ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് സൗരവ് ഗാംഗുലി. ആക്രമണോല്‍സുക ക്യാപ്റ്റന്‍സിക്ക് പേരുകേട്ട വിരാട് കോലിക്കും മാതൃക സാക്ഷാല്‍ ദാദയായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്‍റെ മികച്ച ഓപ്പണര്‍ ആരെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് താരം. സുനില്‍ ഗവാസ്കറിനുശേഷം ഇന്ത്യ കണ്ട മികച്ച ഓപ്പണര്‍ ആരെന്ന ചോദ്യത്തിന് സച്ചിന്‍ തെന്‍ഡുല്‍ക്കറെയും രോഹിത് ശര്‍മയുടെയും പേര് അദ്ദേഹം പരാമര്‍ശിച്ചില്ല. The Greatest Rivalry - India vs Pakistan എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയുടെ ട്രെയ്ലറിലാണ് ഗാംഗുലിയുടെ പരാമര്‍ശം. ഡോക്യുമെന്‍ററി ഫെബ്രുവരി7ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.
സുനില്‍ ഗവാസ്കറിനുശേഷം ഇന്ത്യ കണ്ട മികച്ച ഓപ്പണര്‍ വീരേന്ദര്‍ സേവാഗാണെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. സുഹൃത്തുക്കളും പഴയ ടീംമേറ്റ്സുമായിട്ടും സച്ചിനും രോഹിത് ശര്‍മയും ഗാംഗുലിയുടെ ലിസ്റ്റില്‍ ഇടംപിടിച്ചില്ലെന്നതാണ് ആരാധകര്‍ കൗതുകത്തോടെ കാണുന്നത്.മധ്യ നിര ബാറ്റ്സ്മാനായി കരിയര്‍ തുടങ്ങിയ സെവാഗ് ഗാംഗുലിയുടെ നിര്‍ദേശപ്രകാരം പിന്നീട് ഓപ്പണറായി മാറുകയായിരുന്നു. പിന്നീട് നടന്നത് ചരിത്രം. 'മധ്യനിരയില്‍ കളിക്കാന്‍ നിരവധിയാളുകളുണ്ട്. ഞാന്‍, ടെണ്ടുല്‍ക്കര്‍, ദ്രാവിഡ്, ലക്ഷ്മണ്‍, ഇന്ത്യന്‍ ടീമില്‍ കളിക്കണമെങ്കില്‍ നീ ഓപ്പണ്‍ ചെയ്യണം..' എന്നായിരുന്നു സേവാഗിനോട് ഗാംഗുലിയുടെ ഉപദേശം. രോഹിതും സമാനരീതിയില്‍ ധോണിയുടെ ഉപദേശപ്രകാരം ഓപ്പണര്‍ റോളിലേക്ക് വന്നയാളാണ്.
മുന്‍ ഇന്ത്യന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായിരുന്ന സേവാഗ് ആദ്യ ഏകദിനം കളിക്കുന്നത് 1999ല്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ്.2001ല്‍ സൗത്ത് ആഫ്രിക്കക്കെതിരെയായിരുന്നു ആദ്യ ടെസ്റ്റ്. ടെസ്റ്റില്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ചറികളുള്ള ഏക ഇന്ത്യന്‍ ബാറ്ററും ഈ നേട്ടം കൈവരിച്ച നാലാമത്തെ ബാറ്ററും വീരുതന്നെ. ഡോൺ ബ്രാഡ്‌മാൻ, ക്രിസ് ഗെയ്ൽ, ബ്രയാൻ ലാറ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ. 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരെ 219 റൺസ് നേടിയ സേവാഗ് ഏകദിന ക്രിക്കറ്റിലും ഇരട്ട സെഞ്ചറി നേടിയിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ, 23 ശതകങ്ങളും 32 അർദ്ധ സെഞ്ചറികളും നേടിയിട്ടുണ്ട്. 2010-ൽ 10 ടെസ്റ്റ് മത്സരങ്ങളിൽ 1,282 റൺസ് നേടുകയും (ആറ് സെഞ്ചറികള്‍ ഉൾപ്പെടെ) അക്കൊല്ലം ഐസിസി ടെസ്റ്റ് പ്ലേയർ ഓഫ് ദ ഇയർ ബഹുമതി നേടുകയും ചെയ്തു.
ഏകദിനത്തില്‍ 15 സെഞ്ചറികളും 38 അര്‍ധ സെഞ്ചറികളുമാണ് സേവാഗിന്‍റെ സമ്പാദ്യം. ‘നജ്ഫ്ഗഡിന്റെ നവാബ്’ എന്നറിയപ്പെട്ടിരുന്ന ഈ വലങ്കയ്യന്‍ ബാറ്റര്‍ ബോളര്‍മാരുടെ പേടിസ്വപ്നമായിരുന്നു. അതിവേഗം റൺസ് നേടാനുള്ള മനോഭാവവും ആകാംക്ഷഭരിതമായ ബാറ്റിംഗും കൊണ്ട് സേവാഗ് വളരെ വേഗത്തില്‍ ആരാധകരെ സമ്പാദിച്ചു. രാജ്യത്തിനായി എല്ലാ ഫോർമാറ്റുകളിലുമായി 16,000-ത്തിലധികം റൺസാണ് താരം നേടിയിട്ടുള്ളത്.