20 വർഷത്തിന് ശേഷം ആഫ്രിക്കയിലേക്ക് മടങ്ങിയെത്തി ഡാക്കർ റാലി. 2027 പതിപ്പിന് പോർച്ചുഗലും മൊറോക്കോയും വേദിയാകും. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് സൗദി അറേബ്യയില്‍ നിന്ന് മല്‍സരവേദി മാറ്റുന്നത്.

ലോകത്തിലെ ഏറ്റവും അപകടകരവും സാഹസികവുമായ ഓഫ് റോഡ് മോട്ടർ റേസിങ് മത്സരമാണു ഡാക്കർ റാലി. 2027ലെ 49-ാം പതിപ്പിന് പോർച്ചുഗലും മൊറോക്കോയും സംയുക്തമായി വേദിയാകും. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും സുരക്ഷാ ആശങ്കകളും കണക്കിലെടുത്താണ് സൗദി അറേബ്യയിൽ നിന്ന് വേദിമാറ്റുന്നത്. സൗദിക്കുള്ളിൽ തന്നെ മറ്റൊരു റൂട്ട് പരിഗണിച്ചെങ്കിലും പിന്നീട് മത്സരം പൂർണമായും മാറ്റാൻ തീരുമാനിക്കുകയായിരുന്നു. അമൗറി സ്പോർട്സ് ഓർഗനൈസേഷൻ പ്രഖ്യാപിച്ച പുതിയ മത്സരക്രമമനുസരിച്ച് പോർച്ചുഗലിലെ അൽഗാർവ് മേഖലയിലായിരിക്കും റാലിയുടെ തുടക്കം. 

ആദ്യ പ്രൊലോഗും ആദ്യ മത്സരഘട്ടവും പോർച്ചുഗലിൽ നടക്കും. തുടർന്ന് മത്സരാർഥികൾ മെഡിറ്ററേനിയൻ കടൽ കടന്ന് മൊറോക്കോയിലേക്ക് നീങ്ങും. ശേഷിക്കുന്ന 11 ഘട്ടങ്ങൾക്ക് മൊറോക്കോ വേദിയാകും. അഗാദിറിലായിരിക്കും വിശ്രമദിനം. മൊറോക്കോയിലെ മാരക്കേഷിൽ റാലി സമാപിക്കും. ആകെ 7,824 കിലോമീറ്ററാണ് മത്സരത്തിന്റെ ദൂരം. 1978-ലാണ് ഡാക്കർ റാലിക്ക് തുടക്കമായത്. ഫ്രാൻസിലെ പാരിസിൽ നിന്ന് സെനഗലിന്റെ തലസ്ഥാനമായ ഡാക്കറിലേക്കുള്ള സാഹസിക യാത്രയായിരുന്നു ആദ്യ പതിപ്പുകളുടെ പ്രത്യേകത.

ENGLISH SUMMARY:

Dakar Rally 2027 returns to Africa after twenty years, with Portugal and Morocco hosting the upcoming edition due to regional security concerns in Saudi Arabia. Spanning 7,824 kilometers, this iconic off-road motor racing event promises extreme adventure across new challenging terrains.