ബീജിങ്ങിൽ നടന്ന പ്രശസ്തമായ 'ഹൈറോക്സ്' (HYROX) ഫിറ്റ്നസ് മത്സരത്തിനിടെ മലവിസർജനം നടത്തിയിട്ടും മത്സരം പൂർത്തിയാക്കി ഒന്നാമതെത്തിയ ഓസ്ട്രേലിയൻ താരം ജൊവാന വെട്രെക് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ഒടുവിൽ മാപ്പുപറയുകയും തനിക്ക് ലഭിച്ച വിജയം വേണ്ടെന്നുവെക്കുകയും ചെയ്തിരിക്കുകയാണ് താരം. സെപ്റ്റംബർ 12-ന് നടന്ന 'ഹൈറോക്സ് ബീജിങ്' പ്രോ വിഭാഗത്തിലാണ് 24-കാരിയായ ജൊവാന 1:01:23 സമയം കൊണ്ട് ഒന്നാമതായി ഫിനിഷ് ചെയ്തത്. എന്നാൽ മത്സരത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വിസർജനം നടത്തിയിട്ടും ട്രാക്കിൽ നിന്നും മാറാതിരുന്നതും, മറ്റുള്ളവർ ഉപയോഗിക്കുന്ന കായിക ഉപകരണങ്ങളിൽ ഇത് പറ്റിപ്പിടിച്ചതും വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.   

മത്സരത്തിന് മുൻപ് തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ മത്സരത്തിനിടെ പിന്മാറാതിരുന്നതിൽ വലിയ ഖേദമുണ്ടെന്നും ജൊവാന വ്യക്തമാക്കി. ചൈനയിലെ ജനങ്ങളോടും സംഘാടകരോടും സഹമത്സരാർത്ഥികളോടും ക്ഷമ ചോദിച്ച താരം, മത്സരത്തിൽ നിന്ന് പിന്മാറാനും തനിക്ക് ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കാനും തീരുമാനിച്ചു.   

മത്സരാർത്ഥിയുടെ അവസ്ഥ കണ്ടിട്ടും അവരെ ട്രാക്കിൽ നിന്ന് ഉടൻ മാറ്റാതിരുന്നത് സംഘാടകരുടെ വലിയ വീഴ്ചയാണെന്ന് വിമർശനമുയർന്നു. തുടർന്ന് ഹൈറോക്സ് സഹസ്ഥാപകൻ മോറിറ്റ്‌സ് ഫർസ്റ്റെ പരസ്യമായി ക്ഷമാപണം നടത്തുകയും തങ്ങൾക്ക് വീഴ്ച സംഭവിച്ചതായി സമ്മതിക്കുകയും ചെയ്തു.  

സംഭവത്തിന് പിന്നാലെ ഹൈറോക്സ് തങ്ങളുടെ നിയമാവലി പരിഷ്കരിച്ചു. മത്സരത്തിനിടെ രക്തം, ഛർദ്ദി, മൂത്രം, മലം എന്നിവമൂലം ശുചിത്വ ഭീഷണിയോ മറ്റു മത്സരാർത്ഥികൾക്ക് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാൽ താരത്തെ മത്സരത്തിൽ നിന്ന് നീക്കം ചെയ്യാൻ റേസ് ഡയറക്ടർക്ക് അധികാരം നൽകുന്ന പുതിയ നിയമം ഏർപ്പെടുത്തി. ഓട്ടവും കഠിനമായ വ്യായാമമുറകളും കോർത്തിണക്കി ഇൻഡോർ സ്റ്റേഡിയങ്ങളിൽ സംഘടിപ്പിക്കുന്ന ആഗോള ഫിറ്റ്നസ് മത്സരമാണ് ഹൈറോക്സ്. ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ എപ്പോൾ പിന്മാറണം എന്ന് തിരിച്ചറിയുന്നത് വിജയത്തേക്കാൾ പ്രധാനമാണെന്ന വലിയ പാഠമാണ് ഈ സംഭവം നൽകിയതെന്ന് ജൊവാന കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Australian fitness athlete Johanna Wietrzyk (24) has publicly apologized and relinquished her title after creating a controversy during the HYROX Beijing fitness competition on September 12. Competing in the Pro division, Wietrzyk finished first with a time of 1:01:23 despite suffering an involuntary bowel movement mid-race. Continuing on the track and using shared fitness equipment raised intense public backlash over hygiene and safety concerns. In response, Wietrzyk expressed deep regret, apologized to organizers, fellow athletes, and Chinese fans, and voluntarily withdrew her placement and ranking points. Following the incident, HYROX co-founder Moritz Fürste issued a formal apology acknowledging organizational failure, and the sporting organization amended its global rulebook—granting Race Directors the power to immediately disqualify athletes if bodily fluids pose health and hygiene risks to others.