വനിതാ ഹോക്കി ഇന്ത്യ ലീഗ് സംരക്ഷിക്കണമെന്ന് ഇന്ത്യന്‍ ടീമിലെ താരങ്ങള്‍. നെതല്‍ലന്‍ഡ്സ് ആംസ്റ്റന്‍വീനില്‍ ലോകകപ്പിലെ പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണ് ആവശ്യം. സാമ്പത്തിക പ്രശ്നം കാരണം എച്ച്.ഐ.എല്‍ ഉപേക്ഷിക്കാന്‍ ആലോചനയിലാണ്.
ഹോക്കി ഇന്ത്യ ലീഗ് ദയവായി നിര്‍ത്തരുതെന്ന് ഫ്രൈഞ്ചൈസികളോടും സ്പോണ്‍സര്‍മാരോടും അഭ്യര്‍ഥിച്ച് ലോകകപ്പ് വനിതാ ഹോക്കി താരങ്ങള്‍. 1974 നു ശേഷം ഇന്ത്യന്‍ വനിതാ ടീം ലോക കപ്പില്‍ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനത്തിന് തൊട്ടരികെയെത്തിയതില്‍ ഹോക്കി ലീഗ് നിർണായക പങ്കുവഹിച്ചുവെന്ന് താരങ്ങൾ. ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച 11 പേർ ഉൾപ്പെട്ട ഇന്ത്യൻ ടീം, ഒളിംപിക് ചാംപ്യൻമാരായ നെതർലൻഡ്സിനോട് മാത്രമാണ് പരാജയപ്പെട്ടത്.
ആദ്യ മത്സരത്തിൽ ഒളിംപിക് വെള്ളി മെഡൽ ജേതാക്കളായ ചൈനയെ 2-2ന് സമനിലയിൽ തളച്ചിരുന്നു. ഓസ്‌ട്രേലിയയുമായുള്ള ഗോൾരഹിത സമനിലയോടെ സെമിഫൈനൽ സാധ്യതകൾ അവസാനിച്ച ഇന്ത്യ, ഇനി അഞ്ചാം സ്ഥാനത്തിനായി മത്സരിക്കും. ജയിച്ചാൽ 52 വർഷത്തിനിടയിലെ രാജ്യത്തിന്റെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനമാകും ഇത്. വനിതാ എച്ച്ഐഎൽ താരങ്ങള്‍ക്ക് വലിയ മുതൽക്കൂട്ടായെന്ന് മിഡ്ഫീല്‍ഡര്‍ നേഹ പറയുന്നു. 'കഴിഞ്ഞ രണ്ടു വർഷമായി വനിതാ എച്ച്ഐഎൽ ഞങ്ങൾക്ക് വലിയ മുതൽക്കൂട്ടായി. ജൂനിയർ, സീനിയർ നാഷണൽസ് തലത്തിൽ ഈ നിലവാരത്തിലുള്ള മത്സരം ലഭിക്കില്ല. ഈ ലോകകപ്പ് ടീമിലുള്ള ബൽജീത്, സാക്ഷി, റുതുജ തുടങ്ങിയ താരങ്ങളെ ലീഗ് ഞങ്ങൾക്ക് നൽകി. വളർന്നുവരുന്ന താരങ്ങൾക്കു വേണ്ടിയും ഈ ലീഗ് നിലനിൽക്കണം', നേഹ ആവശ്യപ്പെടുന്നു. 2024-25ൽ ഒഡീഷ വാരിയേഴ്സിനെ കന്നി എച്ച്ഐഎൽ കിരീടത്തിലേക്ക് നയിച്ചയാളാണ് നേഹ.
'കൂടുതൽ പ്രതിഭകളെ കണ്ടെത്താനും രാജ്യാന്തര ഹോക്കിയുടെ സമ്മർദം താങ്ങാൻ പെൺകുട്ടികൾക്ക് മികച്ച പരിശീലനം ലഭിക്കാനും എച്ച്ഐഎൽ നിർബന്ധമാണ്. വനിതാ ഹോക്കി ലീഗ് തുടരണ'മെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സലീമ ടെറ്റെയും പറഞ്ഞു. 'എച്ച്ഐഎൽ എനിക്ക് ആത്മവിശ്വാസം നൽകി, അത് ഈ ടൂർണമെന്റിൽ വളരെ പ്രയോജനപ്പെട്ടു. സമ്മർദം കൈകാര്യം ചെയ്യുന്നതിലാണ് കാര്യം', സാക്ഷിറാണ പറയുന്നു. പുനരാരംഭിച്ച വനിതാ ഹോക്കി ഇന്ത്യ ലീഗ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് താരങ്ങളുടെ ഈ അഭ്യർഥന.