Image Credit: PTI
ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരുന്നതിനായി ശരീരഭാരം കുറച്ച് വമ്പന്‍ മെയ്ക്ക് ഓവറാണ് സര്‍ഫറാസ് ഖാന്‍ നടത്തിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യന്‍ എ ടീമിലേക്കുള്ള 15 അംഗ പട്ടിക ബിസിസിഐ പുറത്തുവിട്ടപ്പോള്‍ സര്‍ഫറാസ് ഔട്ട്! എല്ലാവരും അമ്പരന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവും ഫിറ്റ്നസുമെല്ലാം കണക്കിലെടുത്താല്‍ ടീമിലെത്താന്‍ എന്തുകൊണ്ടും യോഗ്യനായിരുന്നു സര്‍ഫറാസ്. എന്നാല്‍ താരത്തിന് പുറത്തേക്കുള്ള വഴി വെട്ടിയത് ഋഷഭ് പന്തിന്‍റെ മടങ്ങിവരവാണെന്നാണ് റിപ്പോര്‍ട്ട്.
ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെ പരുക്കേറ്റ് പുറത്തായ പന്ത് ടീമിലേക്ക് മടങ്ങിയെത്തിയതോടെ സര്‍ഫറാസിനെ ഉള്‍ക്കൊള്ളിക്കാന്‍ ഇടമില്ലാതെയായി എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ എ ടീം ക്യാപ്റ്റനായാണ് പന്ത് ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. അഞ്ചാം നമ്പറിലാകും പന്ത് ഇറങ്ങുക. പന്ത് മടങ്ങിയെത്തിയ സ്ഥിതിക്ക് സര്‍ഫറാസിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു കളിയില്‍ പോലും ഇറക്കാന്‍ കഴിയില്ലെന്നതിനാലാണ് ഉള്‍പ്പെടുത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
അതേസമയം, മധ്യനിര ബാറ്ററില്‍ നിന്ന് ടോപ് ഓര്‍ഡറില്‍ തിളങ്ങാന്‍ കഴിഞ്ഞാല്‍ സര്‍ഫറാസിന് മുന്നില്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതകളുണ്ടെന്ന് വിലയിരുത്തുന്നവരും കുറവല്ല. നിലവിലെ ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്പറില്‍ സ്ഥിരമായി ആരും ഇല്ല. സായ് സുദര്‍ശനെയാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും ആ സ്ഥാനത്തിന് യോഗ്യനെന്ന് താരം തെളിയിക്കേണ്ടതുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനിടെ കരുണ്‍ നായരെ ഇറക്കിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
മുംബൈ മാനേജ്മെന്‍റുമായും അജിന്‍ക്യ രഹാനെയുമായും സംസാരിച്ച് ബാറ്റിങ് ഓര്‍ഡറില്‍ പരീക്ഷണത്തിന് സര്‍ഫറാസ് തയാറാവണമെന്ന് മുന്‍ സെലക്ടര്‍മാരില്‍ ഒരാള്‍ അഭിപ്രായപ്പെട്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.'പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ജഡേജ,നിതീഷ് റെഡ്ഡി എന്നിവരെല്ലാം ഓള്‍റൗണ്ടിങ് മികവുള്ളവരായതിനാല്‍ തന്നെ ഫിറ്റ്നസ് നിലനിര്‍ത്തിയാല്‍ നിശ്ചയമായും ടീമിലിടം പിടിക്കും. പന്തിന് പരുക്കേറ്റാല്‍ ജുറേലാകും അഞ്ചാമനോ ആറാമനോ ആയി ഇറങ്ങുക. അതുകൊണ്ടുതന്നെ സര്‍ഫറാസ് ടോപ് ഓര്‍ഡറിലേക്ക് മാറാന്‍ ശ്രമിക്കണമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയില്‍ രജത് പട്ടിദാറിനും ഋതുരാജ് ഗെയ്ക്ക്വാദിനും പിന്നിലായാണ് സര്‍ഫറാസിന് സ്ഥാനം പിടിക്കാനായതെന്നതും ഗൗരവമായി ചിന്തിക്കേണ്ടതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.