ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് തോറ്റതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് മേല്‍ സമ്മര്‍ദമേറുന്നു. ഗംഭീര്‍ ആവശ്യപ്പെട്ട കളിക്കാരെയും ചോദിച്ച എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിട്ടും ജയിക്കാവുന്ന മല്‍സരം തോറ്റത് ക്ഷമിക്കാനാകുന്നതല്ലെന്നാണ് മുന്‍താരങ്ങളുടെ വിലയിരുത്തല്‍. ടെസ്റ്റിലെ ഇന്ത്യയുടെ പ്രകടനം ദയനീയമാണെന്നും മികച്ച ഫലം ഉണ്ടാക്കി കാണിക്കാന്‍ ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ സ്ഥാനം തെറിക്കുമെന്നുമാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര പറയുന്നത്.
ന്യൂസീലാന്‍ഡിനെതിരെയും ഓസീസിനെതിരെയും ടെസ്റ്റില്‍ ദയനീയ തോല്‍വിയാണ് ഇന്ത്യ നേരത്തെ ഏറ്റുവാങ്ങിയിരുന്നത്. തലമുറമാറ്റവുമായി ഇംഗ്ലണ്ടിലേക്കെത്തിയ ഗില്ലും സംഘവുമാവട്ടെ അഞ്ചു വിക്കറ്റിനാണ് ആദ്യ ടെസ്റ്റില്‍ തോറ്റത്. ഇനിയും ജയിച്ചില്ലെങ്കില്‍ ഗംഭീറിന്‍റെ നില കൂടുതല്‍ പരുങ്ങലിലാകുമെന്ന് വിശദമായാണ് ആകാശ് സമര്‍ഥിക്കുന്നത്.
ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയ്ക്ക് പിന്നാലെ രോഹിതും കോലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു. പകരം നായക സ്ഥാനത്തേക്കെത്തിയ ഗില്ലിന് മേല്‍ പ്രായവും പരിചയസമ്പത്തുമെല്ലാം വിലയിരുത്തുമ്പോള്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നേക്കില്ലെങ്കിലും ഗംഭീറിന്‍റെ കാര്യത്തില്‍ അതാവില്ല സ്ഥിതി. ടെസ്റ്റ് ടീമിനെ പഠിച്ചെടുക്കാനും ടീം അംഗങ്ങളുമായി ബന്ധം സ്ഥാപിക്കാനും ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന് കുറച്ച് കൂടി സമയം ആവശ്യമായി വരും. അത് സ്വാഭാവികമാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ടീം മികച്ച പ്രകടനം പുറത്തെടുത്താല്‍ എല്ലാവരും നേട്ടം പങ്കിടാനുണ്ടാകും. തോല്‍വികളില്‍ ഭാരമെല്ലാം ക്യാപ്റ്റന്‍റെയും കോച്ചിന്‍റെയും ചുമലുകളിലേക്ക് മാത്രം ചുരുങ്ങുമെന്നും ആകാശ് ചോപ്ര പറയുന്നു.
ഗംഭീര്‍ കോച്ചായതിന് ശേഷം കളിച്ച ഒന്‍പത് ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയം നേടാനായത്. കിവീസ് ഇന്ത്യയ്ക്ക് മേല്‍ വൈറ്റ് വാഷ് ജയം നേടിയപ്പോള്‍ കമിന്‍സും സംഘവും 3–1നാണ് പരമ്പര ജയിച്ചത്. ബംഗ്ലദേശിനെതിരെ കഴിഞ്ഞ വര്‍ഷം നേടിയ ഒരു ടെസ്റ്റ് പരമ്പര മാത്രമാണ് ഗംഭീറിന് പേരിനെങ്കിലും പറയാനുള്ളത്. രണ്ടാം ടെസ്റ്റില്‍ ബുംറ കളിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ഗംഭീറിന് മേല്‍ സമ്മര്‍ദമേറുകയാണ്. ബുംറ കളിച്ചിട്ടും 20 വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്ന ടീം ഇന്ത്യയ്ക്ക് എങ്ങനെയാണ് ബുംറയുടെ അഭാവത്തില്‍ ജയം നേടാനാകുകയെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം.