New Delhi: India's Yashasvi Jaiswal and Shubman Gill walk off the field at the end of the first day's play during the second Test cricket match between India and West Indies, at the Arun Jaitley Stadium, in New Delhi, Friday, Oct. 10, 2025. (PTI Photo/Shahbaz Khan)(PTI10_10_2025_000212B)
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന് ഇരട്ട സെഞ്ചറി നഷ്ടമാകാന്‍ കാരണം ശുഭ്മന്‍ ഗില്ലെന്ന് വ്യാപക വിമര്‍ശനം. ഗില്ലിന്‍റെ പിഴവാണ് ഇരട്ട സെഞ്ചറിക്ക് വെറും 25 റണ്‍സ് മാത്രം അകലെ യശസ്വി പുറത്താകാന്‍ കാരണമെന്നാണ് മുന്‍താരങ്ങളടക്കം പറയുന്നത്. രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനം രാവിലെയായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി താരം പുറത്തായത്.
India's Yashasvi Jaiswal runs between the wickets to score on the second day of the second cricket test match between India and West Indies at the Arun Jaitley Stadium in New Delhi, India, Saturday, Oct.11, 2025. (AP Photo/Manish Swarup)
ഇന്ത്യന്‍ ഇന്നിങ്സ് 92–ാം ഓവറിലെത്തിയപ്പോള്‍ ജെയ്ഡന്‍ സീല്‍സെറിഞ്ഞ ഫുള്ളര്‍ മിഡ് വിക്കറ്റിലൂടെ ജയ്സ്വാള്‍ അഠിച്ചു പറത്തി. പിന്നാലെ റണ്‍ എടുക്കാന്‍ ഓടുകയും ചെയ്തു. ഗില്‍ ആദ്യം ഓടിയെങ്കിലും ചന്ദര്‍പോളിന്‍റെ കയ്യില്‍ പന്തെത്തിയത് കണ്ടതും ഓടല്ലേ എന്ന് വിളിച്ച് പറയുകയും തിരിച്ചോടുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും യശസ്വി പകുതി ദൂരം പിന്നിട്ടിരുന്നു. പുറത്താവലില്‍ യശസ്വി അമ്പരന്ന് പോയെന്ന് ദൃശ്യങ്ങളിലും വ്യക്തമായിരുന്നു. കടുത്ത നിരാശയോടെയാണ് താരം ക്രീസ് വിട്ടത്.
യശസ്വിയെ പോലെ ഒരാളെ പിന്തുണയ്ക്കുകയായിരുന്നു വേണ്ടതെന്നാണ് മുന്‍താരം സഞ്ജയ് ബംഗാര്‍ പറയുന്നത്. ഗില്‍ ആദ്യം ഓടിത്തുടങ്ങിയതാണ് യശസ്വിയെയും ഓടാന്‍ പ്രേരിപ്പിച്ചത്. പിന്നെ ഓടല്ലേയെന്ന് വിളിച്ചു പറഞ്ഞിട്ടെന്ത് കാര്യം? ഷോട്ടിന്‍റെ സ്പീഡിനെ കുറിച്ചാവാം ഗില്‍ ഒരുപക്ഷേ ചിന്തിച്ചത്. എന്നിരുന്നാലും സ്ട്രൈക്കറുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു വേണ്ടത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പുറത്താവലിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായും ജയ്‌സ്വാളിന് തന്നെയെന്നായിരുന്നു അനില്‍ കുംബ്ലെയുടെ പ്രതികരണം. വേണ്ടാത്ത റണ്‍സിനാണ് ജയ്സ്വാള്‍ ഓടിയതെന്നും ഇരട്ട സെഞ്ചറിയാണ് അതിന് വിലയായി നല്‍കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. മിഡോഫിലേക്ക് നേരെ പോയ പന്താണ്, റണ്‍സിന് ഒരു സാധ്യതയുമില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗില്ലിന്‍റെ സ്വാര്‍ഥതയാണ് ജയ്സ്വാളിനെ പുറത്താക്കിയതെന്ന വിമര്‍ശനവും സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുന്നുണ്ട്. കേവലം ദൗര്‍ഭാഗ്യമല്ലെന്നും ഗില്ലിന് കണക്കു കൂട്ടാന്‍ സാധിക്കണമായിരുന്നുവെന്നും വിഡിയോ പങ്കുവച്ച് ആളുകള്‍ കുറിച്ചു.