Image Credit:x/wwe

  • ചികിത്സയ്ക്കായി സൗദി അറേബ്യയിൽ തുടരേണ്ടിവന്ന റീഡിന് ശസ്ത്രക്രിയയും നടത്തിയിരുന്നു. നവംബർ 17ന് ചികിത്സയ്ക്കുശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു

ഓസ്ട്രേലിയൻ പ്രഫഷനല്‍ ഗുസ്തി താരം ബ്രോൺസൺ റീഡ്(ജെര്‍മെയ്ന്‍ ഹേലി) അന്തരിച്ചു. WWEയാണ് മരണവിവരം സ്ഥിരീകരിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് സൗദി അറേബ്യയിൽ നടന്ന ക്രൗൺ ജുവൽ മത്സരത്തിനിടെ 38കാരനായ റീഡിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഈ പരുക്കുകളാണോ മരണകാരണമായത് എന്നതില്‍ സ്ഥിരീകരണമില്ല. 

നവംബർ ഏഴിന് സൗദി അറേബ്യയിലെ റിയാദിൽ നടന്ന ക്രൗൺ ജുവൽ മത്സരത്തിനിടെയായിരുന്നു റീഡിന്  ഗുരുതരമായി പരുക്കേറ്റത്. ദ വിഷനും പെന്റയും ജെവോൺ ഇവാൻസും തമ്മിലുള്ള വേൾഡ് ടാഗ് ടീം ചാംപ്യന്‍ഷിപ്പ് മത്സരത്തിനിടെ റീഡ് ഇടപെട്ടു. ഇതിനിടെ ഒബ ഫേമി എത്തുകയും റാംപില്‍ നിന്ന് റീഡിനെ താഴേക്ക് എറിയുകയും ചെയ്തു. പ്രൊഡക്ഷൻ ഉപകരണങ്ങൾ ഉണ്ടായിരുന്ന ഭാഗത്തേക്കാണ് റീഡ് വീണത്.  

ഒന്നിലധികം വാരിയെല്ലുകൾക്ക് പൊട്ടലും വൃക്കയ്ക്ക് ഗുരുതരമായ മുറിവും സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ചികിത്സയ്ക്കായി സൗദി അറേബ്യയിൽ തുടരേണ്ടിവന്ന റീഡിന് ശസ്ത്രക്രിയയും നടത്തിയിരുന്നു. നവംബർ 17ന് ചികിത്സയ്ക്കുശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.  ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന് WWEയുടെ പ്രസ്താവനയിൽ പറയുന്നു. 

1988 ഓഗസ്റ്റ് 25ന് ഓസ്ട്രേലിയയിലെ അഡ്​‌ലെയ്ഡിലാണ് ജെർമെയ്ൻ ഹേലി  ജനിച്ചത്. ഗുസ്തി ലോകത്ത് ബ്രോൺസൺ റീഡ് എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹം ജോണാ റോക്ക്, ജോണാ തുടങ്ങിയ പേരുകളിലും മത്സരിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ പ്രാദേശിക ഗുസ്തി വേദികളിലൂടെയാണ് കരിയർ ആരംഭിച്ചത്. പിന്നീട് അന്താരാഷ്ട്ര മത്സരങ്ങളിൽ ശ്രദ്ധേയനായ താരം 2019ൽ WWEയുമായി കരാറിലെത്തി. NXTയിലൂടെയായിരുന്നു WWEയിലെ വളർച്ച. NXT നോർത്ത് അമേരിക്കൻ ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയത് നിര്‍ണായകമായി.  

2021ൽ WWEയിൽനിന്ന് പുറത്തായെങ്കിലും കരിയർ അവസാനിപ്പിക്കാൻ റീഡ് തയ്യാറായിരുന്നില്ല. 2022 ഡിസംബറിൽ വീണ്ടും WWEയിൽ തിരിച്ചെത്തി. റോയില്‍ ദ മിസിനെ സഹായിച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്.  രണ്ടാം വരവിൽ റീഡ് ശ്രദ്ധേയ ഹെവിവെയ്റ്റ് താരമായി മാറി. ആന്ദ്രെ ദ ജയന്റ് മെമ്മോറിയൽ ബാറ്റിൽ റോയൽ വിജയിച്ചത് കരിയറിലെ പ്രധാന നേട്ടമായി. പിന്നീട് സേത്ത് റോളിൻസ്, ബ്രോൺ ബ്രേക്കർ, പോൾ ഹെയ്മൻ എന്നിവർക്കൊപ്പം ദ വിഷൻ എന്ന സംഘത്തിന്റെ ഭാഗമായി. 

ENGLISH SUMMARY:

Australian WWE wrestler Bronson Reed, whose real name was Jermaine Haley, has passed away at the age of 38. WWE confirmed his death, citing health complications. Reed had reportedly suffered serious injuries during the Crown Jewel event in Saudi Arabia, including multiple broken ribs and a kidney injury. However, a direct link between the injuries and his death has not been confirmed.