്നടിച്ചു. വര്‍ക്ലോഡ് മാനേജ്മെന്‍റിന്‍റെ ഭാഗമായി ബുംറ ഏകദിന പരമ്പരയില്‍ വിശ്രമം ആവശ്യപ്പെട്ടിരുന്നു. പകരം വന്ന ഹര്‍ഷിദ് റാണയെയും അര്‍ഷ്ദീപ് സിങിനെയും പ്രസിദ്ധ് കൃഷ്ണയെയുമെല്ലാം പ്രോട്ടീസ് ബാറ്റര്‍മാര്‍ തലങ്ങും വിലങ്ങും അടിച്ചു പറത്തി. ബോളിങിലെ വിള്ളലുകളെ തുറന്ന് കാട്ടിയാണ് രണ്ടാം ഏകദിനത്തില്‍ അമ്പരപ്പിക്കുന്ന ജയം ദക്ഷിണാഫ്രിക്ക നേടിയത്. 'ബുംറ ഒരു ദാദ ബോളറാണ്. അദ്ദേഹത്തെ വേണ്ട പോലെ ഉപയോഗിക്കാന്‍ കുറച്ച് തലച്ചോറാവശ്യമാണ്. ഏകദിന സ്പെഷലിസ്റ്റായിരുന്നു ബുംറ നേരത്തെ, ഇപ്പോള്‍ ടെസ്റ്റിലും. ഇതെങ്ങനെ സംഭവിച്ചു?' എന്ന ചോദ്യവും രവി ശാസ്ത്രി ഉയര്‍ത്തുന്നു.
ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് വര്‍ക്ലോഡ് മാനേജ്മെന്‍റ് ചൂണ്ടിക്കാട്ടി ബുംറ ഇറങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രണ്ട് ടെസ്റ്റില്‍ ഇറങ്ങിയ താരം ഏകദിനത്തില്‍ വിശ്രമം എടുക്കുകയായിരുന്നു. ട്വന്‍റി20യില്‍ ബുംറ ടീമിനൊപ്പം ചേരും.
ബുംറയെ വേണ്ടതു പോലെ ടീം ഉപയോഗിക്കുന്നില്ലെന്ന് അശ്വിനും നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഏകദിനത്തിലും ട്വന്‍റി20യിലും നിര്‍ബന്ധമായും ബുംറയെ കളിപ്പിക്കണമെന്നും ടെസ്റ്റില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം ഇറക്കിയാല്‍ മതിയെന്നുമായിരുന്നു എ.ബി.ഡിവില്ലിയേഴ്സുമായി സംസാരിക്കുന്നതിനിടെ അശ്വിന്‍ അഭിപ്രായപ്പെട്ടത്.
അതേസമയം, ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. കളി ജയിച്ച് പരമ്പര സ്വന്തമാക്കാനാകും ഇരു ടീമുകളുടെയും ശ്രമം. ടെസ്റ്റിലെ നാണംകെട്ട തോല്‍വി മറക്കാന്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പര അത്യാവശ്യമാണ്. ദക്ഷിണാഫ്രിക്കയാവട്ടെ, ഏകദിന പരമ്പരയും നേടി സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. വിശാഖപട്ടണത്താണ് കളി.
Google Trending topic: Bumrah