മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററാകുമോ? സാധ്യതയുണ്ടന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2026 ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ധോണിയെ ടീമിന്‍റെ ഭാഗമാക്കാന്‍ BCCI ശ്രമിക്കുന്നതായാണ് വിവരം. സീനിയര്‍ ടീമില്‍ മാത്രമല്ല, ജൂനിയര്‍, വനിതാ ക്രിക്കറ്റ് ടീമിലും ക്യാപ്റ്റന്‍ കൂളിന്‍റെ സേവനം പ്രയോജനപ്പെടുത്താനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.
പക്ഷെ ബിസിസിഐയുടെ ഓഫര്‍ ധോണി ഇതുവരെ സ്വീകരിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചുമതലകളുള്ളതും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്‍റെ സാന്നിധ്യവുമെല്ലാം ധോനിയുടെ തീരുമാനത്തെ സ്വാധീനിച്ചേക്കാം. ചെന്നൈക്കായി താരം അടുത്ത സീസണില്‍ കളിക്കുമോ എന്നുറപ്പില്ല. ഐപിഎല്ലില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍ താരത്തിന്‍റെ സേവനം ഇന്ത്യന്‍ ടീമിന് ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ കിരീടം നേടിയ നായകനാണ് ധോണി. മൂന്ന് ഐസിസി കിരീടങ്ങളാണ് നായകനായി ധോണി സ്വന്തമാക്കിയത്. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാംപ്യന്‍സ് ട്രോഫി എന്നിവയില്‍ ധോണി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് എംഎസ്‍ഡി. യുവതാരങ്ങളെ വാര്‍ത്തെടുക്കാനുള്ള വൈഭവവും എടുത്തു പറയേണ്ടതാണ്. ഇതെല്ലാം പരിഗണിച്ചാണ് ക്രിക്കറ്റ് ബോര്‍ഡ് മെന്‍റര്‍ റോളില്‍ ധോണിയെ പരിഗണിക്കുന്നത്.
2021ൽ വിരാട് കോലി നായകനായ ടീമിന്‍റെ മെന്‍ററായിരുന്നു ധോണി. രവി ശാസ്ത്രിയായിരുന്നു അന്ന് മുഖ്യ പരിശീലകൻ. എന്നാൽ ടൂർണമെന്‍റിൽ ഇന്ത്യ മോശം പ്രകടനമായിരുന്നു പുറത്തെടുത്തത്. പാകിസ്ഥാനെതിരെ ഒരു ലോകകപ്പ് മല്‍സരത്തില്‍ ഇന്ത്യ അന്ന് ആദ്യമായി പരാജയപ്പെട്ടു. നോക്ക് ഔട്ട് സ്‌റ്റേജിലേക്ക് കടക്കാനും ഇന്ത്യക്ക് സാധിച്ചില്ല.
അതേസമയം ചെന്നൈ സൂപ്പര്‍ കിങ്സ് ധോണിക്ക് പകരക്കാരനായി സഞ്ജു സാംസനെ ലക്ഷ്യമിടുന്നുണ്ട്. അവസാനഘട്ടത്തിലാണ് ധോണിയുടെ ഐപിഎല്‍ കരിയര്‍. തല എത്രകാലം ചെന്നൈ ടീമില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പകരം മറ്റൊരു വിക്കറ്റ്കീപ്പറെയും ടീമിന് വേണം. ഇതെല്ലാം കണക്കിലെടുത്താണ് മലയാളിതാരത്തെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിക്കുന്നത്.